പ്രസ്റ്റൺ: സൗത്ത് ഇന്ത്യൻ മലയാളി അസോസിയേഷൻ (SIMA) യുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 2-ന് ‘നക്ഷത്ര ഗീതം 2025’ എന്ന പേരിൽ വിപുലമായ ക്രിസ്മസ് – പുതുവത്സര സാംസ്കാരിക വിരുന്ന് പ്രസ്റ്റണിൽ സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് പരിപാടികൾക്ക് വേദിയൊരുക്കിയിരിക്കുന്നത്.
വിപുലമായ കലാപരിപാടികൾ, സംഗീത നിശകൾ, മാജിക്, മെന്റലിസം, ഡിജെ, ഡാൻസ് തുടങ്ങിയ നിരവധി വേദികളിലൂടെ പുതുവത്സരാഘോഷത്തെ സമ്പന്നമാക്കുകയാണ് എസ് ഐഎംഎ. മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യം നിലനിർത്തുന്നതും കുടുംബസമേതം ആഘോഷിക്കാവുന്ന ഒരു ഉന്മേഷഭരിതമായ വേദി ഒരുക്കുന്നതുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ചലച്ചിത്ര–ടെലിവിഷൻ താരങ്ങളുടെ സാന്നിധ്യം
പരിപാടിയുടെ പ്രധാന ആകർഷണമായി പ്രശസ്ത ചലച്ചിത്ര–ടെലിവിഷൻ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതാണ്. കൂടാതെ പ്രശസ്ത മാജീഷ്യൻ–മെന്റലിസ്റ്റ് അവതരിപ്പിക്കുന്ന മാജിക്, മെന്റലിസം പ്രകടനങ്ങളും രാത്രി നിറഞ്ഞ സജീവ വിനോദപരിപാടികളും ഉൾപ്പെട്ടിരിക്കും.
പരിപാടിയുടെ പ്രധാന ഹൈലൈറ്റുകൾ
* ലൈവ് മ്യൂസിക് പരിപാടികൾ
*ഡിജെ & സാംസ്കാരിക നൃത്തങ്ങൾ
*SIMA Talent Showcase
*മാജിക് & മെന്റലിസം അവതരണങ്ങൾ
*സാന്റാക്ലോസിന്റെ പ്രത്യേക സന്ദർശനം
*ഫാമിലി ടിക്കറ്റിൽ പ്രത്യേക വിലക്കുറവ്
ക്രിസ്മസ് വിരുന്നിന്റെ ഭാഗമായി ഫാമിലി ടിക്കറ്റിനായി 25% വരെ പ്രത്യേക കിഴിവ് അനുവദിച്ചിട്ടുണ്ട്. വിലക്കുറവ് 2025 ഡിസംബർ 24 വരെ മാത്രം പ്രാബല്യത്തിൽ വരും.
പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: 02-01-2026 (വെള്ളി)
സമയം: വൈകുന്നേരം 5 മുതൽ രാത്രി 11 വരെ
സ്ഥലം: Longridge Civic Hall, 1 Calder Avenue, Longridge, Preston, PR3 3HT
ഡ്രസ് കോഡ്: ഫെസ്റ്റീവ് / ട്രഡീഷണൽ / വെസ്റ്റേൺ (താൽപര്യമനുസരിച്ച്)
ടിക്കറ്റ് ബുക്കിംഗ്
ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക:
➡️ https://forms.gle/T8XDuftmzxPQmsH26
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സന്തോഷ് ചാക്കോ (SIMA പ്രസിഡന്റ്), സംജിത്ത് – 07574939195, ബിനുമോൻ – 07774971088, മുരളി – 07400 185670, ബെൻ – 07491 346666, സുമേഷ് – 07442 422381.
“ജീവിതത്തിൽ സന്തോഷവും ഐക്യവും പങ്കുവയ്ക്കാൻ, മലയാളികളുടെ ഒരുമ വേദിയായി SIMA ‘നക്ഷത്ര ഗീതം’ മാറ്റം കൊണ്ടുവരുമെന്ന്” സംഘാടകർ അറിയിച്ചു.
– സൗത്ത് ഇന്ത്യൻ മലയാളി അസോസിയേഷൻ (SIMA), പ്രസ്റ്റൺ

റെക്കോർഡ് പങ്കാളിത്തത്തോടെ എട്ടാമത് ഓൾ-യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; കൗൺസിലർ പീറ്റർ യോർക്ക് മുഖ്യാതിഥിയായി.
