ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്പിനെ പ്രതിസന്ധിയിലാക്കി കോവിഡ് രോഗവ്യാപനവും മരണവും കുത്തനെ ഉയരുന്നു. ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് മാറുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. ഇത് യുകെയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാലത്ത് കോവിഡ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാക്സിൻ വികസിപ്പിച്ചശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ദേശീയ ലോക്ക്ഡൗൺ ആരംഭിച്ചു. നെതർലൻഡ്, ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലേതുപോലെ തന്നെ ബ്രിട്ടനിൽ കേസുകൾ ഉയരുന്നുണ്ട്. ഒരാഴ്ച കൊണ്ട് കോവിഡ് വ്യാപനതോത് 13.1 ശതമാനം വർധിച്ചുവെങ്കിലും മരണനിരക്കും ആശുപത്രി പ്രവേശനവും കുറവാണ്.
ജൂലൈ പകുതിയോടെ ലോക്ക്ഡൗൺ പിൻവലിക്കാൻ യുകെ തയ്യാറായി. തുടർന്ന് കോവിഡ് വകഭേദങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചു. ഇത് വൈറസിനെതിരെയുള്ള സ്വാഭാവിക പ്രതിരോധശേഷി കൂടുതല്‍ പേരില്‍ ഉണ്ടാകാന്‍ കാരണമായി. വാക്സിൻ വിതരണം ലക്ഷ്യം കണ്ടതോടെ ശൈത്യകാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. ബൂസ്റ്റർ ഡോസ് കാരണം 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടു.
ഇതോടെ വാക്സിനേഷനും കോവിഡും മൂലമുണ്ടായ രോഗ പ്രതിരോധശേഷി രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ പറഞ്ഞു. കോവിഡിന്റെ അഞ്ചാംതരംഗം രാജ്യത്ത് മിന്നൽവേഗത്തിൽ വ്യാപിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളേർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു.
Leave a Reply