ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.
പ്രകടനം മെച്ചപ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് മേല്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദമാണ് കുട്ടികളെ പരീക്ഷകളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നുതന്നെയും ഒഴിവാക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരം ഒഴിവാക്കലുകള്‍ക്ക് രേഖകള്‍ കാണില്ല. സ്‌കൂളുകള്‍ അനുവര്‍ത്തിച്ചു വരുന്ന ഈ രീതിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവാക്കപ്പെടുന്നത് പഠനവൈകല്യം പോലെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളായിരിക്കും. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂളുകള്‍ പിന്നോട്ടു പോകുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ ലോംഗ്ഫീല്‍ഡ് പ്രതികരിച്ചു.
ഒട്ടേറെ കുട്ടികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഈ പിഴവ് മൂലം പിന്തള്ളപ്പെടുന്നത്. കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തത് മൂലം നിരവധി കുട്ടികളുടെ ഭാവി ജീവിതം തന്നെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുട്ടികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസങ്ങളില്‍ സ്‌കൂളുകള്‍ കുട്ടികളെ ഒഴിവാക്കിയത് സംബന്ധിച്ച് 1704 കേസുകളാണ് തങ്ങള്‍ പരിഗണിച്ചതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് അറിയിച്ചു.
Leave a Reply