ഫേസ്ബുക്കില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. സ്ഥാപനം പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. സ്ഥാപനം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതായി വ്യക്തമായിരുന്നു. ഡേറ്റ സംരക്ഷണം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഈ സംഭവത്തില്‍ ഫേസ്ബുക്കിന് വിപണിയിലുള്‍പ്പെടെ തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു.
ഫേസ്ബുക്കില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചെന്ന വെളിപ്പെടുത്തലുകള്‍ മൂലം തങ്ങളുടെ ഇടപാടുകാര്‍ നഷ്ടമായെന്നും ബിസിനസ് മുന്നോട്ടു കൊണ്ടാപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്നും പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അമേരിക്കയിലും യുകെയിലും കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കമ്പനി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യുകെയിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിലും ഫേസ്ബുക്ക് ഡേറ്റ ഇവര്‍ ദുര്‍വിനിയോഗം ചെയ്യുകയും ഇവ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങള്‍ വിഭാവനം ചെയ്യുകയും ചെയ്തതയാണ് വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വെളിപ്പെടുത്തലിനു പിന്നാലെ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അമേരിക്കന്‍ സെനറ്റ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
Leave a Reply