ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യാനുള്ള തീരുമാനത്തിൽ ആണ് ഇവർ. ലേബർ പാർട്ടി എംപി, ഇരുപത്തിമൂന്നുകാരിയായ നാദിയ വിറ്റൊമ് ആണ് പ്രശംസനീയമായ ഈ തീരുമാനം കൈക്കൊണ്ടത്. നോട്ടിങ്ഹാം ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കായാണ് തന്റെ പണം ഇവർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു എംപിയുടെ അടിസ്ഥാന വാർഷിക ശമ്പളം 79468 പൗണ്ടാണ്. ഇതു കൂടാതെ തന്നെ ഓഫീസിലെ പ്രവർത്തനങ്ങൾക്കായും, ഭവനത്തിനായും, ട്രാവലിംഗ് അലവൻസുകളായും അധിക പണം ലഭിക്കാറുണ്ട്. എംപിമാരുടെ സാലറി അധികം ആയതു കൊണ്ടല്ല, മറിച്ച്, അതു പോലെതന്നെ അധ്യാപകരും, അഗ്നിശമന സേനാംഗങ്ങളും, നേഴ്സുമാരും ഉയർന്ന സാലറിക്ക് അർഹരാണ്. അവർക്ക് ലഭിക്കാത്തത് തനിക്ക് ആവശ്യമില്ലെന്നാണ് നാദിയയുടെ തീരുമാനം. ഒരു എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും നാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലേബർ പാർട്ടിക്കേറ്റ പരാജയത്തെ സംബന്ധിച്ച് സംസാരിച്ച നാദിയ, പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി പാർട്ടി മുന്നോട്ടു പോകും എന്ന് അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ ബ്രെക്സിറ്റിനാണ് മുൻഗണന ലഭിച്ചത്. തനിക്കു വോട്ട് ചെയ്ത് തന്നെ ജയിപ്പിച്ചവർക്കായി നന്ദിയും അവർ അറിയിച്ചു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ക്രിസ്മസ് സമയത്ത് എല്ലാവരും തിരക്കാണ്. എന്നാൽ മറ്റ് എല്ലാവരെക്കാളും എൻഎച്ച്എസ് സ്റ്റാഫുകൾ കൂടുതൽ തിരക്കിലാണ്. അതിനാൽ അവരോടുള്ള നന്ദിസൂചകമായി സൗജന്യമായി യാത്രയും ഭക്ഷണവും ഒരുക്കുകയാണ് ഊബർ. ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് രണ്ട് സൗജന്യയാത്രകളോ, അല്ലെങ്കിൽ സൗജന്യഭക്ഷണമോ കഴിക്കാവുന്നതാണ് എന്ന് ഊബർ. തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകി സ്റ്റാഫുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് വെബ്സൈറ്റിൽ പറയുന്നു. ഊബർ ആപ്പ് ഇല്ലാത്തവർ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.
ഊബർ ആപ്പ് ഡൗൺലോഡ് ചെയ്ത്, രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകിയാൽ 18 വയസ്സിന് മുകളിലുള്ള ഏത് സ്റ്റാഫിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 പൗണ്ട് വിലമതിക്കുന്ന യാത്രകളും, ഭക്ഷണവുമാണ് ഊബർ ഒരുക്കുന്നത്. എന്നാൽ അതിനുമുകളിൽ ചെലവാകുന്നതിന് സ്റ്റാഫുകൾ പണം മുടക്കേണ്ടതാണ്. ഇതിന് ആവശ്യമായ രജിസ്ട്രേഷൻ ഫോമുകൾ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.