കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന വളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാത്തതിനെ കുറിച്ചും പണം തിരിച്ചുനൽകാത്തതിനെ സംബന്ധിച്ചുമെല്ലാം നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ആപ്പ് വാങ്ങിയ രക്ഷിതാക്കളോടും മുൻജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതു മുതൽ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി.ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കൾ ബി.ബിസിയോട് പറഞ്ഞു. പറഞ്ഞരീതിയിലുള്ള സേവനങ്ങൾ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
പത്തു വർഷം മുൻപാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രക്ഷിതാക്കളെ നിരന്തരമായി ഫോണിൽ വിളിക്കുന്നതാണ് കമ്പനിയുടെ വിൽപന തന്ത്രങ്ങളിലൊന്ന്. എന്നാൽ റീഫണ്ടിനായി വിളിച്ചാൽ സെയിൽസ് ഏജൻറ്റുമാർ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ബിബിസിയോട് പറഞ്ഞു. ആപ്പിന്റെ സെയിൽസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോൺവിളികൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യയുള്ള ഉപഭോക്താവിനെ 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി.
ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകൾ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങൾ നൽകാത്തതും സംബന്ധിച്ച പരാതികളിൽ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികൾ ഉത്തരവിട്ടിരുന്നു.
Leave a Reply