ഫാ.ബിജു കുന്നയ്ക്കാട്ട്
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വിശ്വാസികളെ നേരില്‍ കാണുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കലിനൊപ്പം എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ എളിമയും ഹൃദയലാളിത്യവും കൊണ്ട് വിശ്വാസികളുടെ മുമ്പില്‍ പുതിയ സുവിശേഷമായി മാറി. ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തിനു ശേഷം ഇടവകാംഗങ്ങളൊരുക്കിയ സ്‌നേഹവിരുന്നിനായി പാരിഷ് ഹാളിലെത്തിയപ്പോഴാണ് വലിയ ഇടയന്‍ കൊച്ചുകുട്ടിയായത്.
ഏറ്റവും മുമ്പിലായി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന കൊച്ചുകുട്ടികള്‍ക്കിടയിലേക്ക് കടന്നുചെന്ന വലിയ ഇടയന്‍ അവര്‍ക്കിടയില്‍ പെട്ടെന്നു കടന്നിരുന്ന് അവരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അവര്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമിനേക്കുറിച്ചായി അടുത്ത സംസാരം. കുട്ടികള്‍ പിതാവിന് മൊബൈല്‍ ഗെയിം കാണിച്ചുകൊടുക്കുകയും അതുമനസിലാക്കാന്‍ സഹായിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഗെയിം കളിക്കാനും വലിയ ഇടയന്‍ തയ്യാറായി.
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അത്ഭുതത്തോടെ ഇതെല്ലാം നോക്കി നിന്നപ്പോഴും സാധാരണപോലെ എല്ലാവരോടും സരസമായി സംസാരിച്ച്, കേക്ക് മുറിച്ച്, സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്ന് വിശ്വാസികളുമായി സന്തോഷം പങ്കുവെച്ചു.
മാസങ്ങള്‍ക്കു മുമ്പ് വത്തിക്കാനിലെ ഒരു കാന്റീനിലേക്ക് അപ്രതീക്ഷിതമായി കടന്നുചെന്ന് അവിടെ ഭക്ഷണ സനമയത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി ജോലിക്കാരോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയലാളിത്യവും എളിമയുമാണ് സീറോ മലബാര്‍ സഭാത്തലവനിലും വിശ്വാസികള്‍ കണ്ടത്. പ്രബോധനങ്ങളിലും സഭാ കാഴ്ചപ്പാടുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയോട് ചേര്‍ച്ചയുള്ളതാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രവര്‍ത്തന ശൈലി.
നേരത്തേ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍ മാരായ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, മറ്റ് വൈദികര്‍, സന്യാസിനികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് നോട്ടിംഗ്ഹാം, ഹാലം, ലീഡ്‌സ്, മിഡില്‍സ്ബറോ എന്നീ രൂപതകളില്‍ നിന്ന് വലിയ ഇടയനെ കാണാനും കേള്‍ക്കാനുമായി എത്തിയത്. വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ചാപ്ലയിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply