ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ക്യാൻസർ രോഗികൾക്ക് ജിപിയുടെ അടിയന്തിര റഫറലിന് ശേഷം പരമാവധി രണ്ട് മാസത്തിനുള്ളിൽ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നൽകണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ലാൻസറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ രോഗികളെ അവരുടെ ആശുപത്രിയിൽ ചികിത്സിക്കാൻ കഴിയില്ലെങ്കിൽ , എൻഎച്ച്എസ് (NHS) മറ്റൊരു ആശുപത്രിയിലോ സ്വകാര്യ മേഖലയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാൻ ബാധ്യസ്ഥരായിരിക്കണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

1999 മുതൽ ഡെൻമാർക്കിൽ ക്യാൻസർ രോഗികൾക്ക് 28 ദിവസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിതരക്ഷാ നിരക്ക് ഉയർത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങൾ വ്യക്തമാക്കുന്നു. യുകെയിൽ 2015 മുതൽ ഈ ലക്ഷ്യം പാലിക്കാൻ എൻഎച്ച്എസിന് സാധിച്ചിട്ടില്ലെന്നതാണ് പുറത്തു വരുന്ന കണക്കുകൾ കാണിക്കുന്നത് . നിയമാവകാശമില്ലാതെ ദേശീയ ക്യാൻസർ പദ്ധതി വെറും അധര വ്യായാമമായി മാറും എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത് .

ഇതോടൊപ്പം ക്യാൻസർ രോഗികൾക്ക് അവരുടെ ചികിത്സക്കായി വിദഗ്ദ്ധ ഡോക്ടർമാരെ ലഭിക്കാനുള്ള അവകാശവും നിയമം മൂലം സംരക്ഷിക്കപ്പെടണമെന്നും റിപ്പോർട്ടിൽ പറയുന്നു . ചികിത്സ വിജയകരമായി കഴിഞ്ഞാൽ അഞ്ച് വർഷത്തിന് ശേഷം രോഗചരിത്രം വെളിപ്പെടുത്തേണ്ടതില്ലെന്നും ഇതിലൂടെ ഇൻഷുറൻസ് കമ്പനികളും ബാങ്കുകളും പഴയ രോഗം പറഞ്ഞ് രോഗികളെ വിവേചിക്കാനോ അധിക നിരക്ക് ഈടാക്കാനോ പാടില്ലെന്നും ഉള്ള അഭിപ്രായവും ഉയർന്ന് വന്നിട്ടുണ്ട് .











Leave a Reply