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച എട്ടാമത് ഓൾ യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉജ്ജ്വല വിജയമായി. ഡിസംബർ 20-ന് നോർത്താംപ്ടണിലെ കരോലിൻ ചിഷോം സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും കമ്മ്യൂണിറ്റി സ്പിരിറ്റുമാണ് ദൃശ്യമായത്.

ജിനി തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസഫ്, അജു ലൂയിസ്, ജിത്തു തോമസ്, നിധിൻ പൗലോസ്, സിമി ജോസ്, സുജ ജിനി, മിധു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. അച്ചടക്കത്തോടെയുള്ള സംഘാടനവും കൃത്യനിഷ്ഠയും ടൂർണമെന്റിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തി.
പ്രധാന അതിഥികൾ
നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്കിന്റെ സാന്നിധ്യം ഈ വർഷത്തെ ടൂർണമെന്റിന് മാറ്റുകൂട്ടി. ഇത്തരമൊരു ബാഡ്മിന്റൺ ടൂർണമെന്റിൽ ആദ്യമായാണ് ഒരു കൗൺസിലർ പങ്കെടുക്കുന്നത് എന്നത് സംഘാടകർക്കും കായികതാരങ്ങൾക്കും വലിയ ആവേശമായി.
വിജയികൾ
വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ അനിൽ – ജോഹാൻ സഖ്യം ചാമ്പ്യന്മാരായി. അബിൻ – ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ, അനോൻ – ലെവിൻ സഖ്യം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

സമാപന ചടങ്ങ്
സമാപന ചടങ്ങിൽ അജു ലൂയിസ്, ഹേസൽവുഡ് ഗ്രൂപ്പ് സ്ഥാപകനും റിഫോം നോർത്താംപ്ടൺ ട്രഷററുമായ റോസ്ബിൻ രാജൻ, നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്ക് എന്നിവർ സംസാരിച്ചു. മലയാളി സമൂഹത്തിനിടയിൽ ഐക്യവും സ്നേഹബന്ധവും ഊട്ടിയുറപ്പിക്കാനും കായികപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇത്തരമൊരു ടൂർണമെന്റ് വലിയ പങ്കുവഹിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെയും കാണികളുടെയും വലിയ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ടൂർണമെന്റ് ചരിത്ര വിജയമായി മാറി. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ടൂർണമെന്റ് തുടരാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി
നിതിൻ ജോർജ് പെനാർത്ത്
ബാരി: ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്നിരുന്ന ആർട്സ് & ഡാൻസ് സെന്റർ വെയിൽ ഓഫ് ഗ്ളാമോർഗൻ എം പിയും യുകെ സയൻസ് & ടെക്നോളജി മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഇന്നലെ ഡിസംബർ 20 ന് ഉത്ഘാടനം ചെയ്തു. ബാരിയിലെ മലയാളികൾ നാളുകളോളം കാത്തിരുന്ന ഒരു ആർട്സ് സെന്റർ ഇവിടെ തുറക്കുകയായി.

കുട്ടികളുടെ വ്യക്തി വികസന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക, വിവിധ തരം ഇന്ത്യൻ ഡാൻസുകൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുക, മൊബൈൽ അടിമത്ത്വത്തിൽ നിന്നും കുറച്ചു മണിക്കൂറുകൾ എങ്കിലും മാറി നിൽക്കുവാൻ സഹായിക്കുന്ന വിവിധ തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, സംഗീത ക്ലാസുകൾ, മലയാളം ക്ലാസുകൾ, തുടങ്ങി പലതരം പരിപാടികളാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാരിയിലെ മലയാളികളുടെ പ്രിയങ്കരനായ കനിഷ്ക എല്ലാവരോടും ക്ഷേമാന്വേഷണങ്ങൾ നടത്തി.

