ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദ വാഹനം യുകെയില്‍. ലണ്ടനിലെ മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തെ ശുചിയാക്കാന്‍ സഹായിക്കുന്ന ഫ്യുവല്‍ സെല്‍ കാറുകളാണ് ഇനി റോഡുകള്‍ കയ്യടക്കാന്‍ തയ്യാറെടുക്കുന്നത്. ഹ്യുണ്ടായിയുടെ നെക്സോ ഫ്യുവല്‍ സെല്‍ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വായു ശുചീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന യാത്രയിലാണ് കാര്‍. യൂണിവേഴ്സിറ്റി കോളേഡ് ലണ്ടന്‍ നടത്തിയ പഠനമനുസരിച്ച് ലണ്ടനിലെ റോഡുകളില്‍ നൈട്രജന്‍ ഓക്സൈഡിന്റെയും അന്തരീക്ഷത്തിലെ ധൂളികളുടെ അംശവും അപകടകരമായ തോതിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹീറ്റ് മാപ്പുകള്‍ അവലോകനം ചെയ്താണ് ഇത് സ്ഥിരീകരിച്ചത്. ഹ്യുണ്ടായിയുമായി ചേര്‍ന്ന് ഈ മലിനീകരണത്തിന്റെ തോത് വ്യക്തമാക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റി.
ഹ്യുണ്ടായി നെക്സോയുടെ പുതിയ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം വലിച്ചെടുക്കുന്ന അന്തരീക്ഷ വായുവില്‍ അടങ്ങിയിട്ടുള്ള 99.9 ശതമാനം പൊടിയുടെ അംശവും ശുദ്ധീകരിക്കുന്നു. ഒരു മണിക്കൂര്‍ വാഹനമോടിച്ചാല്‍ 26.9 കിലോഗ്രാം അന്തരീക്ഷവായു ഈ വിധത്തില്‍ ശുദ്ധിയാക്കപ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയായ 42 പേര് ഒരു മണിക്കൂറില്‍ ശ്വസിക്കുന്ന വായുവിന്റെ അളവാണ് ഇത്. സീറോ എമിഷന്‍ വാഹനങ്ങളുടെ ഒരു വലിയ നിര അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോടികള്‍ നിക്ഷേപിച്ച് ഇത്തരമൊരു വാഹനം പുറത്തിറക്കിയതെന്ന് ഹ്യുണ്ടായിയുടെ സീനിയര്‍ പ്രോഡക്ട് മാനേജര്‍ സില്‍വി ചൈല്‍ഡ്സ് വ്യക്തമാക്കി.
നെക്സോ പോലെയുള്ള ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം കമ്പനിക്കു മാത്രമല്ല ഉള്ളത്. ഇന്‍സെന്റീവുകളിലും ഇന്‍ഫ്രാസ്ട്രക്ചറിലും ഗവണ്മെന്റ് നിക്ഷേപം നടത്തുകയും ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ ലഭിക്കാനുള്ള അവസരം നല്‍കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Leave a Reply