ന്യൂസ് ഡെസ്ക്. മലയാളം യുകെ
ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ (NHS) നെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്കിന് വിജയകരമായ സമാപനം. ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈൽ താണ്ടി 12 മണിക്കൂർ സമയമെടുത്ത് ലീഡ്സിൽ എത്തി. ജോജി തോമസും ഷിബു മാത്യുവും യുകെയുടെ അഭിമാനമായ NHS വേണ്ടി ഒരു ചാരിറ്റി വാക്ക് നടത്താൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കീത്തിലി, വെയ്ക്ക്ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി. ഇതിൽ സ്കൂൾ വിദ്യാർത്ഥിനിയായ ആര്യ ഷിബുവും ഉൾപ്പെടുന്നു. ആര്യയുടെ പ്രതിബദ്ധതയും താല്പര്യവും സഹയാത്രികർക്ക് പ്രചോദനം നൽകുന്നതായിരുന്നു.
NHS വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 127 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച കനാൽ വാക്കിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് ജോളി മാത്യുവും യുക്മ നേഴ്സസ് ഫോറം സെക്രട്ടറി ലിനു മോൾ ചാക്കോയും ചേർന്ന് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്റ്റർ ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് ഇടവകയെ പ്രതിനിധീകരിച്ച് അവസാന ലാപ്പിൽ എത്തിയത് ശ്രദ്ധേയമായി. നോർത്ത് ഇഗ്ലണ്ടിന്റെ തലസ്ഥാനമായ ലീഡ്സിൽ വൈകിട്ട് എട്ട് മണിയോടെ സ്പോൺസേർഡ് കനാൽ വാക്ക് എത്തിയപ്പോൾ കനാൽ വാക്കിൻ്റെ പ്രധാന സ്പോൺസറും ഇംഗ്ലണ്ടിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്റോറൻ്റായ തറവാട് ലീഡ്സിന്റെ മാനേജിംഗ് ഡയറക്ടർ സിബി ജോസും ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടും വെസ്റ്റ് യോർക്ക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യുവും ചേർന്ന് കനാൽ വാക്കിന് ഗംഭീരമായ വരവേല്പ് നൽകി.
NHS നായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000 പൗണ്ടിലെത്തി നിൽക്കുകയാണ്. മലയാളികൾ നടത്തിയ കനാൽ വാക്കിന് പ്രാദേശികരുടെ സപ്പോർട്ട് എടുത്ത് പറയേണ്ടതുണ്ട്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.
31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്ക് ഒരു ദിവസം കൊണ്ട് നടന്നു തീർത്തു. ഇത്ര ദൂരം നടന്നവർക്ക് പറയാൻ ധാരാളം അനുഭവങ്ങളുണ്ട്. യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന കനാൽ വാക്കിൻ്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. മലയാളികൾക്ക് മാതൃകയായി കുറച്ചു മലയാളികൾ നടത്തിയ സ്പോൺസേർഡ് കനാൽ വാക്കിൻ്റെ പ്രധാന വിശേഷങ്ങൾ മാത്രമാണ് ഇന്ന് പുറത്തുവിടുന്നത്. വാർത്തകളും കൂടുതൽ ചിത്രങ്ങളും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
യുകെ മലയാളികൾ നടത്തിയ കനാൽ വാക്കിൻ്റെ പൂർണ്ണരൂപം വീഡിയോ രൂപത്തിൽ
Leave a Reply