യുകെ മന്ത്രി ആയിരിക്കെ തിരക്കേറിയ ജോലിത്തിരക്കിനിടയിലും ബാരിയിൽ ഓടിയെത്തിയ മന്ത്രിയെ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പ്രവീൺ കുമാർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. തുടർന്ന് ശ്രീ കനിഷ്ക നാരായൺ ആർട്ട് & ഡാൻസ് സെന്റർ ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു, എല്ലാവിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്തു. തുടർന്ന് യുക്മ ദേശീയ കമ്മറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, യുക്മ വെയിൽസ് റീജിയൻ വൈസ് പ്രസിഡന്റ് പോൾ പുതുശ്ശേരി, റീജിയണൽ ജോയിന്റ് സെക്രട്ടറി ഗീവർഗീസ് മാത്യു, റീജിയണൽ കമ്മറ്റി അംഗങ്ങളായ മാമ്മൻ ഫിലിപ്പ്, ബെർലി മാളിയേക്കൽ, അസോസിയേഷൻ എക്സിക്യൂട്ടീവ് നിതിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾ നൃത്തചുവടുകൾ കളിച്ചുകൊണ്ട് മന്ത്രിയുടെ സാന്നിത്യം കൂടുതൽ ശോഭനമാക്കി.

സിനിമയിൽ അഭിനയിക്കുകയോ സിനിമാ നിർമ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ ദീർഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളർത്തി നൽകിയ പ്രമുഖ സ്ഥാപനമാണ് കലാഭവൻ — ജയറാം, ദിലീപ്, കലാഭവൻ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്–ലാൽ, റാഫി–മെക്കാർട്ടിൻ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെർണി–ഇഗ്നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉൾപ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്നിക്കൽ മേഖലകളിലെ നിരവധിപേർ പ്രവർത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.
ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിൻ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവൻ ലണ്ടൻ, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവർക്കു പ്രൊഫഷണൽ പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നു.
ഈ പദ്ധതികളുടെ ആദ്യ ഘട്ടമായി, മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ലണ്ടനിൽ ഒരു ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. അനവധി ഹിറ്റ് ചിത്രങ്ങൾക്ക് രൂപം നൽകിയ പ്രശസ്ത സംവിധായകൻ ലാൽ ജോസും അദ്ദേഹത്തിന്റെ വിദഗ്ധ ടീമും ഈ വർക്ക്ഷോപ്പിന് നേതൃത്വം വഹിക്കുന്നു.
വർക്ക്ഷോപ്പിൽ പരിശീലനം നൽകുന്നവർ:
ഷിജു എം. ഭാസ്ക്കർ — സ്ക്രിപ്റ്റ് റൈറ്റർ & DOP
അരുൺ കുമാർ — സംവിധായകൻ
ശരൻ — നടൻ & ആക്ടിംഗ് ട്രെയ്നർ
📅 വർക്ക്ഷോപ്പ് തീയതികൾ
2026 ഫെബ്രുവരി 14 & 15
📍 ലണ്ടൻ
വർക്ക്ഷോപ്പിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ
Direction
Script Writing
DOP
Acting
Screen Acting Techniques
How to Face an Audition (Audition Tips)
Practical Sessions
ഇതോടൊപ്പം, Short Movie Production സംബന്ധിച്ച പ്രായോഗിക പരിശീലനവും, വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള തുടർ മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വർക്ക്ഷോപ്പിന്റെ ഭാഗമായി Connecting Actors & Filmmakers എന്ന പ്രത്യേക നെറ്റ്വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു . സിനിമയിൽ അഭിനയം, സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിംഗ്, DOP, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രധാന അവസരമായിരിക്കും.
സീറ്റുകൾ പരിമിതമാണ് — ദയവായി ഉടൻ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
ഡയറക്ടർ — കലാഭവൻ ലണ്ടൻ
📞 Mobile: 07841613973
📧 Email: [email protected]

അപ്പച്ചൻ കണ്ണഞ്ചിറ
മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓൺലൈൻ ‘സൂം’ സെമിനാർ സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിർഭരവുമായി.
കേംബ്രിഡ്ജ് എംപിയും,മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്ക്നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മീഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് വ്യക്തവും, വിദ്ഗദവുമായി സെഷൻ നയിച്ചു. നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദ്ദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഏറെ വ്യക്തവും, പ്രത്യാശപകരുന്നതുമായ ചോദ്യോത്തര സെഷനാണു നടന്നത്.
