ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്തരിച്ച ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ശവസംസ്കാരം ഇന്ന്. ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍, കോവിഡ് ബാധയെത്തുടർന്ന് 2021 ഫെബ്രുവരി രണ്ടാം തീയതിയാണ് അന്തരിച്ചത്. ടോം മൂറിന്റെ യോർക്ക്ഷെയർ റെജിമെന്റിൽ നിന്നുള്ള ആറ് സൈനികർ അദേഹത്തിന്റെ ശവപ്പെട്ടി വഹിക്കും. യുദ്ധവീരന് ആദരമെന്നോണം ഉച്ചയ്ക്ക് 12 മണിക്ക് യുകെയിലുടനീളമുള്ള പള്ളിമണികൾ മുഴങ്ങും. രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം വെല്ലിംഗ്ടൺ ഡ്യൂക്ക് ഓഫ് റെജിമെന്റിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടത് യോർക്ക്ഷെയറിൽ ലയിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ടോം മൂറിന് ഓണററി കേണൽ പദവി നൽകിയ ശേഷം ഇത് യോർക്ക്ഷെയർ റെജിമെന്റ് എന്നാണ് അറിയപ്പെടുന്നത്.
പിതാവിന്റെ ശവസംസ്കാരം നല്ല രീതിയിൽ നടക്കുമെന്ന് ക്യാപ്റ്റൻ ടോമിന്റെ മകൾ ലൂസി ടെക്സീറ പറഞ്ഞു. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന ശവസംസ്‍കാര ചടങ്ങിൽ രാജ്യം ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ യാത്രയാക്കും. ഹാരോഗേറ്റിലെ ആർമി ഫൗണ്ടേഷൻ കോളേജിലെ ആറ് പ്രതിനിധികൾ ചേർന്നു ഒരു ഗാർഡ് രൂപീകരിക്കും. പൊതുജനങ്ങളുടെ ഒത്തുചേരൽ മുന്നിൽകണ്ട് ശവസംസ്കാരത്തിന്റെ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ എട്ട് അംഗങ്ങൾ പങ്കെടുക്കും. അദ്ദേഹത്തിന് ബഹുമാനാർത്ഥം ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. അച്ഛൻ ആഗ്രഹിച്ച രീതിയിലുള്ള ശവസംസ്കാരം തങ്ങൾ നൽകുകയാണെന്ന് മൂറിന്റെ മക്കൾ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീഗ്ലിയില്‍ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിന് മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം. 1940ലാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നത്. 1941ൽ ഇന്ത്യയിലെത്തി. ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇപ്പോൾ മ്യാന്മാറിന്റെ ഭാഗമായ മേഖലകളിലെത്തിയാണ് അദ്ദേഹം സൈന്യത്തെ നയിച്ചത്.
Leave a Reply