ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മരിച്ച കോവിഡ് രോഗിയുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് ഹോസ്പിറ്റൽ വെൻഡിങ് മെഷീനിൽ നിന്നും ലഘുഭക്ഷണം വാങ്ങിയ എൻ എച്ച് എസ്‌ സ്റ്റാഫിന് ശിക്ഷ വിധിച്ച് കോടതി . 23 വയസ്സുകാരിയായ ആയിഷ ബഷരതിനാണ് 10 മാസത്തെ ജയിൽശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ബുധനാഴ്ച ബെർമിങ്ഹാം കോടതിയാണ് ശിക്ഷ വിധിച്ചത്. ജനുവരി 24ന് മരിച്ച എൺപത്തിയൊന്നു വയസ്സുകാരിയുടെ ബാങ്ക് കാർഡ്, അവർ മരിച്ച് മിനിറ്റുകൾക്കകം തന്നെ എൻ എച്ച് എസ്‌ സ്റ്റാഫ്‌ ദുരുപയോഗം ചെയ്യുകയായിരുന്നു. 1.56 ന് മരിച്ച കോവിഡ് രോഗിയുടെ കാർഡ് 17 മിനിറ്റുകൾക്ക് ശേഷം ചിപ് സും, സ്വീറ്റ്സും, ഡ്രിങ്ക്സും വാങ്ങുവാനായി ആയിഷ ഉപയോഗിക്കുകയായിരുന്നു. അന്നേദിവസം വൈകുന്നേരം തന്നെ ആ കാർഡ് ഉപയോഗിച്ച് മറ്റൊരു പർച്ചേസും ഇവർ നടത്തി.

ദിവസങ്ങൾക്കുശേഷം ഇവർ കാർഡ് വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും കാർഡ് ക്യാൻസൽ ആയിരുന്നു. കാർഡ് ആയിഷയുടെ കയ്യിൽ ആയിരിക്കുമ്പോൾ തന്നെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് കാർഡ് തറയിൽ നിന്നാണ് ലഭിച്ചതെന്നും, തന്റെ കാർഡുമായി ഇത് പൈസ അടച്ചപ്പോൾ മാറിപ്പോയതാണ് എന്നും ഇവർ പോലീസിന് വിശദീകരണം നൽകി. എന്നാൽ ഇരു കാർഡുകൾ വ്യത്യസ്ത നിറങ്ങൾ ആയിരുന്നുവെന്നു പോലീസ് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇവർ ഹോസ്പിറ്റൽ നിയമങ്ങളുടെ ലംഘനം നടത്തിയതായും അധികൃതർ പറഞ്ഞു. ഇവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ബർമിംഗ്ഹാം ഹോസ്പിറ്റൽ വക്താവ് അറിയിച്ചു. 10 മാസത്തെ ജയിൽ ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ 18 മാസത്തേക്ക് ഇത് താൽക്കാലികമായി കോടതി നീട്ടി വെച്ചിരിക്കുകയാണ്.

വിശ്വാസ വഞ്ചനയാണ് പ്രതിയുടെ ഭാഗത്തുനിന്നും രോഗിയുടെ ബന്ധുക്കളോട് ഉണ്ടായിരിക്കുന്നതെന്ന് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ആൻട്രു സ് നൗഡൺ പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ച രോഗിയുടെ ബന്ധുക്കളോട് അദ്ദേഹം നന്ദി അറിയിച്ചു.