ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു.
ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ അടുത്തവർഷം മോർട്ട്ഗേജ് നിരക്കുകളിൽ കുറവുണ്ടാകുമെന്ന അഭിപ്രായമാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം കുറയുമെന്നും അതിനോട് അനുബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്നതുമാണ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുമെന്നത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു വീട് സ്വന്തമാക്കണമെന്ന പ്രതീക്ഷകൾക്ക് ചിറകു മുളയ്ക്കുന്ന വാർത്തയാണ്. എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ എവിടെ തുടങ്ങും എങ്ങനെ ചെയ്യണം എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല . ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് മലയാളം യുകെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
അടുത്തവർഷം ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായി ചെയ്യേണ്ടത് ഒരു വ്യക്തിഗത സേവിങ് അക്കൗണ്ട് ആരംഭിക്കുക എന്നതാണ് . ആദ്യമായി വാങ്ങുന്നയാൾക്ക് നൽകുന്ന ശരാശരി നിക്ഷേപം £34,500 ആണ്. അതുകൊണ്ട് എത്രയും വേഗം നിങ്ങൾ സേവ് ചെയ്യാൻ തുടങ്ങുന്നുവോ അത്രയും നല്ലത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെ നിങ്ങളുടെ സേവിംഗ്സ് അലവൻസ് പരമാവധി വിനിയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സൗജന്യ ബോണസായി 22,000 പൗണ്ട് ലഭിക്കും എന്ന് ഡിജിറ്റൽ മോർട്ട്ഗേജ് ബ്രോക്കർ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ഡാന പറയുന്നു.
കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജ് ഓപ്ഷനുകൾ കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപം സമാഹരിക്കാൻ പാടുപെടുന്നവർക്ക് ഇപ്പോൾ 95% ലോൺ-ടു-വാല്യൂ (എൽടിവി) ഡീലുകൾ ലഭ്യമാണ് എന്ന് മോർട്ട്ഗേജ് ബ്രോക്കർമാരായ ലണ്ടൻ & കൺട്രിയിൽ നിന്നുള്ള ഡേവിഡ് ഹോളിംഗ്വർത്ത് പറയുന്നു. പുതിയ കണക്കുകൾ പ്രകാരം 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏത് സമയത്തേക്കാളും കുറഞ്ഞ നിക്ഷേപ മോർട്ട്ഗേജുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്.
സ്വന്തമായി ഒരു വീട് എന്നത് യുകെയിൽ എത്തുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്ന രീതിയിലുള്ള വായ്പാ പദ്ധതികളാണ് നിലവിലുള്ളത്. താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരു വീട് ലഭിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ഉടമസ്ഥാവകാശം പങ്കിടുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. 1980 കൾ മുതൽ ഇംഗ്ലണ്ടിൽ ഈ രീതി നിലവിലുണ്ട്. ഇതിനായി വീട് വാങ്ങുന്നയാൾക്ക് ഒരു ചെറിയ നിക്ഷേപം ആവശ്യമാണ്. നിങ്ങളുടെ ഓഹരി വാങ്ങാൻ ഒരു മോർട്ട്ഗേജ് എടുത്ത് ബാക്കിയുള്ളതിന് ഭൂവുടമയ്ക്ക് വാടക നൽകാം. കാലക്രമേണ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൻ്റെ അളവ് വർദ്ധിപ്പിക്കാനും വാടക പേയ്മെൻ്റുകൾ കുറയ്ക്കാനും കഴിയും. “സ്റ്റെയർകേസിംഗ്” എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒടുവിൽ നിങ്ങളുടെ വീട് പൂർണ്ണമായും സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം.
