ലണ്ടന്‍: യു.കെയില്‍ പകുതിയിലേറെ മോഷണങ്ങളും നടക്കുന്നത് വീട്ടുകാര്‍ സ്ഥലത്തുള്ളപ്പോഴാണെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ ആളുകള്‍ ഉണ്ടായിട്ടും മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് മോഷണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഷണം പെരുകുന്നതിന് പിന്നാലെ പോലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം തടയിടുന്നതിലും മോഷ്ടാവിന് പിടികൂടുന്നതിലും പോലീസ് ജാഗ്രത കുറവ് കാണിക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞാല്‍ അവരെത്താന്‍ ഉണ്ടാകുന്ന താമസം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.

പോലീസിന്റെ അനാസ്ഥ മോഷ്ടാക്കള്‍ക്ക് കുറ്റകത്യങ്ങള്‍ തുടരാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി ക്യാംപെയ്‌നേഴ്‌സ് കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഇത്തരം അനാസ്ഥകളാണ് പ്രധാനമായും രാജ്യത്ത് മോഷണ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും ക്യാംപെയ്‌നേഴ്‌സ് ചൂണ്ടിക്കാണിച്ചു. പോലീസില്‍ പിടിക്കപ്പെടുമെന്നും നിയമനടപടിക്കിരയാകേണ്ടി വരുമെന്നുള്ള പേടി കുറ്റവാളികള്‍ക്ക് നഷ്ടപ്പെട്ടതായും ക്യാംപെയ്‌നേഴ്‌സ് പറയുന്നു. 58 ശതമാനം മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വീട്ടുകാര്‍ അകത്തുള്ളപ്പോയാണ്. മോഷണവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 77കാരിയായ മൗറീന്‍ വെയില്‍ മോഷണം തടയാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യു.കെയില്‍ നടക്കുന്ന മോഷണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിരുന്നു. വീടിനുള്ളിലേക്ക് അക്രമി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതായി മൗറീന്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം കാര്യമായി എടുത്തില്ലെന്നാണ് ആരോപണം. മൗറീന്‍ അയല്‍വീടുകളിലും സമാന മോഷണം ചൊവ്വാഴ്ച്ച നടന്നിരുന്നു. തന്റെ വീടിന് സമീപത്തായി ഗ്യാംഗുകള്‍ വളരുന്നതായി മൗറീന്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.