വിഷയത്തിന്റെ ഗൗരവവും, ആശങ്കകളും മനസ്സിലാക്കുന്നുവെന്നും, പുതിയ ഐഎൽആർ നയ നിർദ്ദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അതീവ ഗൗരവമായിത്തന്നെ, പാർലിമെന്റിൽ അവതരിപ്പിക്കുവാനും, എംപി മാർക്കിടയിൽ സ്വാധീനം ചെലുത്തുവാനും, കേംബ്രിഡ്ജ് എംപിയും മുൻ ക്യാബിനറ്റ് മന്തിയുമായിരുന്ന ഡാനിയേൽ സെയ്ക്നർ തന്റെ പൂർണ്ണവും ആത്മാർത്ഥവുമായ പിന്തുണ വാഗ്ദാനം നൽകുകയുണ്ടായി.
വിദഗ്ധ തൊഴിലാളി വിസയിലും, പങ്കാളിയുടെ വിസയിലും യു കെ യിൽ എത്തിയിട്ടുള്ള വ്യക്തികൾ, പത്ത് വർഷ പാതയിലേക്ക് നിർബന്ധിതരാകുമോ എന്ന ചോദ്യത്തിന് ഡാനിയൽ സെയ്ക്നർ എംപി, “നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും” എന്ന് പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയിൽ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവർക്കാണെന്നും, ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും, അവരുടെ അവകാശ നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായി ആർക്കും തോന്നുമെന്നും പറഞ്ഞു.
കുടിയേറ്റക്കാർ യുകെ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്ക്നർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകൾ. അമിതമായ കർക്കശമായ നിയമങ്ങൾ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എംപിമാരും, ആഭ്യന്തര സെക്രട്ടറിയുമായും നേരിട്ട് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി, ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ സീനിയർ പോളിസി അസോസിയേറ്റ് ബെത്ത് ഗാർഡിനർ സ്മിത്ത്, നിർദ്ദിഷ്ട ഐഎൽആർ പരിഷ്കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നൽകി. പുതിയ ILR ബേസ്ലൈൻ 5 വർഷത്തിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിക്കാൻ തന്നെ ഉദ്ദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടത്രേ. ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ഈ നിർദ്ദേശത്തിന് കീഴിൽ യോഗ്യത നേടുന്നതിന് ദൈർഘ്യം എടുക്കും . ഉയർന്ന വരുമാനമുള്ളവർക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വർഷങ്ങൾ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് അവരുടെ ടൈംലൈൻ 5-10 വർഷം വരെ നീട്ടിയേക്കാം. ILR നേടുന്നവർ പോലും ആനുകൂല്യങ്ങൾക്ക് അർഹരല്ല, ബ്രിട്ടീഷ് പൗരന്മാർക്ക് അർഹത പരിമിതപ്പെടുത്തികൊണ്ടുള്ള അഭൂതപൂർവമായ മാറ്റം അടക്കം കൂടുതൽ ഗൗരവമായ നിയമ ഭേദഗതികൾക്കും സർക്കാർ ആലോചിക്കുന്നുണ്ടെന്നും ട്രാൻസിഷണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി:
സെഷൻ്റെ അവസാനത്തിൽ,മുൻ നിയമ പരിഷ്കരണ കാമ്പെയ്നുകളിൽ ഉണ്ടായിരുന്നതുപോലെ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എം പി നൽകി. പുതിയ പ്രൊപോസൽ വളരെ ഗൗരവമാണെന്നും, സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകൾ അവരുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി, സമൂഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്തുഷ്ടനാണ് എന്നും ഉറപ്പു നൽകി. കൺസൾട്ടേഷൻ ഘട്ടത്തിൽ തുടർച്ചയായ സംവാദത്തിൻ്റെയും കൂട്ടായ ഇടപെടലിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകർക്കും പങ്കെടുത്തവർക്കും സെയ്ക്നർ നന്ദിയും അറിയിച്ചു.
ഐഒസി യു കെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി, റോമി കുര്യാക്കോസ് മോഡറേറ്ററായി. ഐ ഒ സി (യുകെ) ലീഗൽ അഡ്വൈസർ അഡ്വ.ബൈജു തിട്ടാല ‘സെമിനാർ ലീഡ്’ ആയിരുന്നു. സെമിനാറിൻ്റെ വിജയകരമായ ഏകോപനത്തിന് ഐഒസി കേരള ചാപ്റ്റർ ജോയിൻ്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം, മിഥുൻ, സൈമൺ ചെറിയാൻ, ജിബ്സൺ ജോർജ്ജ് , അരുൺ ഫിലിപ്പോസ്, ഐബി കെ ജോസഫ്, ജോബിൻ സെബാസ്റ്റ്യൻ, ജിബീഷ് തങ്കച്ചൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, ജോർജ്ജ് ജോൺ തുടങ്ങിയവർ കോർഡിനേറ്റ് ചെയ്തു.
