ഒന്റാരിയോ: ഇന്ത്യന്‍ സിഖ് വംശജന്‍ കാനഡയുടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്റാരിയോ പ്രവിശ്യയില്‍ നിന്നുള്ള ജനപ്രതിനിധിയായ ജഗ്മീത് സിങ് ആണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ വെളുത്തവംശജനല്ലാത്ത ആദ്യ നേതാവ് എന്ന ബഹുമതി കൂടി ഇതോടെ ജഗ്മീത് സിങ്ങിന് ലഭിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കെതിരെ 2019ലെ തെരഞ്ഞെടുപ്പ് നയിക്കാനുള്ള നിയോഗമാണ് ഇതിലൂടെ ജഗ്മീത്തിന് ലഭിച്ചിരിക്കുന്നത്.
പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടായിരുന്ന മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പിന്തള്ളി 53.6 ശതമാനം വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം നേതൃസ്ഥാനത്ത് എത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജഗ്മീത് പ്രധാനമന്ത്രിയാകും. തന്നെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്ക് നന്ദി അറിയിച്ച ജഗ്മീത് പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. അതിനായുള്ള പ്രചാരണപരിപാടികള്‍ ആരംഭിക്കുകയാണെന്നും ജഗ്മീത് വ്യക്തമാക്കി.
രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷിയുടെ നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ന്യൂനപക്ഷ പ്രതിനിധിയാണ് ഇദ്ദേഹം. കടുത്ത നിറങ്ങളുള്ള തലപ്പാവുകളെ ഇഷ്ടപ്പെടുന്ന ജഗ്മീതിനു മുന്നിലുള്ളത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടമായ 59 സീറ്റുകള്‍ തിരികെപ്പിടിക്കണം. നിലവില്‍ പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടി ഇതേവരെ അധികാരത്തില്‍ എത്തിയിട്ടില്ല. 338 അംഗ പാര്‍ലമെന്റില്‍ 44 സീറ്റുകള്‍ പാര്‍ട്ടിക്കുണ്ട്.
പഞ്ചാബില്‍ നിന്ന് ഒന്റാരിയോയിലെ സ്‌കാര്‍ബറോയില്‍ കുടിയേറിയ മാതാപിതാക്കള്‍ക്ക് 1979ല്‍ ജനിച്ച ജഗ്മീത് ബയോളജിയില്‍ ബിരുദം നേടിയശേഷം 2005ല്‍ നിയമബിരുദവും കരസ്ഥമാക്കി. ക്രിമിനല്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലെ ജനസംഖ്യയില്‍ 1.4 ശതമാനം സിഖ് വംശജരാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും സിഖ്കാരനാണ്.
Leave a Reply