പൂള്‍: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില് കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി സീസണ്‍ 5. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതു ചരിത്രം രചിച്ച നീലാംബരി സീസണ്‍ 5 പ്രവാസീ സമൂഹത്തിന് അവിസ്മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളില്നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്മയമൊരുക്കിയ സീസണ്‍ 5 ശനിയാഴ്ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില് ആയിരക്കണക്കിന് ആളുകളാണെത്തിയത്.
ആരംഭിച്ച് ഏതാനും മണിക്കൂറുകള്ക്കുള്ളില് തന്നെ ഉള്ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന് പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള് പിരിയാന് തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ് നീലാംബരി വേദിയില് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ അരങ്ങില് മികവിന്റെ പകര്ന്നാട്ടം നടത്തി. യുകെയിലെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകര് അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി.
വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില് മനോജ് മാത്രാടന്‍, ആദില് ഹുസൈന്, സുമന് എന്നിവര് ചേര്ന്ന് പരിപാടിയുടെ ഉദ്ഘാടന കര്മ്മം നിര്വഹിച്ചു.
പുതുമുഖ പ്രതിഭകള്ക്ക് അവസരം നൽകാന് സാധിച്ചതില് ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്ഷവും ജനപങ്കാളിത്തമേറുന്നത് തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ് മാത്രാടന്‍ പറഞ്ഞു.
മീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12-ന് ഇ.ഐ.എസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യു.കെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യു.കെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസ്തുത ടൂർണമെന്റിൽ മത്സര വിജയികളായവർ
1ാം സ്ഥാനം –Abin Baby & Praveenkumar ravi.
2ാം സ്ഥാനം – Twinkle Jose & Bennet varghese
3ാം സ്ഥാനം – Shane Thomas & Ebin thomas
4ാം സ്ഥാനം – Jince Devesya & vinoy
വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ ശ്രി. സ്റ്റാൻലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തിൽ, ശ്രി. സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.
പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
പൂള്‍: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി സീസണ്‍ 5 എത്തുകയായ്. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ മാസം 11 നാണ് നീലാംബരി അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം നീലാംബരിക്കു വേദിയ പൂള്‍ ലൈറ്റ് ഹൗസില്‍ ഇവന്റ് മാനേജ്‌മെന്റ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പലര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇക്കുറി നീലാംബരി സീസണ്‍ 5 അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗായകരാണ് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ മാറ്റു കൂട്ടാനെത്തുന്നു.
2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാമിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സംഘാടകര്‍ നീലാംബരി മെഗാഷോ പരമ്പര ആരംഭിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതുമുഖഗായകരും കുരുന്നു പ്രതിഭകളും നീലാംബരി സീസണ്‍ 5 ല്‍ പങ്കെടുക്കുമെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു. യുകെയിലെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകരും അരങ്ങിലെത്തും. തനി നാടന്‍ കേരള സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് പരിപാടി ആരംഭിക്കുക.
യു.കെ.യിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഓൾ യു.കെ. പുരുഷ-വനിതാ വടംവലി മത്സരം ഒക്ടോബർ നാലിന് ലിവർപൂളിലെ നോസ്ലി ലീഷർ & കൾച്ചർ പാർക്ക് ഹാളിൽ (Knowsley Leisure & Culture Park Hall, Huyton) വിജയകരമായി സമാപിച്ചു. മലയാളി സമൂഹത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണ് ഈ മെമ്മോറിയൽ ട്രോഫി. ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച പ്രോഗ്രാം കോ-ഓർഡിനേറ്റർ ഹരികുമാർ ഗോപാലൻ, ഈ കായിക മാമാങ്കത്തിന്റെ പ്രചോദനം ലിവർപൂൾ മലയാളി സമൂഹത്തിനായി ജീവിതം സമർപ്പിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകളിലാണ് കുടികൊള്ളുന്നതെന്ന് പറഞ്ഞു. അന്തരിച്ച ജോസ് കണ്ണങ്കരയുടെ മകൾ രേഷ്മ ജോസ് അദ്ദേഹത്തെക്കുറിച്ചുള്ള സ്‌നേഹപൂർവമായ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ടൈഗേഴ്‌സ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച പരിശീലനം നേടിയ 5 വനിതാ ടീമുകളും 15 പുരുഷ ടീമുകളും ഉൾപ്പെടെ ആകെ 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തിയത്.
