മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണെന്നും മറ്റുള്ളവര്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും റിമ പറഞ്ഞു.

‘എന്റെ വസ്ത്ര ധാരണം പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോള്‍ ചൂടു നല്‍കുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാല്‍ എങ്ങനെ ശരിയാകും?’

‘എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാന്‍ ചെറിയ സ്‌കര്‍ട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്‌നവുമില്ലെന്നേ. പക്ഷേ, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങള്‍ക്കതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല.’

‘സൈബര്‍ ഗുണ്ടകള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ്. നിഷ്‌കരുണം അവഗണിക്കുന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരെ പൂര്‍ണമായും അവഗണിക്കുന്ന കാലം വരും.’

‘സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്ന ഒരുപാട് ആണുങ്ങള്‍ വേറെയുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ പറഞ്ഞു.