Association

സുമേശൻ പിള്ള

ലിവർപൂൾ : ലിവർപൂൾ ലയൺസ് വോളി ക്ലബ്‌ ജൂലൈ 7 -ന് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. യൂറോപ്പിലെ മികച്ച പത്തു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പൂളിൽ നിന്നും ആതിഥേയരായ ലിവർപൂൾ ലയൺസും കാർഡിഫ് ഡ്രാഗൻസ് സെമിയിൽ കടന്നപ്പോൾ രണ്ടാം പൂളിൽ നിന്നും കേബ്രിഡ്ജ് സ്പികേഴ്സും ഷെഫീൽഡ് സ്ട്രിക്കേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ അതിശക്തന്മാർ ആയ കാർഡിഫ് ഡ്രാഗൺസും കേബ്രിഡ്ജ് സ്പിക്കേഴ്സിന്റെയും പോരാട്ടം കാണികളെ മുൾമുനയിൽ നിർത്തി.

കേബ്രിഡ്ജിനു വേണ്ടി ഇന്ത്യൻ ആർമിയുടെ താരമായ ജിനീഷ് മാത്യുവും, കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചാർഡും കൗണ്ടർ അറ്റാക്കിങ്ങിലൂടെ ആക്രമണം അഴിച്ചു വിട്ടപ്പോൾ എബിൻ എന്ന പോരാളി ഷോട്ട് ബോൾ അറ്റാക്കിങ്ങിൽ തിളങ്ങി.കാർഡിഫിന്റെ “ശിവ ”എന്ന സർവീസ് മെഷീന്റെ പ്രത്യാക്രമണം കേബ്രിഡ്ജിന് എതിരെ സർവീസ് പോയിന്റ് നേടി മുൻ‌തൂക്കം നേടിയപ്പോൾ അറ്റാക്കർമാരായ ബിനീഷും അർജുനും കാർഡിഫിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കി. രണ്ടാം സെമിയിൽ ലിവർ പൂളും ഷെഫീൽഡും തമ്മിൽ ഉള്ള മത്സരത്തിൽ ഇന്ത്യൻ ആർമി താരമായ പ്രവീൺ ജോസ് എന്ന പടക്കുതിരയക് ഒപ്പം റോണിയും ഷാനുവും നയിച്ച ആക്രമണത്തെ വളരെ മനുവിന്റെ നേതൃത്വത്തിൽ തന്ത്രപൂർവം നേരിട്ട് ഷെഫീൽഡ് സ്ട്രൈകേഴ്സ് ഫൈനലിലേക്ക് കടന്നു.

കലാശകൊട്ടിൽ മിന്നൽ പിണറായ ഷെഫീൽഡിന്റ കുര്യച്ചനും മാത്യുവും മനുവും കളം നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം കിരീടം മോഹിച്ചു ഇറങ്ങിയ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കാൻ പര്യാപ്തമല്ലായിരുന്നു അവരുടെ നീക്കങ്ങൾ. നിലം കുഴിക്കുന്ന സ്മാഷുകൾ അർജുനും ബിനീഷും തൊടുത്തപ്പോൾ ശിവയുടെ “ശിവ താണ്ടവം ”തന്നെ ആയിരുന്നു കളിയുടെ എല്ലാ മേഖലയിലും. റോബിനും ക്യാപ്റ്റൻ ജിനോയും ഒരിക്കിയ ഡിഫെൻസിൽ ഷെഫ്ഫീൽഡിന്റെ കൗണ്ടർ അറ്റാക്കുകളെ പോയിന്റ് ആക്കാൻ കാർഡിഫിനു സാധിക്കുകയും തുടർച്ചയായ നാലാം കിരീടത്തിൽ മുത്തം ഇടാൻ സാധിക്കുകയും ചെയ്തു.

