ഡിയോൺ വർഗ്ഗീസ് റെനി
ജീവിതത്തിൽ നിരവധി അനുഭവങ്ങളുണ്ട്. ഈ അനുഭവങ്ങളിൽ ചിലത് നമ്മോട് ചേർന്നുനിൽക്കുന്നു. കാരണം അവ നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകിയ ആഴത്തിലുള്ള അർത്ഥങ്ങളും മൂല്യങ്ങളുമാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യ രചന നൽകിയപ്പോൾ എനിക്കുണ്ടായത്. നാടും നാട്ടിലെ ഓർമ്മകളും എക്കാലത്തും പ്രവാസിക്കൊരു നൊമ്പരമാണ്. ഓണത്തെ കുറിച്ചുള്ള ഓർമ്മ തീരാനൊമ്പരമാണ്. തിരക്കേറിയ പ്രവാസലോകത്തിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കാണ് നേരം .
ജീവിതത്തിലെ ഇരുൾ നിറഞ്ഞ ഏകാന്ത നിമിഷങ്ങളിൽ, പ്രത്യാശയുടെ ഒരു കെടാവിളക്ക് പോലെ കത്തിജ്വലിക്കുകയാണ് ഓർമ്മയിലെ ഓണം . നാട്ടിലെ ഓണത്തിൽ നിന്നും വ്യത്യസ്ത മായി പ്രവാസലോകത്തെ ഓണം എനിക്ക് വല്ലാത്ത നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ കുറിച്ച കവിതയാണ് ഓർമ്മയിലെ ഓണം .
വ്യവസായവും മറ്റു സാമ്പത്തിക മേഘലകളിലും മുൻ പന്തിയിൽ ഉള്ള ഗൾഫ് രാജ്യങ്ങൾ പ്രത്യേകമായി യു എ ഇ അക്ഷരങ്ങൾക്കും അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും പ്രാധാന്യം നൽകുന്ന നാടാണ്. യു എ ഇ യുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ആയിട്ടുള്ള ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമിയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പ്രവാസ ലോകത്തെ ഒട്ടനവധി രചയിതാക്കൾക്ക് താങ്ങും തണലുമാണ്. വായനക്കാർക്കും എഴുത്തുകാർക്കും ഒരു പോലെ പ്രചോദനം നൽകുന്ന അക്ഷരങ്ങളുടെ ഭവനമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള സാഹിത്യ രചനകളും മറ്റു കലാ സൃഷ്ടികളും സമൂഹത്തോട് പങ്ക് വെയ്ക്കാനുള്ള വേദിയും കൂടിയാണ് ഈ പുസ്തകോത്സവം.
മരുഭൂമിയുടെ മണലാരുണ്യത്തിന്റെ നടുവിൽ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും തനിമ ഉയർത്തി കാട്ടുവാൻ ഈ പുസ്തകോത്സവം ഏറെ സഹായിക്കുന്നു. യുഎഇയിലെ പ്രമുഖ റേഡിയോ മാദ്ധJമപ്രവർത്തകരിൽ ഒന്നാണ് ക്ലബ് എഫ്എം. പാട്ടിലൂടെയും മറ്റു പരിപാടികളിലൂടെയും മലയാളിക്ക് തന്റെ മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്താൻ സഹായിക്കുകയാണ് ക്ലബ് എഫ്എം. ക്ലബ് എഫമിന്റെ നേതൃത്വത്തിൽ ഇറക്കിയ കിത്താബ് എന്ന പുസ്തകത്തിലൂടെയാണ് എന്റെ സർഗ്ഗ സൃഷ്ടി സമൂഹത്തോടു പങ്ക് വെക്കാൻ സാധിച്ചത്. ഒട്ടനവധി കഥകളും കവിതകളും അടങ്ങിയ ഈ പുസ്തകത്തിന്റെഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത് പത്മശ്രീ ഭരത് മമ്മൂട്ടി ആയിരുന്നു . അദ്ദേഹം ഉൽഘാടന വേളയിൽ പറഞ്ഞതു പോലെ ഒരോ കഥയിൽ ഒരോ കവിതയും ഒരോ കവിതയിൽ ഒരോ കഥയുമുണ്ട്.
അനേകം രചയിതാക്കളുടെ കഥകളുടേയും കവിതകളുടേയും ഇടയിൽ എന്റെ നാടിന്റെ ആവേശമായ ഓണത്തെക്കുറിച്ച് അതിന്റെ ഓർമ്മകളെക്കുറിച്ച് എഴുതാൻ സാധിച്ചതിൽ ഞാൻ ദൈവത്തോടുള്ള നന്ദി അറിയിക്കുന്നു. ഇത്തരത്തിൽ ഒരു സാഹചര്യമൊരുക്കിയ ക്ലബ് എഫ്എം, പുസ്തക പ്രസാധകർ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, മറ്റു ഭാരവാഹികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ഓണത്തെക്കുറിച്ചുള്ള എന്റെ കുഞ്ഞു മനസ്സിലെ അനുഭവങ്ങൾ സമൂഹത്തിലേക്ക് പങ്ക് വെക്കുവാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു.
ഹരിത ഭൂമിയിലെ ഓണവും മണലാരണ്യത്തിലെ ഓണവും വേർതിരിച്ചറിയാൻ എന്നെ അത് ഇടയാക്കി. എന്റെ നാടിന്റെ ഉത്സവത്തെ പറ്റി ഒരു രചന രചിക്കുവാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. മലയാളി പ്രവാസികളുടെ വികാരമായ ഓണത്തെക്കുറിച്ചാണ് ഓർമ്മയിലെ ഓണം എന്ന എന്റെ കവിത സമൂഹത്തെ അറിയിക്കുന്നത്. മനുഷ്യജീവനിലേക്ക് രാഗം പകർന്നു നൽകുന്ന ഒരു ഓർമ്മയാണ് ഓണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ രചന ഇടയാക്കി. ഓണം ഒരു പ്രണയമാണ്, കണ്ടിട്ടും കേട്ടിട്ടും ഉണ്ടിട്ടും ആഘോഷിച്ചിട്ടും തീരാത്ത പ്രണയം. മലയാളിയുള്ള എക്കാലത്തും നിലനിൽക്കട്ടെ ഈ പ്രണയം ഓർമ്മയിലെ ഓണം.
ഡിയോൺ വർഗ്ഗീസ് റെനി
തിരുവല്ല മാർത്തോമ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആണ് (B.A English language and literature). സാഹിത്യമെന്ന മഹാ സമുദ്രത്തെ ഇഷ്ടമുള്ള ഒരു മനുഷ്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം. മലയാളത്തിൽ കവിതകൾ കഥകൾ എഴുതിയിട്ടുണ്ട്. ആദ്യ രചന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധികരിച്ച ഓർമ്മയിലെ ഓണം എന്ന കവിത. പ്രവാസി വിദ്യാർത്ഥി ആണെങ്കിലും മാതൃഭാഷയിൽ രചനകൾ രചിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങളിലൂടെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ ആശയങ്ങൾ ലോകത്തോടു പങ്ക് വെയ്ക്കാൻ സഞ്ചരിക്കുന്ന സാഹിത്യ സഞ്ചാരി.
Leave a Reply