സ്വന്തം ലേഖകൻ
മുംബൈ: ക്രിക്കറ്റ് താരം ധോണി തന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെ ആരാധകരുമായി കൂടുതൽ അടുക്കുന്നു. ആരാധകര്‍ക്കായി ഈ അവിസ്മരണീയ സമ്മാനം ഒരുക്കുന്നത് സിംഗിള്‍ ഐഡിയാണ്. Single.id യുടെ ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമയുമായ അഡ്വ. സുഭാഷ് മാനുവലിന്റെ നേതൃത്യത്തിൽ രൂപകല്പന ചെയ്ത ഈ ആപ്പ്, ധോണിയുടെ ആരാധകർക്ക് അദ്ദേഹത്തോടൊപ്പം കൂടുതൽ അടുത്ത ബന്ധം ഉണ്ടാക്കുവാനുള്ള അവസരം നൽകുന്നു. ധോണിയുടെ എക്‌സ്‌ക്ലൂസീവ് വീഡിയോകളും ചിത്രങ്ങളും കാണുവാനും, അദ്ദേഹവുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ധോണി തന്നെ പോസ്റ്റ് ചെയ്യും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളും മറ്റും കാണുവാനും ലൈക്ക് ചെയ്യുവാനും സാധിക്കും. ധോണി ആപ്പിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യമായിരിക്കും.
ഇതിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സിംഗിള്‍ ഐഡി ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയുമായ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. www.dhoniapp.com എന്ന ലിങ്കിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്കാണ് പ്ലാറ്റ്‌ഫോം സേവനം സൗജന്യമായി ലഭിക്കുക. രജിസ്‌ട്രേഷനായി ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ഐഡി മാത്രം നല്‍കിയാല്‍ മതിയാവും.
ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകുന്ന ഈ ആപ്പിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ കാണുവാനും പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അവ ആസ്വദിക്കാൻ സാധിക്കുമെന്നും, ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാവുകയാണെന്നും Single.id ഡയറക്ടർ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.
പ്രീ -രജിസ്ട്രേഷൻ നടത്തുവാൻ ഉടൻ തന്നെ www.dhoniapp.com സന്ദർശിക്കുക.
ധോണിയുടെ വിരളമായ ചിത്രങ്ങളും ഫാന്‍ ഇന്ററാക്ഷനും ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്‌മെയര്‍ പറഞ്ഞു. “ആരാധകരെ ധോണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും Single.id ഡയറക്ടർ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.
യു.കെ ആസ്ഥാനമായുള്ള റിവാർഡ്സ് സാങ്കേതിക വിദ്യാ കമ്പനിയാണ് Single.id. 2014-ൽ ബിഷ് സ്മെയർ സ്ഥാപിച്ച ഈ കമ്പനി Payment-Linked-Rewards ഇൻഫ്രാസ്ട്രക്ചറുമായി വിവിധ രാജ്യങ്ങളിലെ ധനകാര്യ സേവന സ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വരും ദിവസങ്ങളിൽ യുകെയിൽ ഭവന വായ്പ എടുക്കുന്നതിനുള്ള ചിലവ് ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി മോർട്ട്ഗേജ് നിരക്കുകളിൽ കുറവ് വന്നു കൊണ്ടിരുന്നത് വീട് വാങ്ങുന്നവർക്ക് ഉപകാരപ്രദമായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചതും മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതും ഭവന വിപണിയിൽ വൻ ഉണർവിന് കാരണമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വീടുകളുടെ വില തുടർച്ചയായ മൂന്നാം മാസവും റിക്കോർഡ് ഉയരത്തിൽ എത്തിയ വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ വാർത്തയാക്കിയിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റിലെ മത്സരം കനത്തപ്പോൾ മോർട്ട്ഗേജ് നൽകുന്ന സ്ഥാപനങ്ങൾ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് തടയിട്ടു കൊണ്ട് കവന്ററി ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.
മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോർട്ട്ഗേജ് ഉയർത്താൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബർ 30 – ന് ചാൻസിലർ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഉയർന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാൻഷ്യലിൻ്റെ ബ്രോക്കർ ആരോൺ സ്‌ട്രട്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീടില്ലാതെ തെരുവിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് യുകെയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. തെരുവിൽ ഉറങ്ങാൻ വിധിക്കപ്പെട്ടവർ മുതൽ താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന നിരവധി ആളുകളെയാണ് ഇത് ബാധിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള ചിലവ് കൂടിയത്, തൊഴിലില്ലായ്മ, ക്ഷേമപരിപാടികൾ സർക്കാരുകൾ വെട്ടിക്കുറച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലുള്ളത്. ലണ്ടൻ നഗരത്തിൽ മാത്രം 2023 -ൽ ഏകദേശം പതിനായിരത്തിനടുത്ത് ആളുകൾ മോശമായ സാഹചര്യത്തിൽ അന്തി ഉറങ്ങേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
നിലവിൽ സർക്കാർ നൽകി വരുന്ന ധനസഹായം തുടർന്നില്ലെങ്കിൽ യുകെയിലെ ഭവന രഹിതരെ പിന്തുണയ്ക്കുന്ന ചാരിറ്റികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പ്രമുഖ ചാരിറ്റിയുടെ 76 മേധാവികൾ ചാൻസലർ റേച്ചൽ റീവ്സുമായി കൂടികാഴ്ച നടത്തിയിരുന്നു. അടിയന്തരമായി 1 ബില്യൺ പൗണ്ടിന്റെയെങ്കിലും ധനസഹായം ചാരിറ്റികൾക്ക് നൽകണമെന്നാണ് അവരുടെ ഇടയിൽനിന്ന് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ വർഷം സഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായി ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ലണ്ടനിലെ റഫ് സ്ലീപ്പിംഗും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
ഇംഗ്ലണ്ടിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം താത്കാലിക വസതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 12% വർധിച്ച് 117,000-ലധികമായി. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമെന്ന് ഒരു ചാരിറ്റിയായ കണക്ഷൻ സപ്പോർട്ട് പറഞ്ഞു. ബക്കിംഗ്‌ഹാംഷെയറിലും ഓക്‌സ്‌ഫോർഡ്‌ഷെയറിലും ഉള്ള ഭവന രഹിതരെ സഹായിക്കുന്ന ചാരിറ്റിയാണ് കണക്ഷൻ സപ്പോർട്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികകൾ ഭവനരഹിതരെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ ലേബർ പാർട്ടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5 ശതമാനത്തിൽ നിലനിർത്തിയതിനു ശേഷം പൗണ്ടിന്റെ നിരക്ക് യുഎസ് ഡോളറിനെതിരെ രണ്ടര വർഷത്തിനിടെയുള്ള അതിൻറെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിച്ചു. പൗണ്ടിന്റെ നിരക്ക് ഒരു ശതമാനം ഉയർന്ന് 1.331 ഡോളറിലെത്തി. ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.
പൗണ്ടിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയ്ക്ക് എതിരെ മെച്ചപ്പെട്ട നില കൈവരിച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമായി. ഇന്നലെ 111.19 വരെയാണ് പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നത് . 2010-ൽ പൗണ്ടിന്റെ നിരക്ക് 71 രൂപ വരെ എത്തിയിരുന്നു. ഒരു വർഷത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ പൗണ്ടിന്റെ നിരക്ക് 100 രൂപ ആയിരുന്നിടത്താണ് നിലവിലെ നിരക്ക് എത്തിയത്.
അമേരിക്ക പലിശ നിരക്ക് കുറച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ചലനം സൃഷ്ടിച്ചു. ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്ക് അര ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറയുന്നത് നിക്ഷേപകരെ സ്വർണ്ണത്തിലേയ്ക്ക് ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ പലിശ നിരക്കായ 5 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അവലോകന യോഗത്തിൽ തീരുമാനത്തെ എട്ടു പേർ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തതായാണ് റിപ്പോർട്ടുകൾ.
പലിശ നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം നിലവിലില്ല എന്ന അഭിപ്രായമാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാർഷിക പണപെരുപ്പ നിരക്ക് മാറ്റമില്ലാതെ 2.2 ശതമാനത്തിൽ തുടരുന്നതാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്ക് ലക്ഷ്യം 2 ശതമാനമാണ്.
