ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകളുടെ ഉടമസ്ഥർക്ക് ഏപ്രിൽ മുതൽ ഉയർന്ന ആദ്യവർഷ നികുതി നിരക്കുകൾ നേരിടേണ്ടി വരും. ഉയർന്ന തോതിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്നതിനായും, ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് നയിക്കുന്നതിനായും നിരവധി പുതിയ വാഹനങ്ങൾക്ക് ആദ്യ വർഷ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (വി ഇ ഡി ) വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ഒരു കാറിൻ്റെ ആദ്യ വർഷത്തെ നികുതി കണക്ക് അത് ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ് കണക്കിലെടുത്താണ് കണക്കാക്കുന്നത്. നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് വി ഇ ഡി ചാർജുകളൊന്നും ഈടാക്കുന്നില്ല. അതേസമയം, ഒരു കിലോമീറ്ററിൽ 111ഗ്രാം മുതൽ 150ഗ്രാം വരെ പുറന്തള്ളുന്ന കാറുകൾക്ക് 220 പൗണ്ട് തുകയാണ് വി ഇ ഡി ചാർജ്ജായി നൽകേണ്ടത്. ഒരു കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ പുറന്തള്ളുന്നവർ അവരുടെ ആദ്യ വർഷത്തേക്ക് 2,745 പൗണ്ട് നൽകണം. എന്നാൽ ആദ്യമായി ഇലക്ട്രിക് വാഹനങ്ങളിൽ വി ഇ ഡി കൊണ്ടുവരുന്നതാണ് പുതിയ മാറ്റം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഏപ്രിൽ മുതൽ അവരുടെ ആദ്യ വർഷ വി ഇ ഡി ചാർജ്ജായി 10 പൗണ്ട് നൽകേണ്ടതായി വരും. ഇതേ സമയം, പെട്രോൾ,ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് ആദ്യവർഷ വി ഇ ഡി നിരക്കായി ഇരട്ടി ചാർജ് ആണ് ഏപ്രിൽ മുതൽ ഉടമസ്ഥർക്ക് നൽകേണ്ടി വരിക എന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഴയ ഇലക്ട്രിക് വാഹനങ്ങൾ (2017-നും 2024-നും ഇടയിൽ രജിസ്റ്റർ ചെയ്തവ) ഏപ്രിൽ മുതൽ പ്രതിവർഷം 195 പൗണ്ട് നൽകണം. 2017-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ പ്രതിവർഷം 20 പൗണ്ടും നൽകണം എന്നാണ് പുതിയ നിയമങ്ങളിൽ അനുശാസിക്കുന്നത്. അതോടൊപ്പം തന്നെ, 40,000 പൗണ്ടിൽ കൂടുതൽ വിലയുള്ള പുതിയ കാറുകൾ വാങ്ങുന്നവർ ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 410 പൗണ്ട് അധികമായി എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റ് എന്ന നിലയിൽ ഇനി മുതൽ നൽകേണ്ടിവരും. നിലവിൽ ഇത് ഇലക്ട്രിക് കാറുകൾക്ക് ബാധകമല്ലെങ്കിലും, ഭാവിയിൽ ഇലക്ട്രിക് കാറുകളും ഇതിന്റെ പരിധിയിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ, ഒരു പുതിയ ഫോർഡ് പ്യൂമ ഡ്രൈവർക്ക് ആദ്യ വർഷ വി ഇ ഡി നിരക്ക് 220 പൗണ്ടിൽ നിന്ന് 440 പൗണ്ടായി ഉയരും. അതേസമയം ഒരു റേഞ്ച് റോവർ വാങ്ങുന്നയാൾക്ക് 5490 പൗണ്ട് വരെ നൽകേണ്ടിവരും. ഇലക്ട്രിക്ക് കാറുകളും പെട്രോൾ ഡീസൽ വാഹനങ്ങളും തമ്മിലുള്ള വി ഇ ഡി തിരക്കിന്റെ അന്തരം ക്രമാതീതമായി വർധിപ്പിച്ചത് ആളുകളെ കൂടുതൽ ഇലക്ട്രിക് കാറുകളിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൻ്റെ ഒക്ടോബർ ബജറ്റിലെ മാറ്റങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.