കൊച്ചി: ജനിച്ചയുടനെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞുമായി പോയ ആംബുലന്‍സിന് വഴിമുടക്കി മുന്നിലൂടെ കാറോടിച്ചയാള്‍ പിടിയില്‍. ആലുവ, പൈനാടത്ത് വീട്ടില്‍ നിര്‍മല്‍ ജോസ് ആണ് പിടിയിലായത്. ഇയാള്‍ ഓടിച്ച ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കിയതിന് എടത്തല പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം താന്‍ ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാന്‍ പൈലറ്റ് പോയതാണെന്നാണ് നിര്‍മലിന്റെ വിശദീകരണം.

കുഞ്ഞിന്റെ അമ്മയും നഴ്‌സുമായി പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സിനു മുന്നില്‍ കെ.എല്‍.17 എല്‍ 202 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ കിലോമീറ്ററുകളോളമാണ് ഓടിയത്. ആംബുലന്‍സിലുണ്ടായിരുന്നയാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. കളമശേരിയില്‍ 15 മിനിറ്റിലാണ് ആംബുലന്‍സുകള്‍ ഓടിയെത്തുന്നത്. കാര്‍ വഴിമുടക്കിയതോടെ 35 മിനിറ്റെടുത്താണ് ആംബുലന്‍സിന് എത്താനായത്.

രാജഗിരി ആശുപത്രിക്കു മുന്നില്‍ നിന്ന് കൊച്ചിന്‍ ബാങ്ക് വരെയുള്ള ദൂരം ആംബുലന്‍സ് ഹോണ്‍മുഴക്കിയിട്ടും സൈഡ് നല്‍കാന്‍ തയ്യാറാകാതെയായിരുന്നു നിര്‍മല്‍ ജോസിന്റെ പരാക്രമം. പിന്നീട് മറ്റൊരു റോഡിലൂടെ തിരിഞ്ഞ് ആംബുലന്‍സ് പോകുകയായിരുന്നു. മാര്‍ഗതടസം സൃഷ്ടിച്ചതിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍ മനു പരാതി നല്‍കിയിരുന്നു. മനുവിന്റെ വിശദീകരണം ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആലുവ ഡിവൈഎസ്പി എടത്തല പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആലുവ ജോയിന്റ് ആര്‍ടിഒ സി.എസ്.അയ്യപ്പന്‍ അറിയിച്ചു. വാഹന നമ്പര്‍ ഉപയോഗിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.