ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് അന്‍പതു കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ അന്‍പതിലേറെ പേര്‍ ഇതിനോടകം പൊലീസിന് പരാതി നല്‍കി.

പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി. ഇസ്രായേലിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജും ഭാര്യ ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രായേലിലെ മലയാളികളും അവരുടെ കേരളത്തിലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒന്നരക്കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.

അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. വന്‍ തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.