റോയൽ ഡെലിക്കസിയും ലൈഫ്‌ലൈനുമാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെന്റിൽ നിന്ന് ഉള്ള ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് ചാമ്പ്യന്മാർക്ക് 1250 പൗണ്ടും ട്രോഫിയും റോയൽ ഡെലിക്കസി ഉടമ വിനോദിന്റെ മകൾ മിത്ര സമ്മാനിച്ചു. രണ്ടാം സ്ഥാനം ലഭിച്ച സ്റ്റോക്ക് ലയൺസ് ടീമിന് 850 പൗണ്ടും ട്രോഫിയും ലൈഫ്‌ലൈൻ കൈമാറി. മൂന്നാം സ്ഥാനം ലഭിച്ച ചാലഞ്ചേഴ്സ് സാലിസ്ബറിക്ക് 500 പൗണ്ടും ട്രോഫിയും ലിവർപൂൾ ടൈഗേഴ്‌സ് ക്യാപ്റ്റനും ട്രഷററും കൂടി സമ്മാനിച്ചു. നാലാം സ്ഥാനം ലഭിച്ച കൊമ്പൻസ് കാന്റർബറിക്കു 350 പൗണ്ടും ട്രോഫിയും ലഭിച്ചപ്പോൾ അഞ്ചുമുതൽ എട്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് പ്രത്യേകമായി 150 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.
ലീമയുടെ സ്വന്തം വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി, യു.കെ.യിലെ ഏറ്റവും മികച്ച വടംവലി ടീം എന്ന പദവിക്ക് അർഹരായി. Oldham and Worcester വനിതാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും ട്രോഫിയും ലഭിച്ചു.
രുചിയുടെ വൈവിധ്യങ്ങൾ ഒരുക്കി ഗോൾഡ് മൈൻ റെസ്റ്റോറൻ്റ് രാവിലെ മുതൽ തന്നെ കാണികൾക്കും മത്സരാർത്ഥികൾക്കും മികച്ച ഭക്ഷണം ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ലിമയുടെയും ലിവർപൂൾ ടൈഗേഴ്‌സിന്റെയും നേതൃത്വം നന്ദി അറിയിച്ചു. ഈ ഇവന്റ് ഇത്രയും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും, മത്സരത്തിന് പ്രോത്സാഹനവുമായി എത്തിയ കാണികൾക്കും, സാമ്പത്തികമായി പിന്തുണച്ച സ്പോൺസർമാർക്കും ലിവർപൂൾ മലയാളി അസോസിയേഷനും ലിവർപൂൾ ടൈഗേഴ്‌സും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
വടംവലി മത്സരം യു.കെ.യിലെ മലയാളികൾക്കിടയിലെ സാമൂഹിക കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായും, ഇനിയും ഇത്തരം സംരംഭങ്ങൾ തുടരുമെന്നും സംഘാടകർ അറിയിച്ചു. യു.കെ. മലയാളി സമൂഹത്തിനിടയിൽ ഒത്തൊരുമയും കായിക സൗഹൃദവും ശക്തിപ്പെടുത്തുന്ന അടുത്ത വർഷത്തെ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് യു.കെ. മലയാളി സമൂഹം.
