ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.
ഗ്ലാസ്ഗോ: പ്രവാസി മക്കളെ സന്ദര്‍ശിക്കാനും ആത്മീയ ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ പറഞ്ഞു തരാനുമായി സീറോ മലബാര്‍ സഭാമക്കളുടെ വലിയപിതാവ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി യൂകെയിലെത്തി. ഇന്നലെ വൈകിട്ട് ഏഴു മുപ്പതിനുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മാര്‍ ആലഞ്ചേരി ഗ്ലാസ്ഗോ വിമാനത്താവളത്തിലെത്തിയത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍, ഗ്ലാസ്ഗോ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., റെവ. ഫാ. ജോസഫ് പിണക്കാട്ട്, റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൂച്ചെണ്ടു നല്‍കി സഭാതലവനെ സ്വീകരിച്ചു.
ഹാമില്‍ട്ടണില്‍ ഇന്നലെ രാത്രി വിശ്രമിച്ചശേഷം ഇന്ന് വൈകിട്ട് 6 മണിക്ക് അദ്ദേഹം അബര്‍ഡീനില്‍ സെന്റ് മേരീസ് മിഷന്‍ സെന്റര്‍ പ്രഖ്യാപിക്കുകയും വി. കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. ഇന്ന് രാവിലെ മദര്‍വെല്‍ രൂപത മെത്രാന്‍ ജോസഫ് എ. ട്രോളുമായും ഉച്ചയ്ക്ക് ഡാന്‍ഡി രൂപത മെത്രാന്‍ തോമസ് ഗ്രഹാം റോസുമായും കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തും. രണ്ടു വര്‍ഷം മുന്‍പ് നടന്ന രൂപതാ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ഇതാദ്യമായാണ് രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി യൂകെയിലെത്തുന്നത്.
വിവിധ സ്ഥലങ്ങളില്‍ വി. കുര്‍ബാനകള്‍ക്കും മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങുകളിലും കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യൂവജന വര്‍ഷത്തിന്റെ ആരംഭത്തിനും സെഹിയോന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ശുശ്രുഷകള്‍ക്കും മാര്‍ ആലഞ്ചേരി ഈ ദിവസങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അതോടൊപ്പം, വിവിധ രൂപതകളില്‍ മെത്രാന്മാരുടെ കൂടിക്കാഴ്ച നടത്താനും സമയം കണ്ടെത്തും. ഇന്ന് അബര്‍ദീനിലും നാളെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലും തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.
Leave a Reply