അപ്പച്ചൻ കണ്ണഞ്ചിറ

വാൽസിങ്ങാം: ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് തീർത്ഥാടനം നോർഫോൾക്കിലെ വാൽസിങ്ങാം കാത്തലിക് മൈനർ ബസലിക്കയിൽ ഭക്തിസാന്ദ്രമായി.

രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമർപ്പണത്തോടെ തീർത്ഥാടന തിരുന്നാളിന് ആരംഭമായി. തുടർന്ന് രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, അനുഗ്രഹീത കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ നൽകിയ മരിയൻ പ്രഘോഷണ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവയ്ക്കലിനും ശേഷം തീർത്ഥാടകർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണത്തിനായുള്ള ഊഴമായി.

ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം ആരംഭിച്ചു.രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ബാനറുകളുടെ പിന്നിൽ അണിനിരന്ന്,മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു.

പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്.

ദിവ്യബലിയുടെ തുടക്കത്തിൽത്തന്നെ രണ്ടു പ്രാവശ്യമായി ആഞ്ഞടിച്ച പെരുമഴയെയും കാറ്റിനെയും നിമിഷ നേരത്തിൽ തന്റെ വരുതിയിൽ നിറുത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിധ്യം വിളിച്ചോതിയ ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോർജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനോ അടക്കം നിരവധി വൈദികർ സഹകാർമ്മികരായി.

‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടാം വാർഷികത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ,സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയിൽ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയിൽ സമർപ്പിക്കുമ്പോൾ, സംരക്ഷിക്കുവാനും,കാത്തുപരിപാലിക്കുവാനും ചേർത്തുപിടിക്കുന്ന പരിശുദ്ധഅമ്മയുടെ കരങ്ങൾ കരുണാമയവും സുദൃഢവുമാണ്. മാർത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം’.

‘യൂറോപ്പിൽ ആദ്യമായി നിർമ്മിച്ച് സീറോമലബാർ സഭയുടെ അഭിമാനമായി ഉയർന്നുവരുന്ന ബ്രിസ്റ്റോൾ സീറോമലബാർ ദേവാലയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഭിവന്ദ്യ പിതാവ്,വി. ഡോൺ ബോസ്‌കോ അനാഥർക്കും രോഗികൾക്കും ആലംബഹീനർക്കുമായി ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാർത്ഥനയിൽ മാത്രം തുടങ്ങിവെച്ച സലേഷ്യൻ സഭയ്ക്ക് ഉണ്ടായ വിജയം, നമ്മുടെ പ്രാർത്ഥനയിൽ വൽസിംഗാമിലെ മാതാവ് നടത്തിത്തരുമെന്നും’ പറഞ്ഞു.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുൾക്കൊണ്ട ഗായകസംഘം നടത്തിയ ഗാനശുശ്രുഷ സ്വർഗ്ഗീയമായ ആല്മീയ അനുഭൂതി പകർന്നു. വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗത സന്ദേശത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി.

യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം കഷ്ടതകൾ സഹിച്ച്‌ കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്നേഹവും ഭക്തിയും വെളിവാക്കുവാൻ വാൽസിങ്ഹാമിലേക്കെത്തുകയും,തീർത്ഥാടനം വൻ വിജയമാക്കി മാറ്റുവാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാൾ നടത്തിപ്പുകാരായ കേംബ്രിഡ്ജ് റീജൻ സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി ജിനോ അച്ചൻ പ്രകടിപ്പിച്ചു.