പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.
ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.
സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.
Leave a Reply