ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ട എൻഎച്ച്എസ് ജീവനക്കാരിയാണ് വൈകാരികമായ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേ കാരണം കൊണ്ടുതന്നെ ഏകദേശം 60,000 കെയർഹോം ജീവനക്കാർക്കാണ് വ്യാഴാഴ്ചമുതൽ ജോലി നഷ്ടമാവുന്നത്. എല്ലാ കെയർ ഹോം ജീവനക്കാരും നവംബർ 11ന് മുൻപ് തന്നെ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കണമെന്ന ഗവൺമെൻറ് നിർദേശത്തെ തുടർന്നാണ് 36 കാരിയായ ലൂയിസ് അകേസ്റ്ററിന് എൻഎച്ച്എസ് കെയർ ഹോം ആൽഡേഴ്സൺ ഹൗസുമായുള്ള തൻെറ കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വ്യക്തമായ മെഡിക്കൽ ഇളവുകൾ ഇല്ലാത്ത എല്ലാ കെയർ ഹോം ജീവനക്കാരും രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു. അതേസമയം എൻഎച്ച്എസ് ജീവനക്കാർ അടുത്തവർഷം ഏപ്രിലിനുള്ളിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.
ലൂയിസ് 14 വർഷമായി കെയർ മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ വാക്സിനേഷൻ സ്വീകരിക്കാൻ നിരസിച്ചത് മൂലം ജോലി ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി. തൻറെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടൂള്ള ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് താൻ പരിചരിച്ചവരോടും സഹപ്രവർത്തകരോടും യാത്ര പറയുന്നത് എന്നും, ഇന്നത്തെ തൻെറ അവസാന ഷിഫ്റ്റ് പൂർത്തിയാക്കിയതിനുശേഷമുള്ള വിഡിയോയിൽ മിസ് അകേസ്റ്റർ പറഞ്ഞു. ഇത് തങ്ങളോടുള്ള കടുത്ത അനീതിയാണെന്നും സർക്കാരിൻറെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി തനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും, വൈകാതെ തന്നെ ഇതിൻറെ പാർശ്വഫലങ്ങൾ അവർ മനസിലാക്കുമെന്നും അതുവരെ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞു.
ഇംഗ്ലണ്ടിലെ കണക്കുകൾ പ്രകാരം ഏകദേശം 60,000 കെയർഹോം ജീവനക്കാരാണ് ഇതുവരെയും രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്തതായിട്ടുള്ളത്. ഇവരിൽ പകുതിയിലേറെ പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. കെയർ വർക്കറായ ലൂയിസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ വിസമ്മതിച്ചെങ്കിലും തൻറെ ജോലിയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു തവണയും അവർ കോവിഡ് പരിശോധന നടത്തുന്നുണ്ട്. പിപിഇ ഉപകരണങ്ങൾ ധരിക്കുകയും അണുബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്നു.
കെയർ ഹോമിലെ താമസക്കാർക്കും അവരുടെ സന്ദർശകർക്കും വാക്സിൻ നിർബന്ധമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൻെറ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു നീക്കം അനാവശ്യമാണെന്ന് മിസ് അകേസ്റ്റർചൂണ്ടിക്കാട്ടി. ഭാവിയിൽ താൻ വാക്സിൻ സ്വീകരിക്കുമായിരിക്കാമെന്നും പക്ഷേ ഇപ്പോൾ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. നവംബർ 11 നകം ജോലി നഷ്ടപ്പെടുന്ന ഇംഗ്ലണ്ടിലെ 40,000 കെയർഹോം ജീവനക്കാരെ പ്രതിനിധീകരിച്ചാണ് താൻ സംസാരിക്കുന്നതെന്നും 36കാരിയായ ലൂയിസ് തൻെറ വീഡിയോയിൽ കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിക്കുന്നതിലുള്ള തീരുമാനം എടുക്കുക എന്നത് തൻറെ മൗലിക അവകാശമാണെന്നും അതിനാൽ തന്നെ പ്രതിരോധകുത്തിവയ്പ്പുകൾ തിരസ്കരിച്ചതിനെ തുടർന്ന് താൻ ശിക്ഷിക്കപ്പെടാൻ അർഹയല്ലെന്നും അവർ പറഞ്ഞു. താൻ തനിച്ചല്ല തൻറെ അതേ അനുഭവം പങ്കുവയ്ക്കുന്ന നിരവധി പേർ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കെയർ ഹോമുകളിലെ “നോ ജാബ്, നോ ജോബ്” നയം ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 60,000 ജീവനക്കാർക്കാണ് അടുത്ത ആഴ്ചയോടെ ജോലി നഷ്ടമാകുന്നത്. ഗവൺമെൻറിൻറെ ഈ നയം ജീവനക്കാർക്കിടയിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കുന്നതിന് വളരെ കുറച്ച് സ്വാധീനം മാത്രമാണ് ഉണ്ടാക്കിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഡിസംബർ മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നു.
Leave a Reply