പുതിയ ഐഎൽആർ നിർദ്ദേശങ്ങളുടെ കൺസൾട്ടേഷനിലും, ഇതര ആശങ്കകളിലും ഐഒസി യു കെ കേരള ചാപ്റ്റർ ഒപ്പം ഉണ്ടാവുമെന്നും, പരമാവധി ആളുകളിലൂടെ നിങ്ങളുടെ ശബ്ദം പ്രതിഷേധമായി എത്തിക്കുമെന്നും, സാമൂഹ്യ പ്രതിബദ്ധത പുലർത്തുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.


പ്രിയ സ്നേഹിതരേ, യുകെയിലെ ഇടുക്കി ജില്ലാ ക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം കോവിഡിന് ശേഷം വീണ്ടും ചാരിറ്റി പ്രവർത്തനങ്ങളുമായി നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് നല്ലൊരു നാളേയ്ക്കായി പിറന്ന നാടിനെ ഉപേക്ഷിച്ച് പോകുമ്പോഴും ആ പച്ചപ്പിനേയും അവിടുത്തെ പ്രിയപ്പെട്ടവരേയും എന്നും ചേർത്തു പിടക്കുന്നവരാണ് മലയാളിയെന്നത് നമ്മുടെ ഏറ്റവും അഭിമാനകരമായ കാര്യമാണ്.
ഇടുക്കിയെന്ന സുന്ദരിയേയും, മിടുക്കിയേയും ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ എത്തിചേർന്ന വലിയൊരു സമൂഹത്തിൻ്റെ കുട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം. കൂട്ടായ്മയുടെ ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ നാട്ടിലുള്ളവർക്കും കൈത്താങ്ങായി അവർക്കൊപ്പം കഴിഞ്ഞ 13 വർഷങ്ങളായി ഇടുക്കി ജില്ലാ സംഗമം പ്രവർത്തിച്ച് വരുന്നു. കഴിഞ്ഞ 13 വർഷങ്ങൾ കൊണ്ട് 1 കോടി 20 ലക്ഷം രൂപ നാട്ടിലും,യുകെയിലുമായി നൽകി കഴിഞ്ഞു. പിന്നിട്ട വർഷങ്ങളിൽ വളരെയേറെ സാമ്പത്തികമായ കഷ്ടപ്പെടുന്ന രോഗികൾക്കും, ഭവനരഹിതർക്കും ഒപ്പം ചേർന്നു പോകുവാൻ സാധിച്ചുവെന്നത് യുകെയിലുള്ള ഓരോ ഇടുക്കിക്കാർക്കും അവരോടൊപ്പം എന്നും സഹായമായ ഇതര സംഘടനകൾക്കും, കൂട്ടായ്മകൾക്കും അഭിമാനകരമായ കാര്യം തന്നെയാണ്.
ഈ വർഷവും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ചാരിറ്റിക്കായി കണ്ടെത്തിയ വ്യക്തി ഇടുക്കി നാരകകാന സ്വദേശിയാണ് രണ്ടു വ്യക്കകളും പ്രവർത്തനരഹിതമായി കൊണ്ടിരിക്കുന്ന ഷിനോയ്ക്ക് കിഡ്നിമാറ്റ ശസ്ത്രക്രിയക്ക് സഹായം നൽകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 38 വയസുള്ള ഷിനോയിക്ക് കിഡ്നി നൽകുന്നത് ഭാര്യയാണ്. ഈ കുടുംബത്തിന് മൂന്ന് കുട്ടികൾ ഉണ്ട്. കൂലിപണി എടുത്ത് ജീവിതം മുന്നോട്ട് പോകുന്ന സമയത്താണ് ഷിനോയിക്ക് കിഡ്നിക്ക് രോഗം ബാധിക്കുന്നത്, ശാശീരിക അസുഖത്താൽ കഷ്ടപെടുന്നതിനാൽ ഷിനോയിക്ക് ഇപ്പോൾ ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ കുടുംബത്തെ സഹായിക്കുവാൻ നിങ്ങൾ ഏവരുടെയും, സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ഷിനോയെയും,കുടുംബത്തെയും സഹായിക്കാൻ താല്പര്യം ഉള്ളവർ നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിൽ കൈമാറി ഈ കുടുംബത്തിൻ്റെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളികളാകൂ.
