സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. കര്‍ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സഭാ കോടതി കണ്ടെത്തി. സിറോ മലബാര്‍ സഭയുടെ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലേയും ദേവികുളത്തേയും ഭൂമി വില്‍ക്കാനും അനുമതി നല്‍കി.

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭൂമിവില്‍പ്പനയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനായിരിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. വില്‍പ്പനയെ എതിര്‍ക്കുന്നവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാം. ഇതോടെ രൂപതയിലെ വിമതവിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരായി അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കും.

ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇതിനിടെയാണ് വത്തിക്കാന്‍ സഭാ കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്.