ശ്രീ ജിജോ, ശ്രീ ഷാബു ജോസഫ് എന്നിവർ ആയിരുന്നു കാർഡിഫിന്റെ കോച്ച്. ഡോ മൈക്കിൾ പ്രസിഡന്റ്‌ ആയും ശ്രീ ജോസ് കാവുങ്ങൽ മാനേജർ ആയും കാർഡിഫിനു കരുത്തുപകരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ അർജുനും ഓൾ റൗണ്ടർ ആയി ഷെഫ്ഫീൽഡിന്റെ മനുവും സെറ്റർ ആയി ഷെഫ്ഫീൽഡിന്റെ അരവിന്ദിനെയും തിരഞ്ഞെടുത്തു. ആതിഥേയരായ ലിവർപൂൾ ലയൺസ് മൂന്നാസ്ഥാനം കരസ്ഥമാക്കി. വോളിബോളിന് നൽകിയ സമഗ്ര സംഭവനയ്ക് ലിവർ പൂൾ താരം പ്രവീൺ ജോസിനെ ആദരിച്ചു.

മാഞ്ചസ്റ്ററിലെ കെയർഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയത്. സമീക്ഷയ്ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്മെന്‍റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലർത്തിയ സഹപ്രവർത്തകൻ യുവാവിനെതിരെ മാനേജ്മെന്‍റിന് വ്യാജപരാതി നല്‍കി. കെയർ ഹോമിലെ അന്തേവാസിയായ ബ്രിട്ടീഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടൻ ഒത്തുതീർപ്പാർക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്മെന്‍റ് നിർദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍
ഇതിനോടകം കെയർ ഹോം അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന യുവാവ് സമീക്ഷ ലണ്ടൻ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാൻ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പർ ജിജു സൈമണും മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ കെ.ഡിയും സഹായ സഹകരണങ്ങൾ ഉറപ്പാക്കി.

യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവൻ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാർ നിയമസാധ്യതകളെ കുറിച്ച്
പഠിച്ചു. ടെർമിനേഷൻ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റെെറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റെെറ്റ് നിർബന്ധമാണ്. ഇക്കാര്യം
കാണിച്ച് കെയർഹോം മാനേജ്മെന്‍റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായി. ഉടൻ ജോലിക്ക് ഹാജരാകാൻ അറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്കിന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയിൽ എത്തി ഇത്തരം ചതിയിൽപ്പെടുന്നവർക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.

യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓൾ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.

രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ശ്രീ ഷിനോ ടി പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത കരുത്തിൻ്റെ പോരാട്ടത്തിൽ വിശിഷ്ടാതിഥികളായി ആഷ്ഫോർഡിൽ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടണിലെ ആദ്യ മലയാളി എം. പി ശ്രീ സോജൻ ജോസ്ഥ്, നാട്ടിൽ നിന്നു എത്തിച്ചേർന്ന പുതുപ്പള്ളി എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, യു ക്കെയിലെ സെലിബ്രേറ്റി ഷെഫ് ശ്രീ ജോമോൻ കുറിയാക്കോസ്, ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്സ്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.

നിലവിലെ ചാമ്പ്യൻമാരായിരുന്ന ടൺ ബ്രിഡജ് വെൽസ് ടസ്കേഴ്സിനെ വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ മലർത്തിയടിച്ച് വൂസ്റ്റർ തെമ്മാടീസ് ഫൈനലിൽ എത്തിയപ്പോൾ മറ്റൊരു കരുത്തുറ്റ ടീമായ ഹെറിഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനൽ പോരാട്ടത്തിനു അങ്കം കുറിച്ചത്. യു.കെയിൽ എമ്പാടും നിന്ന് പതിനെട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആരാണ് വിജയികൾ എന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികൾക്ക് ലഭിച്ചത്.

ആദ്യം മുതൽ അവസാനം വരെ തിങ്ങി നിറഞ്ഞ വടംവലി പ്രേമികൾക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആർപ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാർ മാറ്റുരച്ചപ്പോൾ യു.കെ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ആഘോഷമായി സഹൃദയയുടെ വടംവലി മത്സരം മാറുകയായിരുന്നു. മത്സര ഇടവേളയിൽ സഹൃദയ ചെണ്ടമേളം ടീമിൻ്റെ ഫ്യൂഷൻ ചെണ്ടമേളം, ചടുല നൃത്തചുവടുകളുമായി വനിതകളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ മത്സരത്തിനു കൂടുതൽ മിഴിവേകി.

