ഇന്ത്യന്‍ വംശജയായ യുവതി പ്രസവിച്ചത് കാറിന്റെ പിന്‍സീറ്റില്‍. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ബോള്‍ട്ടനില്‍ താമസിക്കുന്ന സോനല്‍ വാസ്ത പ്രസവിച്ചത്. പക്ഷേ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിക് വാസ്ത തന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന കാര്യം മനസിലായതു പോലുമില്ല. 35കാരിയായ സോനലിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. തിരക്കേറിയ റോഡിലൂടെ വിക് കാര്‍ ആശുപത്രിയിലേക്ക് പായിക്കുന്നതിനിടെ പിറന്ന മിഹാന്‍ എന്ന ആണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. താന്‍ പ്രസവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വിക് വിശ്വസിച്ചില്ലെന്ന് സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ തല പുറത്തു വന്നപ്പോള്‍ കാര്‍ നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും സോനല്‍ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലില്‍ ഫിനാന്‍സ് ഓഫീസറായ സോനലിന് നവംബര്‍ 30നാണ് പ്രസവ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മിഡ് വൈഫുമാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അത്ര ശാന്തമായാണ് സോനല്‍ ഫോണില്‍ സംസാരിച്ചത്. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും സോനലും ഭര്‍ത്താവും ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് ഹിപ്‌നോബര്‍ത്തിംഗ്, യോഗ തുടങ്ങിയവയില്‍ സോനല്‍ പരിശീലനം നേടിയിരുന്നു. ഇവ മൂലമായിരിക്കാം പ്രസവ സമയത്ത് വളരെ ശാന്തമായിരിക്കാന്‍ സാധിച്ചതെന്നാണ് ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്. ക്ലാസുകൡ പ്രസവ സ്ഥലത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഒരിക്കലും തന്റെ പ്രസവം കാറിനുള്ളിലായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് സോനല്‍ പറഞ്ഞു.

കാറിനുള്ളില്‍ വെച്ച് കുട്ടി പുറത്തു വരാന്‍ തുടങ്ങിയെന്ന് പറഞ്ഞിട്ടും വിക്കിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയിട്ടാണ് വിക് കാര്‍ നിര്‍ത്തിയത്. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. അത് എടുത്തു മാറ്റണമെന്ന് ചിന്തിക്കാന്‍ അപ്പോള്‍ തനിക്കു കഴിഞ്ഞുവെന്നും സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ പുറം തടവിക്കൊടുത്തപ്പോള്‍ അവന്‍ ചുമച്ചു. അപ്പോളാണ് തനിക്ക് ആശ്വാസമായത്. ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടാണ് തങ്ങള്‍ യാത്ര ചെയ്തത്. മിഡൈ്വഫുമാര്‍ എല്ലാക്കാര്യങ്ങളും പറഞ്ഞുതന്നു. കാര്‍പാര്‍ക്കില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും സോനല്‍ വ്യക്തമാക്കി.