ബ്രിട്ടീഷ് എയര്‍വേയ്സിനെതിരെ 52.88 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യാത്രക്കാരന്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ബിസിനസുകാരനായ ആന്‍ഡ്രിയാസ് വുച്‌നര്‍ ആണ് പരാതിക്കാരന്‍. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സൂറിച്ചിലേക്ക് പോകവെ ചെക്ക്-ഇന്‍ കൗണ്ടറിന് സമീപം നിലത്തുണ്ടായിരുന്ന ബെയ്‌ലീസ് ഐറിഷ് ക്രീം എന്ന മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിന് കാരണം വിമാനക്കമ്പനിയുടെ വീഴ്ചയാണെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. 50 ലക്ഷം പൗണ്ട് (ഏകദേശം 52 കോടി 88 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. മദ്യത്തില്‍ ചവിട്ടി കാല്‍ വഴുതി നിലത്തുവീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം കടുത്ത തലവേദനയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് വുച്‌നര്‍ പറയുന്നു. മസ്തിഷ്‌കത്തിനേറ്റ പരിക്ക് കാരണം ഏകാഗ്രതക്കുറവ്, മറവി എന്നിവ ബാധിച്ചുവെന്നും ഇതുകാരണം ജോലി ചെയ്യാന്‍ കഴിയാതെ തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. എങ്ങനെയാണ് മദ്യം നിലത്തുവീണത് എന്ന് വ്യക്തമല്ല. എന്നാല്‍ മദ്യം വീണ ഭാഗം വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനക്കമ്പനി ആണ് തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദിയെന്ന് യാത്രക്കാരന്‍ പറയുന്നു.

ഇതേ വിഷയത്തില്‍ 2021-ല്‍ ആന്‍ഡ്രിയാസിന് 130,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടനിലെ കോടതി വിധിച്ചിരുന്നു. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള തുടര്‍നിയമനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടമുണ്ടായ ദിവസത്തെ സംഭവങ്ങള്‍ കൃത്യമായി തന്നെ അദ്ദേഹം ജഡ്ജിയോട് വിശദീകരിച്ചു. ‘സ്റ്റാര്‍ബക്‌സില്‍ നിന്ന് കാപ്പി വാങ്ങിയ ഉടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിലെ ജീവനക്കാരന്‍ എന്നോട് ഉറക്കെ ആക്രോശിച്ചു. ഞാനാണ് വിമാനത്തിലെ അവസാന യാത്രക്കാരനെന്നും അതിനാല്‍ വേഗം വിമാനത്തിലേക്ക് പോകണമെന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. ഉടന്‍ ഞാന്‍ ബോര്‍ഡിങ് ഗെയ്റ്റിലേക്ക് കുതിച്ചു. എന്റെ കയ്യില്‍ നാല് കാപ്പിയുണ്ടായിരുന്നു. ഞാന്‍ ഓടുകയായിരുന്നില്ല, പക്ഷേ സാധ്യമായത്ര വേഗത്തിലാണ് ഞാന്‍ ഗെയ്റ്റിലേക്ക് പോയത്. കയ്യില്‍ നാല് കാപ്പിയുണ്ടെന്ന ബോധ്യത്തോടെയാണ് ഞാന്‍ വേഗത്തില്‍ നടന്നത്. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഡെസ്‌ക് ലക്ഷ്യമാക്കി പോയ ഞാന്‍ നിലത്തുകിടന്ന ബെയ്‌ലീസ് മദ്യത്തില്‍ ചവിട്ടുകയായിരുന്നു. രണ്ട് മീറ്ററോളം വായുവില്‍ മലക്കം മറിഞ്ഞ ശേഷം തല ഇടിച്ച് ഞാന്‍ നിലത്തുവീണു. എന്റെ കയ്യിലെ കാപ്പിക്കപ്പുകള്‍ പറന്നുപോയി.’ -ആന്‍ഡ്രിയാസ് ജഡ്ജിയോട് വിശദീകരിച്ചു.

എന്നാല്‍, ഇത്രവലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വാദം. ലണ്ടന്‍ കൗണ്ടി കോടതിയിലാണ് കേസ് നടക്കുന്നത്.