തൃപ്പൂണിത്തുറ ∙ നടൻ ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ്. ആദം, അമിത്, കാർത്തിക് എന്നിവർക്കെതിരെയാണ് ഹിൽപാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിലാണ് നാലു ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്.
രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ അമ്പലമുകളിനടുത്ത് ഇരുമ്പനം പ്രദേശത്ത് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം. സംശയാസ്പദമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂവരെയും പൊലീസ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ അസാധാരണത കണ്ടതോടെ ദേഹപരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ ഒരാളുടെ പോക്കറ്റിൽ ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.











Leave a Reply