ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.
നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.
ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.
എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.
ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.
കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.
എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.
Leave a Reply