2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യൻസ് ട്രോഫിയും ക്യാശ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയൺസ് എ ടീം കരസ്ഥമാക്കിയപ്പോൾ വൂസ്റ്റർ തെമ്മാടീസ് രണ്ടാം സ്ഥാനവും (607 പൗണ്ട്), ഹെറിഫോർഡ് അച്ചായൻസ് മൂന്നാം സ്ഥാനവും (307 പൗണ്ട്) , ടൺ ബ്രിഡ്ജ് വെൽസ് ടസ്കേയ്സ് നാലാം സ്ഥാനത്തും (207 പൗണ്ട്), ടീം പുണ്യാളൻസ് അഞ്ചാമതും, കൊമ്പൻസ് കാൻ്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവർപൂൾ ടീം എട്ടാം സ്ഥാനവും നേടി.

കടുത്ത വാശിയോടെ നടന്ന മത്സരങ്ങൾ തന്മയത്തോടെ നിയന്ത്രിച്ചത് ശ്രീ ബിജോ പാറശ്ശേരിൽ, ശ്രീ. സെബാസ്റ്റ്യൻ എബ്രഹം, ശ്രീ. ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായിരുന്നു.

ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാ ടീമംഗങ്ങൾക്കും, മത്‌സരം സ്പോൺസർ ചെയ്ത എല്ലാ സ്പോൺസേഴ്സിനും, കൂടാതെ ഈ മൽസരം കാണുവാനായി യു.കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേർന്ന എല്ലാ വടംവലി പ്രേമികൾക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡൻ്റ് ആൽബർട്ട് ജോർജ്, വൈസ് പ്രസിഡൻ്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോൾ, ജോയിൻ്റ് സെക്രട്ടറി ജിനു തങ്കച്ചൻ , പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗീസ് , ട്രഷറർ റോജിൻ മാത്യു ജോയിൻ്റ് ട്രഷറർ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

സൗഹൃദയ ഓൾ യു കെ വടംവലി മത്സരത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ വിജയകിരീടം ചൂടി. തുടക്കം മുതൽ നടന്ന എല്ലാ മത്സരങ്ങളിലും എതിരാളികളുടെ മേൽ വിജയം നേടിയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. വാശിയേറിയ ഫൈനൽ മത്സരത്തിൽ വൂസ്റ്റർ തെമ്മാടി യെയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ പരാജയപ്പെടുത്തിയത്. മൂന്നും നാലും സ്ഥാനങ്ങളിൽ വന്ന അച്ചായൻസ് ഹെർഡ്ഫോർഡും തസ്കർ കെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ജൂലൈ 7 ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറിയപ്പോൾ വിശിഷ്ടാതിഥിയായി എത്തിയത് പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മൻ ആയിരുന്നു. യുകെ മലയാളികളുടെ യശസ്സ് വാനോളം ഉയർത്തി ആദ്യമായി ബ്രിട്ടന്റെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയായ സോജൻ ജോസഫിന്റെ സാന്നിധ്യവും മത്സരാർത്ഥികളുടെയും കാണികളുടെയും ആവേശം ഇരട്ടിയാക്കി.

ഒന്നാം സമ്മാനവും 1007 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ അക്ഷരാർത്ഥത്തിൽ ഒരു തിരിച്ചുവരവാണ് നടത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ മത്സരരംഗത്തില്ലായിരുന്നു. എന്നാൽ മാനേജർ സജിമോൻ തോമസിന്റെയും ക്യാപ്റ്റൻ അജി തോമസിന്റെയും നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ നടത്തിയത്. സ്റ്റോക്ക് ഓൺ ട്രെൻഡ് ലയണിലെ നോബി ജോസഫ് ആണ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

ഷാജി വർഗീസ് മാമൂട്ടിൽ

ആൾഡർഷോട്ട്: “നമ്മുടെ സ്വന്തം ആൾഡർഷോട്ട്” (എൻഎസ്എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്എ സൂപ്പർ കിങ്സ് (ആൾഡർഷോട്ട്)കിരീടം നേടി. ഫൈനൽ മത്സരത്തിൽ സറെ ഫീനിക്സ് ടീമിനെയാണ് സൂപ്പർ കിങ്സ് തോൽപിച്ചത്.

