പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാന ചുമതല. കര്‍ദിനാള്‍ സംഘത്തിലെ ഒന്‍പത് ഇലക്ടറല്‍മാര്‍ക്ക് ചുമതലകള്‍ ഏല്‍പിക്കുന്നതിനായി നറുക്കെടുക്കുക അദേഹമാകും. വോട്ടെണ്ണുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ കഴിയാത്ത ഇലക്ടറല്‍മാരില്‍ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ എന്നിവരെ മാര്‍ ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുക്കും.
കൂടാതെ അതീവ രഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റെന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്ക് ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദേഹത്തിനാണെന്നാണ് സൂചന.
പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് കര്‍ദിനാള്‍ കോളജിന്റെ സെക്രട്ടറിയെയും പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സിന്റെ മാസ്റ്ററെയും തിരഞ്ഞെടുത്ത് ഹാളിലേക്ക് വിളിപ്പിക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.
2024 ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം നടത്തിയത്. കര്‍ദിനാള്‍ കൂവക്കാടിന് അള്‍ജീരിയ, ദക്ഷിണ കൊറിയ, ഇറാന്, കോസ്റ്റാറിക്ക, വെനസ്വേല എന്നീ രാജ്യങ്ങളില്‍ വിവിധ സുപ്രധാന നയതന്ത്ര ചുമതലകളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. 2020 മുതല്‍ അദ്ദേഹം വത്തിക്കാനില്‍ താമസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യാത്രകള്‍ ക്രമീകരിക്കുന്നു. നിലവില്‍ വത്തിക്കാനില്‍ മതസൗഹാര്‍ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റാണ്.
ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശന വേളയില്‍ നജാഫിലെ ഗ്രാന്‍ഡ് ആയത്തുല്ല സയ്യിദ് അലി അല്‍-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനമായെന്ന് മാര്‍ ജോര്‍ജ് കൂവക്കാട് മുമ്പ് പറഞ്ഞിരുന്നു. 2024 ഒക്ടോബര്‍ ആറിനാണ് മോണ്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ കര്‍ദിനാള്‍ ആയി തിരഞ്ഞെടുത്തത്. നവംബര്‍ 24 നാണ് മെത്രാപ്പൊലീത്തയായി അദേഹം അഭിഷിക്തനായത്. വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.
Leave a Reply