ലണ്ടന്‍: ലണ്ടനില്‍ ജനങ്ങള്‍ ഒത്തുചേരുന്ന പ്രധാന പ്രദേശങ്ങളിലൊന്നായ കാംഡെന്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ക്കറ്റിലെ ഒരു കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. എട്ട് ഫയര്‍ എന്‍ജിനുകളും 60ഓളം അഗ്നിശമന സേനാംഗങ്ങളെയും ആദ്യഘട്ടത്തില്‍ പ്രദേശത്തേക്ക് അയച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. പിന്നീട് കൂടുതല്‍ ഫയര്‍ എന്‍ജിനുകളെയും അഗ്നിശമന സേനാംഗങ്ങളെയും പ്രദേശത്തേക്ക് നിയോഗിച്ചെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറഞ്ഞു. പ്രദേശത്ത് നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന് ബ്രിഗേഡ് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കെട്ടിടത്തിന്റെ മൂന്ന് നിലകളിലും മേല്‍ക്കൂരയിലും തീ പടര്‍ന്നതായും ബ്രിഗേഡ് അറിയിച്ചു. കെന്റിഷ് ടൗണ്‍, യൂസ്റ്റണ്‍, സോഹോ, പാഡിംഗ്ടണ്‍, ഹോളോവേ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീപ്പിടിത്തത്തിന്റെ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ബ്രിഗേഡ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്ന് വലിയ ഉയരത്തില്‍ തീ ആളിപ്പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വളരെ വേഗമാണ് തീ പടര്‍ന്നത്. ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. റെസ്‌റ്റോറന്റുകളും അവയുടെ കിച്ചനുകളും ഉള്ളതിനാല്‍ കെട്ടിടത്തല്‍ നിന്ന് ഒരു പൊട്ടിത്തെറി ഏതി നിമിഷവും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.
ഉണ്ടായത് വന്‍ തീപ്പിടിത്തമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ 1000ത്തിലധികം സ്റ്റാളുകള്‍ ഉണ്ടെന്നാണ് വിവരം. നോര്‍ത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ഇടമായ ഈ മാര്‍ക്കറ്റ് വൈകിട്ട് 7 മണിക്ക് സാധാരണ അടക്കാറുള്ളതാണ്. തീപ്പിടിത്തത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Leave a Reply