വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലാണ് ശബരീനാഥൻ ഇപ്പോഴുള്ളത്. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിനേരത്തെ വാക്കാന് നിര്‍ദേശിച്ചിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന് കോടതിയെ അറിയിച്ചത്. 10.50നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമടങ്ങുന്ന സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്നും പ്രതിഷേധിക്കേണ്ടേ എന്നുമായിരുന്നു ശബരീനാഥന്റെ പേരിലുള്ള സന്ദേശം.
ഇതിനുപിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ എത്താൻ ശബരീനാഥന് പൊലീസ് നിർദേശം നൽകുകയായിരുന്നു. പത്തരയോടെയാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്.
അതേസമയം, ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയതുറ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ഗൂഢാലോചനയാണ് അറസ്റ്റെന്ന് ഹൈബി ഈഡൻ എം പി പ്രതികരിച്ചു.
Leave a Reply