ന്യൂസ് ഡെസ്ക് . മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. ഒരിടവേളയ്ക്കു ശേഷം മാന്ത്രിക ചെപ്പ് കൈയ്യിലെടുക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും ടീമും നയിക്കുന്ന മെഗാ ഷോയുടെ ടിക്കറ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ട് അസ്സോസിയേഷനുകളുടെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യൂ നിർവ്വഹിച്ചു. സെറിബ്രൽ പാൾസി രോഗം ബാധിച്ച ഗോഡ്സൺ പി ഷിജുവിന് ആദ്യടിക്കറ്റ് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കീത്തിലിയിൽ താമസിക്കുന്ന ഷിജു പൂണോലി ജോയ്സി ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ഗോഡ് വിൻ. ഗോഡ് വിനെ കൂടാതെ ഗ്ലോറിയ, സെനോറാ എന്ന രണ്ട് പെൺകുട്ടികളുമിവർക്കുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക് നൈറ്റ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
നവംബർ രണ്ട് ഞായറാഴ്ച വൈകുന്നേരം കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ടിക്കറ്റുകൾക്ക് വൻ തിരക്കാണുള്ളത്. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ 300 സീറ്റുകൾ 10 പൗണ്ട് നിരക്കിൽ സിൽവറും, 80 സീറ്റുകൾ 25 പൗണ്ട് നിരക്കിൽ ഗോൾഡും, 20 സീറ്റുകൾ 50 പൗണ്ട് നിരക്കിൽ ഡയ്മണ്ടുമായി ക്രമപ്പെടുത്തിയിരിക്കുന്നു.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾക്ക് ചെംസ്ഫോർഡിൽ ആവേശകരമായ തുടക്കം കുറിച്ചു. 2025 ഒക്ടോബർ 5-ന് മിഡ്മേ സ്പോർട്സ് സെന്ററിൽ നടന്ന വാശിയേറിയ മത്സരത്തിൽ 12 ഓളം ടീമുകൾ പങ്കെടുത്തു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗം ശ്രി. ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം റീജിയണൽ ലീഗ് മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വെച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കാനുള്ള മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വാശിയേറിയ മത്സരം നടന്ന ചെംസ്ഫോർഡ് റീജിയണൽ ടൂർണമെന്റിൽ ആൽവിൻ – ദീപു കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം – ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ആരുഹ്യ & ലവ് ഗോയൽ ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ആന്റണി ജോസഫ് യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
മത്സരത്തിന്റെ മുഴുവൻ നിയന്ത്രണം സമീക്ഷ ചെംസ്ഫോർഡ് യൂണിറ്റ് നേതൃത്വം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ തുടർന്നുള്ള കായിക പ്രവർത്തനങ്ങക്ക് പുതിയ ഊർജ്ജം പകർന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.
റോമി കുര്യാക്കോസ്
യു കെ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകൾ സാമൂഹിക–സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.
ഐ ഒ സി (യു കെ) ലെസ്റ്റർ യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി സംഗമം’ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമൺ, അനിൽ മർക്കോസ്, ജിബി കോശി, റോബിൻ സെബാസ്റ്റ്യൻ, ജെയിംസ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഐ ഒ സി (യു കെ) ബാൺസ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ‘രക്തദാനം ജീവദാനം’ എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെൽ എൻ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, യൂണിറ്റ് ഭാരവാഹികളായ രാജുൽ രമണൻ, വിനീത് മാത്യു എന്നിവർ നേതൃത്വം വഹിച്ചു.
രാജ്യത്ത് വ്യാപകമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോൾട്ടനിൽ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിൻ’ പരിപാടിയോട് ചടങ്ങുകളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി.
ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയിൽ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മുന്നോട്ടുവെച്ചത്.
ഷാജി തോമസ്
ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ സേവനദിവസമായി ആഘോഷിച്ചു. ബാരി: ഇന്ത്യയിലെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കുന്ന സമയത്ത് ഏകദേശം ഏഴായിരം കിലോമീറ്ററുകൾക്കിപ്പുറം വെയിൽസിലെ ബാരി മലയാളി വെൽഫയർ അസോസിയേഷൻ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗണ്ടിയുമായി സംയുക്തമായി ബാരി ഐലന്റിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മലയാളി വെൽഫയർ അസോസിയേഷന്റെ അംഗങ്ങൾ ഒക്ടോബർ രണ്ടിന് രാവിലെ പത്തു മണിക്ക് ബാരി ഐലൻഡിൽ ഒന്നിച്ചു കൂടുകയും ഗാന്ധി സ്മരണ നടത്തുകയും ചെയ്തു. തദവസരത്തിൽ നടത്തിയ ചടങ്ങിൽ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗന്റിയുടെ മുൻ മേയറായിരുന്ന കൗൺസിലർ ജൂലി ഏവിയേറ്റ് മുഖ്യ അഥിതി ആയിരുന്നു. കൗൺസിലർ ജൂലിയോടൊപ്പം യുക്മ ദേശീയ കമ്മിറ്റി അംഗവും ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലെ കൗൺസിലറായ ബെന്നി അഗസ്റ്റിൻ യോഗത്തിൽ സന്നിധിനായിരുന്നു.
