ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശി ഹരികൃഷ്ണന്റെ പരാതിയിലാണ് പൊലീസ് നടപടി. പാലക്കാട് പേപ്പർ കോട്ടൺ മിക്സ് നിർമ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാന്‍ പണം വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.
2018 മുതല്‍ രണ്ട് വര്‍ഷത്തിനിടെയാണ് പണം വാങ്ങിയതെന്നും പരാതിയിലുണ്ട്. കേസില്‍ കുമ്മനത്തിന്റെ മുന്‍ പി എ പ്രവീണ്‍ ഒന്നാം പ്രതിയാണ്. 28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും ഹരികൃഷ്ണന്‍ പറയുന്നു.
പണം തിരികെ കിട്ടാന്‍ മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അതിന്റെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. അവശേഷിച്ച പണം കൂടി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി. പ്രവീണിന്റെ വിവാഹസമയത്തും കുമ്മനം 10000 വായ്പ്പയായി വാങ്ങിയെന്ന് പരാതിയുണ്ട്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം സാമ്പത്തിക തട്ടിപ്പടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ്. പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറി. കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതിയില്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സ്ഥാനം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് സാമ്പത്തിക തട്ടിപ്പ് കേസ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കുമ്മനമാണ് തങ്ങളുടെ പ്രതിനിധിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ക്ഷേത്ര ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കത്ത് നല്‍കിയിരുന്നു. മുന്‍പ് നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നാമനിര്‍ദ്ദേശം. ഇക്കാര്യം ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. പത്മനാഭസ്വാമിക്ഷേത്ര സമിതിയിലെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ മുന്‍പ് നിശ്ചയിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രിം കോടതി അഞ്ചംഗ ഭരണസമിതിയെ നിര്‍ദ്ദേശിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ട്രസ്റ്റ് നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് അംഗങ്ങളായുള്ളത്.
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെത്തിയ കുമ്മനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും കുമ്മനത്തിന് പ്രധാനസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതി പിന്നീട് ഉയര്‍ന്നു. ബിജെപി ദേശീയ പുനസംഘടനയില്‍ കുമ്മനം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞെന്നാരോപിച്ച് സംസ്ഥാന ഘടകത്തിലെ പലവിഭാഗങ്ങള്‍ക്കും അമര്‍ഷമുണ്ട്.
Leave a Reply