പ്രതീക്ഷിച്ച പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുന്നോട്ടാണെങ്കിൽ കാലക്രമേണ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധിക്കും എന്നും, എന്നാൽ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും മോണിറ്ററി കമ്മിറ്റിയുടെ അവലോകനത്തിനു ശേഷം പലിശ നിരക്ക് കുറയുന്ന വിഷയത്തെ പരാമർശിച്ച് ബെയ്‌ലി അഭിപ്രായപ്പെട്ടു . യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്കുകൾ അര ശതമാനം കുറച്ചിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന പോളിസി മീറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അരശതമാനം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
ഗൾഫ് : യുഎഇ നിവാസികൾക്ക് ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ നേരിട്ട് ട്രേഡ് ചെയ്യാം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ M2 ൻ്റെ സ്പോട്ട് മാർക്കറ്റ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികളായ ബിറ്റ്‌കോയിനിനെയും ഇതീരിയത്തിനെയും ദിർഹത്തിലേയ്ക്ക് മാറ്റുവാനും തിരിച്ച് ക്രിപ്റ്റോയിലേയ്ക്ക് മാറ്റുവാനും അവസരം ഒരുക്കുന്നു.
പുതിയ സംയോജനം ഉപയോക്താക്കളെ “വിപണിയിലെ മാറ്റങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുത്താൻ” പ്രാപ്തമാക്കുന്നുവെന്ന് M2 ടീം വിശ്വസിക്കുന്നു, ഇത് അവരുടെ പ്രാദേശിക കറൻസി എളുപ്പത്തിൽ ക്രിപ്റ്റോയിലേക്ക് പരിവർത്തനം ചെയ്യാൻ അനുവദിക്കുന്നു.
പുതിയ സംയോജനം “മേഖലയിലെ വെർച്വൽ അസറ്റുകളുടെ വിശാലമായ പ്രവേശനക്ഷമത”ക്കുള്ള ഒരു നാഴിക കല്ലായി മാറുമെന്നും, ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ലോകത്തിലെ “കർശനമായ നിയന്ത്രണ ചട്ടക്കൂടുകളുള്ള യുഎഇ സർക്കാരും ഈ നീക്കത്തെ നിയന്ത്രിക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് എടുത്തുപറഞ്ഞു.
വർഷങ്ങളായി, ക്രിപ്‌റ്റോ കറൻസി ഉപഭോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ യുഎഇ ശ്രമിച്ചു. 2022-ൽ, ദുബായിലെ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി (VARA) ഉപഭോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി വിപണനക്കാരും പ്രൊമോട്ടർമാരും അവരുടെ പരസ്യങ്ങളിൽ കൂടുതൽ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.അങ്ങനെ ക്രിപ്റ്റോ കറൻസി മേഖലയിലെ എല്ലാ നിയമങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തികൊണ്ട് ഒരു പൂർണ്ണ ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറികൊണ്ട് ഗൾഫ് മേഖലയിലെ തന്ത്രപ്രധാന സ്ഥാനം നേടിയെടുക്കാനാണ് യുഎഇ ശ്രമിക്കുന്നത്.
അമേരിക്ക : ക്രിപ്‌റ്റോ വോട്ട് തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾക്ക് ‘വലിയ അവസരമുണ്ട്, പുതിയ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർത്ഥി ക്രിപ്‌റ്റോയ്ക്ക് മുൻഗണന നൽകണമെന്ന് ക്രിപ്‌റ്റോ അഭിഭാഷകൻ ജേക്ക് ചെർവിൻസ്‌കി എക്‌സിലെ ഒരു പോസ്റ്റിൽ പറയുന്നു.
പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ ക്രിപ്റ്റോ വോട്ടർമാരെ തിരികെ ആകർഷിക്കാൻ കഴിഞ്ഞാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയ സാധ്യത ഉണ്ടെന്ന് യു എസിലെ വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബൈഡൻ സ്വീകരിച്ച ക്രിപ്‌റ്റോ വിരുദ്ധ നിലപാടുകൾ മാറ്റിയാൽ ക്രിപ്‌റ്റോയെ അനുകൂലിക്കുന്നവരുടെ വലിയൊരു പങ്ക് വോട്ടും തിരികെ നേടാനുള്ള നല്ല അവസരമാണ് ബൈഡന്റെ പിന്മാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വേരിയൻ്റ് ഫണ്ട് ചീഫ് ലീഗൽ ഓഫീസറും, മുൻ ബ്ലോക്ക്‌ചെയിൻ അസോസിയേഷൻ അഭിഭാഷകനുമായ ജേക്ക് ചെർവിൻസ്‌കി ജൂലൈ 22 ലെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
വളരെ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർത്ഥി ക്രിപ്‌റ്റോയ്ക്ക് മുൻഗണനയും പ്രധാന്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ക്രിപ്റ്റോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് വോട്ടർമാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ക്രിപ്റ്റോ അനുകൂല നിലപാട് സ്വീകരിച്ചതോട് കൂടി ക്രിപ്റ്റോ കറൻസികൾ ഇത്തവണത്തെ യു എസ് തെരഞ്ഞെടുപ്പിന്റെ ജയപരാജയത്തെ നിർണ്ണയിക്കും എന്ന് ഉറപ്പായികഴിഞ്ഞു
യുകെ : സാമ്പത്തിക സേവന ദാതാവായ സ്ട്രൈപ്പ് യൂറോപ്യൻ വിപണിയിലേക്ക് അതിൻ്റെ ക്രിപ്‌റ്റോകറൻസി സംയോജനം വിപുലീകരിച്ചു. പ്രാദേശിക ഉപഭോക്താക്കളെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ക്രിപ്‌റ്റോ വാങ്ങാൻ സ്ട്രൈപ്പ് ഇപ്പോൾ അനുവദിക്കുന്നു.
സ്ട്രൈപ്പിൻ്റെ ചീഫ് ക്രിപ്‌റ്റോ ഓഫീസർ ജോൺ ഈഗൻ പറയുന്നതനുസരിച്ച്, വേഗത്തിലും എളുപ്പത്തിലും ക്രിപ്‌റ്റോ വാങ്ങുന്നതിന് യൂറോപ്യൻ ഉപഭോക്താക്കളെ സഹായിക്കാൻ ഈ വിപുലീകരണം ബിസിനസുകളെ പ്രാപ്‌തമാക്കും.
ജൂലൈ 16 ലെ ഐറിഷ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് അനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ സ്ഥിതിചെയ്യുന്ന ഷോപ്പർമാർക്ക് അവരുടെ കാർഡുകൾ ഉപയോഗിച്ച് ഇനിയും നിരവധി ക്രിപ്‌റ്റോ കറൻസികൾ വാങ്ങാൻ കഴിയും.
ഇപ്പോൾ, സാമ്പത്തിക സേവനത്തിനായി സ്ട്രൈപ്പിൻ്റെ ഓൺറാമ്പിനെ ആശ്രയിക്കുന്ന വ്യാപാരികൾക്ക് കൂടുതൽ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകുമെന്നും ഇത് അവരുടെ ബിസിനസ്സ് വളർത്തുന്നതിലും ഉപഭോക്താക്കളെ സഹായിക്കുന്നതിനും കഴിയുമെന്ന് സ്ട്രൈപ്പ് അറിയിച്ചു.
സ്ട്രൈപ്പ് സ്‌റ്റേബിൾകോയിൻ പേയ്‌മെൻ്റുകളെ പിന്തുണയ്‌ക്കാൻ തുടങ്ങുമെന്നും അടുത്തിടെ പ്രഖ്യാപിച്ചു, അതിലൂടെ ക്രിപ്റ്റോ കറൻസികളെ ഡോളറോ യൂറോയോ പോലുള്ള ഫിയറ്റ് കറൻസികളിലേക്ക് തൽക്ഷണം മാറ്റാൻ കഴിയുമെന്നും അറിയിച്ചു.