പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.

ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.

ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.

  മാഞ്ചസ്റ്ററിലുള്ള മക്കളെ സന്ദർശിക്കാനെത്തിയ പിതാവിൻറെ ആകസ്മിക നിര്യാണത്തിൽ മനംനൊന്ത് ബന്ധുക്കളും മിത്രങ്ങളും. സഹായങ്ങളുമായി ഇടവക സമൂഹവും മാഞ്ചസ്റ്റർ മലയാളികളും

മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.

തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.