കാക്കനാട്‌: മുട്ടാര്‍ പുഴയില്‍ മകള്‍ വൈഗയെ ജീവനോടെയെറിഞ്ഞു കൊലപ്പെടുത്തി നാടുവിടുമ്പോള്‍ സനു മോഹന്റെ പക്കലുണ്ടായിരുന്നത്‌ 9 ലക്ഷം രൂപ. അന്വേഷണസംഘത്തോട്‌ സനു മോഹന്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഏറെനാളത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമുണ്ടായ മകളോട്‌ സനുവിന്‌ വൈകാരികമായ അടുപ്പമുണ്ടായിരുന്നു. വൈഗയ്‌ക്കും അച്‌ഛനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും അച്‌ഛനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അവസാനയാത്രയാണെന്ന്‌ വൈഗ പ്രതീക്ഷിച്ചു കാണില്ല.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയശേഷം ഒരുമിച്ചു മരിക്കാമെന്ന്‌ സനു പറഞ്ഞപ്പോഴും വേണ്ടച്‌ഛാ എനിക്കു പേടിയാണെന്നാണ്‌ മകള്‍ പറഞ്ഞതെന്ന്‌ സനു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ആദ്യം ശ്വാസംമുട്ടിച്ചു. ബോധരഹിതയായ വൈഗ മരിച്ചെന്നു കരുതി കിടക്കവിരിയില്‍ പൊതിഞ്ഞ്‌ തോളിലിട്ടാണ്‌ പടിയിറങ്ങിയതും കാറില്‍ കയറിപ്പോയതും. എന്നാല്‍, മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഇയാളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സേലത്ത്‌ മള്‍ട്ടിപ്ലക്‌സ്‌ തീയറ്ററില്‍ സനു മോഹന്‍ രണ്ടു സിനിമകള്‍ കണ്ടത്‌ വൈഗയുടെ മൃതദേഹം കണ്ടെത്തിയ മാര്‍ച്ച്‌ 22-ന്‌ വൈകുന്നേരമാണ്‌.

ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ചിരുന്നെങ്കില്‍ കാറില്‍ വിലകൂടിയ മദ്യവും സിഗററ്റും വാങ്ങി ശേഖരിക്കില്ലായിരുന്നു. മദ്യത്തിനു പുറമേ ലഹരിമരുന്നിനും സനു അടിമയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.

പുഴയില്‍ എറിയുംമുമ്പ്‌ വൈഗയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത്‌ കോയമ്പത്തൂരില്‍ പണയംവച്ചതും ഗോവയിലെ ചൂതാട്ടകേന്ദ്രത്തിലെത്തി ചൂത്‌ കളിച്ചതിനും പിന്നിലും ദുരൂഹതയുണ്ട്‌. ഒമ്പതു ലക്ഷം വിലമതിക്കുന്ന പുതിയ ഫോക്‌സ്‌ വാഗണ്‍ ആമിയോ കാര്‍ കോയമ്പത്തൂരിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു വിറ്റു.

ഈ കാര്‍ പോലീസ്‌ തൃക്കാക്കരയില്‍ എത്തിച്ചിട്ടുണ്ട്‌. കോയമ്പത്തൂര്‍, സേലം, ഗോവ, ഊട്ടി, മഹാരാഷ്ര്‌ട, കൊല്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ്‌ ഇന്നു പൂര്‍ത്തിയാക്കും. സനുവിന്റെ ഭാര്യ രമ്യ, അടുത്ത ബന്ധുക്കള്‍ എന്നിവരെയും വൈകാതെ ചോദ്യംചെയ്യും.