കാനഡയിൽ കത്തോലിക്കാസഭ നടത്തിയിരുന്ന സ്കൂളുകളിലെ നൂറുകണക്കിനു കുട്ടികള്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ഒരു സ്കൂളിൽ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുട രൂക്ഷവിമര്‍ശനം. കത്തോലിക്കാ സഭാംഗമെന്ന നിലയിൽ നിരാശ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടെത്തിയത് 215 മൃതദേഹങ്ങള്‍

കാനഡയിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ഒരു റെസിഡൻഷ്യൽ സ്കൂളിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെ ഇത് രാജ്യത്തിൻ്റെ ചരിത്രത്തിൻ്റെ കറുത്ത അധ്യായമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 1831 മുതൽ 1996 വരെയുള്ള കാലയളവിൽ കാനഡയിൽ ക്രിസ്തീയ സഭയുടെയും സര്‍ക്കാരിൻ്റെയും നേതൃത്വത്തിൽ പ്രവര്‍ത്തിച്ചിരുന്ന റെസിഡൻഷ്യൽ സ്കൂളുകളിൽ നിരവധി കുട്ടികളാണ് പഠിച്ചിരുന്നത്. ഗോത്രവര്‍ഗങ്ങളിൽപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികള്‍ സ്കൂളുകളിൽ താമസിച്ചു പഠിക്കുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ കുട്ടികളിൽ പലരും ബലാത്സംഗവും പട്ടണിയുമായിരുന്നു അനുഭവിച്ചിരുന്നതെന്ന് 2015ൽ അന്വേഷണ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വംശീയ നരഹത്യയാണ് ഈ സ്കൂളുകളിൽ നടന്നിരുന്നതെന്നും റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.

കുട്ടികള്‍ നേരിട്ടത് വലിയ അതിക്രമം

രണ്ട് പതിറ്റാണ്ട് മുൻപാണ് കാനഡ രാജ്യത്തെ റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനം പൂര്‍ണമായി അവസാനിപ്പിച്ചത്. ഈ സ്കൂളുകളിൽ മിക്കതിൻ്റെയും സ്ഥാപിത ലക്ഷ്യം ഗോത്രവര്‍ഗവിഭാഗത്തിൽ നിന്നുള്ള കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. എന്നാൽ സ്കൂളുകളിൽ കുട്ടികള്‍ക്കെതിരെ വൻതോതിൽ അതിക്രമങ്ങള്‍ നേരിട്ടിരുന്നുവെന്നും പല കുട്ടികളും മരണപ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ ഗോത്രവര്‍ഗ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കുട്ടികള്‍ സ്കൂളിൽ നിന്ന് ഓടി രക്ഷപെട്ടതാകാമെന്നായിരുന്നു പല കുടുംബങ്ങളും കരുതിയിരുന്നത്. എന്നാൽ ഈ സംഭവങ്ങളിൽ ഗോത്രവര്‍ഗ സംഘടനകളുടെ ആശങ്ക ശരിവെക്കുന്നതായിരുന്നു കൂട്ടമരണത്തിൻ്റെ കണക്കുകള്‍.

സഭ സഹായിക്കുന്നില്ല

അതേസമയം, മരിച്ച കുട്ടികള്‍ ആരെല്ലാമെന്നു കണ്ടെത്താൻ കത്തോലിക്കാ സഭയിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് കേംലൂപ്സ് ടെ സെസിപ്മിക് തലവൻ റോസേൻ കാസിമിൻ പറയുന്നത്. ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന മിഷണറി വിഭാഗമായിരുന്നു ഗോത്രവിഭാഗത്തിൻ്റെ ഭൂമിയിൽ സ്കൂള്‍ നടത്തിയിരുന്നത്. കുട്ടികളെ തിരിച്ചറിയാനായി സഭ ഇതുവരെ യാതൊരു രേഖകളും കൈമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “അവര്‍ മാപ്പു പറയണം. സഭ പരസ്യമായി മാപ്പു പറയണം. ഞങ്ങളോടു മാത്രമല്ല, ലോകത്തോടു മുഴുവൻ മാപ്പു പറയണം.” അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഭ ഉത്തരവാദിത്തം ഏറ്റെടുക്കണം

“ഒരു കത്തോലിക്കനെന്ന നിലയിൽ എനിക്ക് സഭ ഏറെ വര്‍ഷങ്ങളായി സ്വീകരിക്കുന്ന നിലപാടിൽ ഏറെ നിരാശയാണ് തോന്നുന്നത്.” ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോടു പറഞ്ഞു. “സഭ മുന്നോട്ടു വന്നു ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാൻ കത്തോലിക്കാ സഭ തയ്യാറായിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

കോടതി കയറുന്നതിനു മുൻപ് സഹകരിക്കണം

കാനഡയിലെ കത്തോലിക്കാ സഭ എന്തുകൊണ്ടാണ് നിശബ്ദരായിരിക്കുന്നതെന്നാണ് പലരും അതിശയിക്കുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സഭ മുന്നോട്ടു വരണം. “കത്തോലിക്കാ സഭയെ ഞങ്ങള്‍ കോടതി കയറ്റുന്നതിനു മുൻപു തന്നെ അവര്‍ക്ക് സംഭവത്തിൻ്റെ ഗൗരവം മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അവര്‍ സഹകരിക്കേണ്ടതുണ്ട്. എന്തെങ്കിലും ഒളിച്ചു വെക്കേണ്ട കാര്യമല്ല ഇത്.” 2008ൽ കനേഡിയൻ സര്‍ക്കാര്‍ വിവാദമായ റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനത്തിൻ്റെ പേരിൽ മാപ്പു പറഞ്ഞിരുന്നു.

ഉത്തരവാദിത്തം ഏറ്റെടുക്കാതെ സഭ

ഇതാദ്യമായാണ് കത്തോലിക്കാ സഭയ്ക്കെതിരെ ജസ്റ്റിൻ ട്രൂഡോ നേരിട്ട് വിമര്‍ശനമുന്നയിക്കുന്നത്. സംഭവത്തിൽ സഭയ്ക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും എന്നാൽ കത്തോലിക്കാ സഭയെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമാണ് വാൻകൂവര്‍ ആര്‍ച്ച്ബിഷപ്പിൻ്റെ പ്രസ്സാവന. ഓരോ രൂപതയും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്കാണ് ഉത്തരവാദിത്തമെന്നും മെത്രാൻ പറഞ്ഞു. റെസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിൽ ആഗോള കത്തോലിക്കാസഭയ്ക്കോ കനേഡിയൻ മെത്രാൻ സമിതിയ്ക്കോ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നൽ കുട്ടികളുടെ കൂട്ടമരണത്തിൽ അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ വത്തിക്കാനോടും കാനഡയോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.