സുമേശൻ പിള്ള

ലിവർപൂൾ : ലിവർപൂൾ ലയൺസ് വോളി ക്ലബ്‌ ജൂലൈ 7 -ന് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. യൂറോപ്പിലെ മികച്ച പത്തു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പൂളിൽ നിന്നും ആതിഥേയരായ ലിവർപൂൾ ലയൺസും കാർഡിഫ് ഡ്രാഗൻസ് സെമിയിൽ കടന്നപ്പോൾ രണ്ടാം പൂളിൽ നിന്നും കേബ്രിഡ്ജ് സ്പികേഴ്സും ഷെഫീൽഡ് സ്ട്രിക്കേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ അതിശക്തന്മാർ ആയ കാർഡിഫ് ഡ്രാഗൺസും കേബ്രിഡ്ജ് സ്പിക്കേഴ്സിന്റെയും പോരാട്ടം കാണികളെ മുൾമുനയിൽ നിർത്തി.

കേബ്രിഡ്ജിനു വേണ്ടി ഇന്ത്യൻ ആർമിയുടെ താരമായ ജിനീഷ് മാത്യുവും, കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചാർഡും കൗണ്ടർ അറ്റാക്കിങ്ങിലൂടെ ആക്രമണം അഴിച്ചു വിട്ടപ്പോൾ എബിൻ എന്ന പോരാളി ഷോട്ട് ബോൾ അറ്റാക്കിങ്ങിൽ തിളങ്ങി.കാർഡിഫിന്റെ “ശിവ ”എന്ന സർവീസ് മെഷീന്റെ പ്രത്യാക്രമണം കേബ്രിഡ്ജിന് എതിരെ സർവീസ് പോയിന്റ് നേടി മുൻ‌തൂക്കം നേടിയപ്പോൾ അറ്റാക്കർമാരായ ബിനീഷും അർജുനും കാർഡിഫിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കി. രണ്ടാം സെമിയിൽ ലിവർ പൂളും ഷെഫീൽഡും തമ്മിൽ ഉള്ള മത്സരത്തിൽ ഇന്ത്യൻ ആർമി താരമായ പ്രവീൺ ജോസ് എന്ന പടക്കുതിരയക് ഒപ്പം റോണിയും ഷാനുവും നയിച്ച ആക്രമണത്തെ വളരെ മനുവിന്റെ നേതൃത്വത്തിൽ തന്ത്രപൂർവം നേരിട്ട് ഷെഫീൽഡ് സ്ട്രൈകേഴ്സ് ഫൈനലിലേക്ക് കടന്നു.

കലാശകൊട്ടിൽ മിന്നൽ പിണറായ ഷെഫീൽഡിന്റ കുര്യച്ചനും മാത്യുവും മനുവും കളം നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം കിരീടം മോഹിച്ചു ഇറങ്ങിയ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കാൻ പര്യാപ്തമല്ലായിരുന്നു അവരുടെ നീക്കങ്ങൾ. നിലം കുഴിക്കുന്ന സ്മാഷുകൾ അർജുനും ബിനീഷും തൊടുത്തപ്പോൾ ശിവയുടെ “ശിവ താണ്ടവം ”തന്നെ ആയിരുന്നു കളിയുടെ എല്ലാ മേഖലയിലും. റോബിനും ക്യാപ്റ്റൻ ജിനോയും ഒരിക്കിയ ഡിഫെൻസിൽ ഷെഫ്ഫീൽഡിന്റെ കൗണ്ടർ അറ്റാക്കുകളെ പോയിന്റ് ആക്കാൻ കാർഡിഫിനു സാധിക്കുകയും തുടർച്ചയായ നാലാം കിരീടത്തിൽ മുത്തം ഇടാൻ സാധിക്കുകയും ചെയ്തു.

ശ്രീ ജിജോ, ശ്രീ ഷാബു ജോസഫ് എന്നിവർ ആയിരുന്നു കാർഡിഫിന്റെ കോച്ച്. ഡോ മൈക്കിൾ പ്രസിഡന്റ്‌ ആയും ശ്രീ ജോസ് കാവുങ്ങൽ മാനേജർ ആയും കാർഡിഫിനു കരുത്തുപകരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ അർജുനും ഓൾ റൗണ്ടർ ആയി ഷെഫ്ഫീൽഡിന്റെ മനുവും സെറ്റർ ആയി ഷെഫ്ഫീൽഡിന്റെ അരവിന്ദിനെയും തിരഞ്ഞെടുത്തു. ആതിഥേയരായ ലിവർപൂൾ ലയൺസ് മൂന്നാസ്ഥാനം കരസ്ഥമാക്കി. വോളിബോളിന് നൽകിയ സമഗ്ര സംഭവനയ്ക് ലിവർ പൂൾ താരം പ്രവീൺ ജോസിനെ ആദരിച്ചു.