IDUKKIJILLA SANGAMAM
BARCLAYS
AC – 93633802.
SC- 20 76 92.
ഇടുക്കി ജില്ലാ സംഗമം യുകെക്ക് വേണ്ടി പ്രസിഡൻ്റ്, ബാബു തോമസ് .
07730883823
ചരിത്രം വിജയം കുറിച്ച സീസണ് 5 ന്റെ അലയൊലികള് അവസാനിക്കും മുമ്പെ നീലാംബരി സീസണ് 6ന് അരങ്ങൊരുങ്ങുകയായ്. പുത്തന് നീലാംബരിയില് മിന്നും പ്രകടനംകാഴ്ചവയ്ക്കേണ്ട കലാപ്രതിഭകളെ തെരെഞ്ഞെടുക്കുന്ന ഓഡിഷന് ആരംഭിക്കുന്ന വിവരം സന്തോഷപൂര്വം അറിയിക്കുന്നു. ഗാനാലാപനത്തില് മികവും അഭിരുചിയുമുള്ള ഗായകര്ക്ക് അപേക്ഷകള് നല്കാം. കരൊക്കെ ഉപയോഗിക്കാതെ പാടിയ ഗാനത്തിന്റെ ഓഡിയോ ആണ് അയയ്ക്കേണ്ടത്. ശ്രുതി ഉപയോഗിക്കാം.
മികവാര്ന്ന നര്ത്തകരില്നിന്നും അപേക്ഷകള് ക്ഷണിക്കുന്നു. ഭാരതീയ ശാസ്ത്രീയ-അര്ദ്ധ ശാസ്ത്രീയ നൃത്തരൂപങ്ങളും സിനിമാറ്റിക് – വെസ്റ്റേണ് നൃത്തശൈലികളും പരിഗണിക്കുന്നതാണ്. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അയയ്ക്കേണ്ടതാണ്. കേരളത്തില്നിന്നും യുകെയില്നിന്നുമുള്ള അംഗങ്ങളടങ്ങിയ പ്രത്യേക സമിതിയണ് അപേക്ഷകള് പരിശോധിച്ച് നീലാംബരിയില് പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുക. സമിതിയുടെ തീരുമാനം അന്തിമമാണ്.
ഭാവുകങ്ങളോടെ ടീം നീലാംബരി
WhatsApp number 07387041444
ലണ്ടൻ :- കൈരളി യുകെ യുടെ വാർഷിക ത്രിദിന ക്യാമ്പ് ;ദ്യുതി 2025 റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ ആഘോഷപൂർവ്വം സമാപിച്ചു. നവംബർ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ യു. കെ യുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യു കെ അംഗങ്ങൾ നോർത്താംപ്റ്റണിലെ നിർദ്ദിഷ്ട്ട ക്യാമ്പ് സൈറ്റിൽ ഒരുമിച്ചു കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളാണ് ദ്യുതിയിൽ അരങ്ങേറിയത്. കോർബി – ഈസ്റ്റ് നോർത്താംപ്ട്ടൻഷയർ പ്രദേശത്തിൻ്റെ എം.പി ലി ബാരൻ ക്യാംപ് സന്ദർശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ – വിസ നിയമങ്ങളിൽ സർക്കാരിൻ്റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ കൈരളി യു.കെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്റെ പ്രകാശനവും പ്രസ്തുത വേദിയിൽ വെച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് ടെഡ്എക്സ് പ്രഭാഷകനും യു.എൻ. യൂത്ത് ക്ലൈമറ്റ് ലീഡറും ആയ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യു.കെ യിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ( Sustainability development) സ്റ്റെം സെൽ ദാനത്തിനായുള്ള ബോധവത്കരണത്തിനൊടുവിൽ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാൻ തയ്യാറായി മുന്നോട്ട് വന്നത് വലിയ വിജയമായി കാണുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
എല്ലാവരും ഒരുമിച്ചിരുന്നുള്ള ക്രിസ്മസ് കാർഡ് നിർമ്മാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങൾ തുടങ്ങിയ പരിപാടികളിൽ ക്യാമ്പ് അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ക്യാമ്പ് സൈറ്റിൽ വച്ച് തന്നെ ഒരു നേരം തയ്യാറാക്കിയ തനി നാടൻ ഭക്ഷണവും, രാത്രിയിലെ ക്യാമ്പ് ഫയറും അതിനോട് ചേർന്ന് നടന്ന മിനി വെടിക്കെട്ടും ശേഷം പ്രായഭേദമന്യെ എല്ലാവരും ഒരുമിച്ച് ചുവടുകൾ വെച്ച ഡിജെ കലാശക്കൊട്ടും പാട്ടു കൂട്ടങ്ങളുമെല്ലാം ക്യാമ്പിന്റെ ആവേശം ഇരട്ടിയാക്കി. ക്യാമ്പിൽ നിന്ന് ലഭിച്ച അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും എന്നും തങ്ങൾ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെക്കാൻ ശ്രമിക്കുമെന്നും അവസാന ദിവസം യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ ഏവരും അഭിപ്രായപ്പെട്ടു.