യോഗത്തിൽ മലയാളി വെൽഫയർ അസോസിയേഷന്റെ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പ്രവീൺ കുമാർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് കൗൺസിലർ ബെന്നി അഗസ്റ്റിൻ മഹാത്മാ ഗാന്ധിയെക്കുറിച്ചു സംസാരിക്കുകയും അദ്ദേഹം ലോകത്തിന് നൽകിയ സംഭവനെപ്പറ്റി പരാമർശിക്കുകയും അദ്ദേഹത്തിന്റെ സത്യാഗ്ര-മാതൃക പിന്തുടരുവാൻ അംഗങ്ങളോട് അധ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യ അഥിതിയായ കൗൺസിലർ ജൂലി ഏവിയേറ്റ് ഗാന്ധി ജയന്തിയെ കുറിച്ച് സംസാരിക്കുകയും, ഗാന്ധിജി ലോകത്തിന് എന്നും ഒരു മാതൃക ആയിരുന്നു എന്നും പ്രതിപാദിച്ചു. അതുപോലെ തന്റെ കൗൺസിൽ മലയാളി വെൽഫയർ അസ്സോസിയേറ്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതായും പറഞ്ഞു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിൽ നടത്തുന്ന സേവന പരിപാടികളെക്കുറിച്ചു വിവരിക്കുകയും ചെയ്തു. യോഗത്തിന് ശേഷം റ്റോമ്പിൽ, ബെന്നി അഗസ്റ്റിൻ, ബെർളി, പ്രവീൺ, ടിറോൺ, നെൽസൻ, ശ്രീജിത്ത്, ദിലീപ്, സിജോ, മാത്യു, അക്സ, അനിൽ എന്നിവർ ബാരി ഐലൻഡിൽ സേവനദിനം ആചരിച്ചുകൊണ്ട്, ചുറ്റുപാടും ശുചികരണം നടത്തി. ഭാവിയിൽ എന്നും സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും, നമ്മുടെ മലയാളികളുടെ ഏതൊരാവശ്യത്തിലും മുൻഗണന പ്രാബല്യം നൽകി പ്രവർത്തിക്കുമെന്നും പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് പ്രഖ്യാപിക്കുകയും ലോകമെമ്പാടും എല്ലാവരും ഗാന്ധിജിയുടെ പാത തുടരട്ടെയെന്ന ആശംസയും നേർന്നു.
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാകണമെന്നും കേരള ചാപ്റ്ററിന്റെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു.
മെറ്റ് പൊലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാൻ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാന് നൽകിയ കത്തിൽ സുജു കെ ഡാനിയേൽ ആവശ്യപ്പെട്ടു. ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പറഞ്ഞു. അക്രമത്തിന് പകരം സമാധാനവും വിഭജനത്തിന് പകരം സംഭാഷണവും തിരഞ്ഞെടുക്കാൻ ഗാന്ധിയുടെ പൈതൃകം ലോകത്തോട് ആവശ്യപ്പെടുന്നതായും സാം പിത്രോഡ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വംശജരും ഗാന്ധിയൻ തത്വ ങ്ങളുടെ അഭിമാനികളായ അവകാശികളും എന്ന നിലയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ സമഗ്രവും സുതാര്യവുമായ അന്വേഷണം അതിവേഗം ഉണ്ടാകണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി കിയേർ സ്റ്റാർമർ ഉൾപ്പടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി അപലപിക്കണമെന്ന് ഐഒസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിക്രം ദുഹാൻ അവശ്യപ്പെട്ടു.