 

ഞായറാഴ്ച രാവിലെ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ കേംബർലി റോയൽസ്, സറെ ഫീനിക്സ് (ഗിൽഫോർഡ്), ഫാൺബറോ ഗാങ്, സോളൻറ് റേഞ്ചേഴ്‌സ് (പോർട്സ്മൗത്ത്), വോക്കിങ് കിങ്സ് എന്നീ ടീമുകൾ പങ്കെടുത്തു. സമയ പരിമിതിമൂലം ആദ്യം രജിസ്റ്റർ ചെയ്ത ആറു ടീമുകളാണ് പരസ്പരം മാറ്റുരച്ചത്. മത്സരത്തിന് മുന്നോടിയായി മെഡിസിറ്റി സ്പോൺസർ ചെയ്ത എൻഎസ്എ സൂപ്പർ കിങ്‌സിൻ്റെ പുതിയ ജേഴ്സിയുടെ ലോഞ്ച് ഇവിടുത്തെ സിറോ മലബാർ മിഷൻ ഡയറക്ടർ ഫാ. എബിൻ നിർവഹിച്ചു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശത്തോടൊപ്പം ഉത്സവ പ്രതീതിയും ഉണർത്തി.

വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ലൈഫ് ലൈൻ പ്രൊട്ടക്ട് എന്ന ഇൻഷുറൻസ് കമ്പനിയാണ് സ്പോൺസർ ചെയ്തത്. ഉജ്ജ്വല പ്രകടനം നടത്തിയ എൻഎസ്എ സൂപ്പർ കിങ്സിൻ്റെ അലക്സ് പോളി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കരസ്ഥമാക്കി. ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബിൻ്റെ ക്യാപ്റ്റൻ ജോണിൽ നിന്നും എൻഎസ്എ സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് വിജയികൾക്കുള്ള ട്രോഫിയും പുരസ്കാരവും ഏറ്റുവാങ്ങി. ലൈഫ് ലൈൻ പ്രൊട്ടക്ട് മാനേജർ ബിജേഷ് റണ്ണേഴ്‌സിനുള്ള ട്രോഫിയും പുരസ്കാരവും സറെ ഫീനിക്സ് ടീമിന് സമ്മാനിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ മത്സരം സംഘടിപ്പിക്കുമെന്ന് എൻഎസ്എ ടീം ഭാരവാഹികൾ അറിയിച്ചു.

ലണ്ടൻ : യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി എംഎൽഎ ശ്രീ.ചാണ്ടി ഉമ്മന് ഒഐസിസി നാഷണൽ പ്രസിഡൻ്റ് കെ കെ മോഹൻദാസും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു .യുകെ യിൽ സംഘടിപ്പിച്ച മറ്റു പരിപാടികളിൽ പങ്കെടുത്ത ശേഷം ഒ ഐ സി സി നാഷണൽ കമ്മറ്റി അംഗങ്ങളും ഒഐസിസി സറേ റീജൺ പ്രഡിഡന്റ് ശ്രീ വിൽ‌സൺ ജോർജിന്റെയും , ഒഐസിസി യുകെ ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജിന്റെയും മുഖ്യ നേതൃത്വത്തിലും , മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി .

ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 ന് ഒരു വർഷം തികയുകയാണ് , ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ആചരണവും ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തുടക്കവും വലിയ രീതിയിൽ ജൂലൈ 28 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ അറിയിച്ചു. ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ ഇപ്പോഴത്തെ യുകെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം , ഒഐസിസി യുടെ നാഷണൽ , റീജണൽ , നേതാക്കൾമാത്രം ഉൾകൊള്ളിച്ചു പെട്ടെന്ന് വിളിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്‌നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു.

ഒഐസിസി യൂകെ നേതക്കാന്മാർ മാത്രം പങ്കെടുത്ത് കൊണ്ടു് ചാണ്ടി ഉമ്മന് നൽകിയ അത്താഴ വിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികളെ കുറിച്ചും ചാണ്ടി ഉമ്മൻ വിശദീകരിച്ചു , താനും യുകെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും , അന്ന് താനും ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് ഒഐസിസി നാഷണൽ ജനറൽ സെകട്ടറി ബേബികുട്ടി ജോർജ്ജ് , റീജണൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ , ഒഐസിസി യൂകെ നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ ശ്രീ അപ്പാ ഗഫുർ , ശ്രീ സുജു ഡാനിയേൽ , ശ്രീമതി ഷൈനു മാത്യു വൈസ് പ്രസിഡൻ്റ് അൾസ ഹാർഅലി ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോജ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു , ഒഐസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റോണി ജേക്കബ് , ശ്രീ,ജയൻ റാൻ, ശ്രീ സോണി ചാക്കോ, ശ്രീ, സാജു ആൻ്റണി ഒഐസിസി, സറേ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , ,ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ് , ട്രഷറർ. ശ്രീ ബിജു വർഗീസ് , സത്യം ന്യൂസ്‌ ചീഫ് റിപ്പോർട്ടർ (യു കെ), ശ്രീ റോമി കുര്യാക്കോസ് , സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ.ഷാംജിത്ത് ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ലിലിയ പോൾ , സറേ റീജണൽ നേതാവ് ശ്രീ ജോർജ് ജേക്കബ് , ഒഐസിസി സാറേ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .

അതി വിപുലമായി ജുലൈ 28 ന് യുകെ ഒഐസിസി കമ്മറ്റി നടത്താനിരിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷീക അനുസ്മരണവും , ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉത്ഘാടനവും ഒരു വലിയ വിജയമാക്കി തീർക്കുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി . കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എം.പിയും ,ശ്രീ, എം.കെ പ്രേമചന്ദ്രൻ എം.പി അടക്കം ഒ.ഐ.സി.സിയുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി , ഒന്നാം ചരമ വാർഷിക പരിപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും, കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യുകെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ പരിപാടികൾ എന്നുറപ്പ്. ജുലൈ. 28 ന് നടത്തുന്ന ശ്രീ ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉൽഘാടനത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബേബികുട്ടി ജോർജ്ജിനോടും , ജോയിൻ കൺവീനർമാരായ ശ്രീ അപ്പാ ഗഫുർ ശ്രീ വിൽ‌സൺ ജോർജ് എന്നിവരുമായി ബന്ധപെടാമെന്നു ഒഐസിസി നേതൃത്വം അറിയിച്ചു.

ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുകെ മലയാളികൾ ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ് നാടിന്റെ ഓർമ്മകളും ചിന്തകളും.അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി , മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യു കെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം വർണ്ണാഭമായി ജൂൺ 29-ാംതീയതി ശനിയാഴ്ച കൊവെൻട്രിയിൽ വെച്ച് നടന്നു . കോവിഡിനുശേഷം സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും, നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .

പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ടടർ പ്രേംചന്ദ് ഉത്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ , ചാരിറ്റി കോർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി . തുടർന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റ് ആയി വർഗീസ് ജോണിനെയും സെക്രെട്ടറി ആയി പ്രെസെന്ന ഷൈനെയും, ട്രഷററായി സജിബെന്നിനെയും , ചാരിറ്റി കോർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും, എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ ,സാജൻ മാടമന , മനോജ് ജേക്കബ് ,ലിനി പോൾ എന്നിവരെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു .

ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ,അടുത്ത വർഷം യു കെ യിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേർത്തല സംഗമത്തിന് തിരശീല വീണത് !

പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ച് നടന്നു. യുകെ യുടെ വിവിധഭാഗങ്ങളിൽ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി.രാവിലെ 11നു ആരഭിച്ച കലാ മത്സരംങ്ങളോടെ ആരവത്തിന് അരങ്ങേറി. .തുടർന്ന് നാടൻ രുചികളുമായുള്ള നാടൻ സദ്യയും വൈകിട്ട് 4 നു ചേർന്ന പൊതുസമ്മളെനത്തിൽ സെക്രട്ടറി ആദർശ് ചന്ദ്രശേഖർ സ്വാഗതം, പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ് അധ്യക്ഷൻ, പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ടോണി ചെറിയാൻ & ഫാദർ ബിജു പന്താലൂക്കാരൻ എന്നിവർ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉത്ഘാടന കർമം നിർവഹിച്ചു, .മുൻ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിൻ പാലാട്ടി ആശംസകൾ അറിയിച്ചു. .. മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടർന്ന് വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു .

പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് ചങ്ങാത്തതിലെ കലാകാരൻമാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കിയ സംഗീത നിശയും ഒടുവിൽ ആരവം ആഘോഷം കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡിജെ എബി ആൻഡ് ടീം. അങ്ങനെ ഈ വർഷത്തെ ചാലക്കുടി ചങ്ങാത്തം അതി ഗംഭിരമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്നു.

പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ഈ വരുന്ന ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറും.

വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കെൻ്റിലെ അങ്കത്തട്ട് വീണ്ടും ഉണരുമ്പോൾ  കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി കരുത്തു തെളിയിക്കാൻ യു.കെയിലെ വടംവലി ടീമുകളിലെ വമ്പന്മാരും കൊമ്പന്മാരുമായ പതിനെട്ട് ടീമുകൾ കെൻറിലെ ഹിൽഡൻബറോയിലേക്ക് വീണ്ടും എത്തുകയാണ്.

യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും സൗന്ദര്യവും  പകർന്നു നൽകിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം  ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ മല്ലന്മാരുടെ മനകരുത്തിൻ്റെ പോരാട്ടത്തിൻ്റെ  എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞെന്നു സംഘാടക സമിതി  അറിയിച്ചു.

ഈ കരുത്തിന്റെയും മെയ് വഴക്കത്തിൻ്റെയും ചടുലനീക്കങ്ങളുടെയും തീ പാറുന്ന പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനത്തു എത്തുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.

ഏഴു പേർ അണിനിരക്കുന്ന ടീമുകൾക്ക്  നിജപ്പെടുത്തിയിരിക്കുന്ന ഭാരം 580 കിലോയാണ്. ടീം രജിസ്ട്രേഷൻ, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തൽ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാൽ ടീമുകൾ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്. ഇടവേളകൾ ആനന്ദകരമാക്കുവാനായി സഹൃദയ അംഗങ്ങളുടെ നൃത്ത നൃത്യങ്ങള്‍, കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, രുചിയൂറും വിഭവങ്ങളുമായി ടോണ്ടൻ മട്ടാഞ്ചേരി ക്യാറ്ററിംഗിൻ്റെ ലൈവ് കിച്ചൺ, നിങ്ങളിൽ ആരാണ് ഭാഗ്യവാൻ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാർക്കിംഗ് സൗകര്യവും.

ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം‌ വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെയിലെ ഒരോ വടംവലി പ്രേമികളെയും  ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.

വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം:

Sackville School, Hildenborough, Kent TN11 9HN

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് – 07956 184796 സെക്രട്ടറി – ഷിനോ 07990935945, പ്രോഗ്രാം കോർഡിനേറ്റർ – ജോജോ – 07723 343216

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷൻ സംഘടിപ്പിച്ച ‘പിക്നിക്ക്’ വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ് യാർമോത്ത്, ഗോൾസ്റ്റൺ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.

കുട്ടികൾ ബീച്ചിലും, റൈഡുകളിലും തകർത്താടിയ പിക്നിക്കിൽ മണലിൽ കാസിലുകൾ തീർത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്നിക്ക് ആകർഷകമാക്കി. മുതിർന്നവർ കുട്ടികളുടെ ആഹ്ളാദ ഇനങ്ങളിൽ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്ബോളും നടത്തി.

ചൂടുള്ള നാടൻ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോൾസ്റ്റനിൽ നിന്നുള്ള കാറ്ററർ ജിൽവിൻ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകൾ ഒന്നിച്ചൊരു വേദിയിൽ കാണുവാൻ കഴിഞ്ഞ ‘ക്ലാസ്സിക് ആൻഡ് വിൻറ്റേജ് കാർ ഷോ’ പിക്നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളിൽ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.

 

സ്നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച ‘വൺ ഡേ പിക്നിക്ക്’ ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സർഗ്ഗം അസ്സോസ്സിയേഷൻ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ എന്നിവർ പിക്നിക്കിന്‌ നേതൃത്വം നൽകി.

 

Copyright © . All rights reserved