ബിനു ജോർജ്
ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ഏഴു സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിന്റെ എട്ടാം പതിപ്പ് 2025 ഡിസംബർ 6 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ വച്ചു നടക്കും. ഉച്ചകഴിഞ്ഞു 2 മണി മുതൽ നടത്തപെടുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്റായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനത്തെത്തുന്നവർക്കും ബെസ്റ്റ് അപ്പിയറൻസിനും ട്രോഫികളും സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച ‘ജോയ് ടു ദി വേൾഡ്’ ഏഴാം പതിപ്പിൽ കിരീടം ചൂടിയത് ബിർമിങ്ഹാം സെൻറ് ബെനഡിക്ട് സീറോ മലബാർ മിഷൻ ആയിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, കവൻട്രി സെന്റ് ജോസഫ് സീറോ മലബാർ മിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനായ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോൿസ് ചർച്ച് അർഹരായി.
യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ ഇനിയും പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
Venue Address: Willenhall Social Club, Robin Hood Road, Coventry CV3 3BB
Contact numbers: 07958236786 / 07720260194 / 07828456564

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവത്തിനു, ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങൊരുങ്ങുന്നു. ലണ്ടൻ നഗരിയുടെ ഹൃദയഹാരിയിൽ ഇദംപ്രദമായി നടത്തപ്പെടുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 & ചാരിറ്റി ഈവന്റിന് ഈ വർഷം അണിയറ ഒരുക്കുക ലണ്ടനിലെ പ്രമുഖ സാംസ്കാരിക-സാമൂഹിക സംഘടനകളുടെ സഹകരണത്തോടെയാണ്. 2026 മാർച്ച് 7 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിക്കുകയും, മലയാള കവിതകളിൽ ആധുനികത, സാമൂഹികബോധം, ഹൃദയസ്പർശിയായ സംഗീതഭാവങ്ങൾ, പ്രകൃതിയോടുള്ള മമത എന്നിവ പകർന്നു നൽകിയ അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ തെളിഞ്ഞ ‘മഹത്വം’ മാത്രമാണ്. ഓ എൻ വി സാറിന്റെ മധുരിക്കും ഓർമ്മകളുമായി, സംഗീതോത്സവ വേദിയിൽ ഒരുക്കുന്ന സംഗീതാർച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നതിനും, നവ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7 ബീറ്റ്സ് മ്യൂസിക് ബാൻഡ്, സംഗീതോത്സവം സമർപ്പിക്കുക. യൂ കെ യിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വേദി പങ്കിടുന്ന ഈ സംഗീതോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനവും, പാർക്കിങ്ങും ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം, അതിസമ്പന്നമായ കലാവിരുന്നാവും ലണ്ടൻ നഗരിക്കു സമ്മാനിക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിലൂടെ സ്വരൂപിക്കുന്ന സഹായ നിധികൊണ്ട് കഴിഞ്ഞ എട്ടു വർഷങ്ങളായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ സംഘാടകർക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

കലയുടെ വർണ്ണ വസന്തം വിടരുന്ന സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar:
0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX