Business

സ്വന്തം ലേഖകൻ 

ദുബായ് : ക്രിപ്‌റ്റോ കറൻസികൾക്ക് അനുകൂലമായ റെഗുലേറ്ററി ചട്ടക്കൂട് അതിവേഗത്തിൽ നടപ്പിലാക്കി, എല്ലാ ബ്ലോക്ക് ചെയിൻ – ക്രിപ്‌റ്റോ കറൻസി ബിസിനസുകളും നടത്തുവാൻ കഴിയുന്ന ഒരു രാജ്യമായി യുഎഇ മാറ്റുവാനുള്ള നടപടികളുമായി ദുബായ് അതിവേഗം മുന്നേറുന്നു. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഉടൻ നടപ്പിലാക്കികൊണ്ട്  ലോകം മുഴുവനിലുമുള്ള എല്ലാ ക്രിപ്റ്റോ സ്ഥാപനങ്ങളെയും , ക്രിപ്റ്റോ സംരംഭകരെയും  ആകർഷിച്ചുകൊണ്ട്  ദുബായിയെ ആഗോള ക്രിപ്റ്റോ ഹബ്ബായി മാറ്റുവാനാണ് യു എ ഇ ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31 മുതൽ ദുബായിലെ എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ( VARA ) യുടെ നിബന്ധനകൾക്ക് ബാധകമായി പ്രവർത്തിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നു. 

 

ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസിൽ , പൂർണ്ണമായും ഗവണ്മെന്റിന് നിയന്ത്രണമുള്ള സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ നടക്കുന്ന അപകടങ്ങളെ ഒഴിവാക്കാൻ കഴിയുമെന്നും  ഇത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായി മാറുകയാണെന്നും യു എ ഇ വ്യക്തമാക്കി. വിശാലമായ സാമ്പത്തിക സേവന രംഗത്ത് വെർച്വൽ ആസ്തികൾക്ക് ഒരു വലിയ ഇടം കാണുന്നുവെന്നും യു എ ഇ വെളിപ്പെടുത്തി.

ക്രിപ്റ്റോ കറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോഴും അല്ലെങ്കിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങുമ്പോഴോ,  ഒരു ഹോട്ടൽ ബില്ലിൽ പണം അടയ്‌ക്കുമ്പോഴും എന്ത് തരം മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ക്രിപ്‌റ്റോ കറൻസി ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസിൽ വ്യക്തമാക്കുന്നതായിരിക്കും. ആഗസ്റ്റ് 31 മുതൽ, ‘ഫുൾ മാർക്കറ്റ് പ്രോഡക്റ്റ്’ ലൈസൻസിന് യോഗ്യത നേടുന്ന ദുബായിലെ സ്ഥാപനങ്ങൾക്ക് VARA (വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ ഭരണത്തിലേക്ക് മാറാൻ കഴിയും.

2023 ജനുവരി മുതൽ  ക്രിപ്‌റ്റോ കറൻസി , വെർച്വൽ അസറ്റ് ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളുടെ എണ്ണത്തിൽ 33 ശതമാനം വർദ്ധനവ് വന്നതായി സോവറിൻ കോർപ്പറേറ്റ് സർവീസസിലെ ഓപ്പറേഷൻസ് ഡയറക്ടർ സാന മൂസ പറഞ്ഞു. ക്രിപ്റ്റോ അനുകൂലമായ നിയന്ത്രണ അന്തരീക്ഷവും യുഎഇയുടെ ഫിൻ‌ടെക് സാധ്യതകളും പ്രയോജനപ്പെടുത്താൻ പ്രാദേശിക സംരംഭകരിൽ നിന്നും, അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നും അനേകം അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്നും അവ കൂടുതലും യുകെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണെന്നും സാന മൂസ വ്യക്തമാക്കി    

യുഎഇ ആതിഥേയത്വം വഹിച്ച് അടുത്ത മാസങ്ങളിൽ നടക്കാൻ പോകുന്ന ക്രിപ്‌റ്റോ ഇവന്റുകൾക്ക് മുമ്പായിട്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ (VASPs) അവരുടെ സ്ഥാപനങ്ങൾ ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റെഗുലേറ്റർ ബോഡിയിൽ രജിസ്റ്റർ ചെയ്യുന്നതിനും, ലൈസൻസ് നേടുവാൻ  സഹായിക്കുന്നതിനും ഞങ്ങൾ തയ്യാറാണെന്നും യു എ ഇ വെളിപ്പെടുത്തി .

ഇതിനായി ക്രിപ്‌റ്റോ ബിസിനസ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്താണ് ബിസിനസസ്സ് പ്ലാനെന്നും, പൂർണ്ണമായ പ്രയോജനങ്ങൾ എന്തെന്നും ,  ഉടമയുടെ വിശദാംശങ്ങളും , സ്ഥാപനങ്ങളെ പറ്റിയുള്ള വിശദാംശങ്ങളും  ഉൾപ്പെടെയുള്ള രേഖകൾ നൽകികൊണ്ട് പ്രാഥമിക അംഗീകാരത്തിന് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത് .

പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം, ഓഫീസ് സ്ഥലം വാടകയ്‌ക്കെടുക്കൽ, ജീവനക്കാരുടെ ബോർഡിംഗ്, മറ്റ് ആവശ്യമായ പ്രവർത്തന വശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരു പ്രവർത്തന സജ്ജീകരണം അപേക്ഷക സ്ഥാപനം പൂർത്തിയാക്കേണ്ടതുണ്ട്. വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർ ( VASP ) ലൈസൻസ് ലഭിക്കുന്നതിന് നാല് പ്രാഥമിക റൂൾ ബുക്കുകളും  നിർദ്ദേശിച്ചിട്ടുണ്ട് . അതിൽ പ്രധാനമായും കമ്പനിയെപ്പറ്റിയും , കംപ്ലയിൻസ് ആൻഡ് റിസ്ക് മാനേജ്മെന്റിനെപ്പറ്റിയും , ഐടി, മാർക്കറ്റ് പെരുമാറ്റ തലങ്ങളെ പറ്റിയുമുള്ള നിബന്ധനകളും ഉൾക്കൊള്ളുന്നുണ്ട്.

അതനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്  ഉപദേശക സേവനങ്ങൾ, ബ്രോക്കർ ഡീലർ സേവനങ്ങൾ, കസ്റ്റഡി സേവനങ്ങൾ, എക്സ്ചേഞ്ച് സേവനങ്ങൾ, വായ്പയും കടവും, വെർച്വൽ അസറ്റ് മാനേജ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ, വിഎ ട്രാൻസ്ഫർ ആൻഡ് സെറ്റിൽമെന്റ് തുടങ്ങിയവ സേവനങ്ങൾ നൽകുവാനുള്ള ലൈസൻസ് ലഭിക്കുന്നതായിരിക്കും.

ചുരുക്കത്തിൽ ശരിയായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ഒരു ബാങ്ക് പ്രവർത്തിക്കുന്നപോലെ വ്യക്തമായ നിയന്ത്രണങ്ങളോടെ ക്രിപ്റ്റോ കറൻസി ബിസ്സിനസ്സ് ചെയ്യുന്ന സ്ഥാപനങ്ങളെ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നതോട് കൂടി ക്രിപ്റ്റോ കറൻസി വ്യവസായത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവും കാണുവാനും , അതോടൊപ്പം ആഗോള ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ പരമാവധി നേട്ടം കൈവരിക്കുവാനുമാണ് യു എ ഇ ലക്ഷ്യമിടുന്നത് . യു എ ഇയുടെ ഈ നീക്കം സമീപഭാവിയിൽ വലിയ രീതിയിൽ ക്രിപ്റ്റോ കറൻസിക്ക് ഗുണകരമായ സാഹചര്യമായിരിക്കും ഉണ്ടാക്കുവാൻ പോകുന്നത്.

സ്വന്തം ലേഖകൻ

കൊച്ചി : ക്രിപ്റ്റോ കറൻസിയും അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒരു യാഥാർഥ്യമാണ് അതിനെ അവഗണിക്കുന്നതിനു പകരം ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കി അവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി കഴിഞ്ഞ ശനിയാഴ്ച ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചത്.

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ വേഗത ഒരു യാഥാർത്ഥ്യമാണ് – അത് അവഗണിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, ദത്തെടുക്കൽ, ജനാധിപത്യവൽക്കരണം , ഏകീകൃത സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ആവശ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.

അതേസമയം, ഈ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ഒരു രാജ്യത്തിന്റെയോ ഒരു കൂട്ടം രാജ്യങ്ങളുടെയോ ആയിരിക്കരുത്. അതിനാൽ ക്രിപ്‌റ്റോ മാത്രമല്ല, വളർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകൾക്കും ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും ആവശ്യമാന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ G20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ, ക്രിപ്റ്റോ കറൻസിയുടെ സാമ്പത്തിക സ്ഥിരത , അതിന്റെ വിശാലമായ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ , വളർന്നുവരുന്ന വിപണികളെയും , വികസ്വര സമ്പദ്‌വ്യവസ്ഥകളെയും എങ്ങനെ സംരക്ഷിക്കാം തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ G 20 യിൽ സമവായത്തിലെത്തിയെന്നും , അതിനായി സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളെ നയിച്ചുകൊണ്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ സമ്പുഷ്ടമാക്കുന്ന സെമിനാറുകളും ചർച്ചകളും ഞങ്ങളുടെ പ്രസിഡൻസിയിൽ തുടരുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഉപസംഹരിച്ചു.

ക്രിപ്‌റ്റോ അസറ്റുകൾക്കായി ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ്‌ മാപ്പ് ഈ മാസം ആദ്യം ഇന്ത്യ പ്രസിഡൻസി നോട്ടായി പുറത്തിറക്കിയിരുന്നു. ജൂലൈയിൽ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB) ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടിനുള്ള നിർദ്ദേശിത മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ, G20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്‌റ്റോ നിയന്ത്രണം ലോകത്തിന്റെ ഒരു ഭാഗത്ത് പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് ആഗോള നയം ആവശ്യമാണെന്നും വിലയിരുത്തിയിരുന്നു.

പല രാജ്യങ്ങളും ഡോളറിനെ ഒഴിവാക്കിയുള്ള ബിസ്സിനസ്സ് സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതും,  ക്രിപ്റ്റോ കറൻസികളെ ഉദ്യോഗിക കറസികളായി അംഗീകരിച്ചു തുടങ്ങിയതും , ഓരോ രാജ്യവും അവരവരുടെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയതും ഒക്കെ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി ഒരു പൊതു നയം കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ലോക രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.

ഒരു ആഗോള ചട്ടക്കൂടിൽ അധിഷ്‌ഠിതമായ നിയമങ്ങളും , നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതോട് കൂടി ഒരു രാജ്യത്തിനും നേരിട്ട് നിയന്ത്രണമില്ലാത്ത വികേന്ത്രീകൃത നാണയം എന്ന യാഥാർഥ്യം ലോകത്ത് നിലവിൽ വരുകയും അങ്ങനെ ക്രിപ്റ്റോ കറൻസികൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ സ്വീകാര്യതയും , സാധ്യതയും ലഭിക്കുമെന്നാണ് ബിസ്സിനസ് ലോകം വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ മാസത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവിനെ തുടർന്ന് പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധന ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. കുതിച്ചുയർന്ന വിലക്കയറ്റം തടയിടുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2021 ഡിസംബർ മുതൽ 13 തവണയാണ് പലിശ നിരക്കുകൾ ഉയർത്തിയത്. എന്നാൽ ജൂൺ മാസത്തിൽ 8.7 ശതമാനത്തിൽ നിന്നും 7.9 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസകരമായ വാർത്തയാണ്. ഇതുമൂലം പലിശ നിരക്കുകൾ വർദ്ധിപ്പിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മേലുള്ള സമ്മർദ്ദത്തിൽ കുറവ് വന്നിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ പണപ്പെരുപ്പത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം ഇന്ധന വിലയിൽ രേഖപ്പെടുത്തിയ കുറവും, അതോടൊപ്പം തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരിക്കുന്ന ചെറിയ തോതിലുള്ള കുറവുമാണ് പണപ്പെരുപ്പം ഇത്തരത്തിൽ കുറയാൻ കാരണമായതെന്ന് വ്യക്തമാക്കുന്നു. എന്നാൽ പണപ്പെരുപ്പം ഇപ്പോഴും ബാങ്കിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിന്റെ നാലിരട്ടിയായി തന്നെയാണ് തുടരുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. യു എസിൽ പണപ്പെരുപ്പ നിരക്ക് 3 ശതമാനവും, യൂറോസോണിൽ 5.5 ശതമാനവും മാത്രമാണ്.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 സംഘടനയിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തുന്ന രാജ്യം ബ്രിട്ടനാണ് എന്നത് ഇപ്പോഴും ആശങ്കയുളവാക്കുന്നുണ്ട്. അവശ്യ ഭക്ഷണസാധനങ്ങൾ, ഇന്ധനം, മറ്റു സേവനങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയ ക്രമാതീതമായ വില വർദ്ധനവാണ് ഇത്രയും ഉയർന്ന തോതിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള കാരണം. ഇത് തടയിടുവാനായാണ് നിരവധി തവണ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയത്. ഇത് മൂലം ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും, ജനങ്ങൾ പണം ചെലവാക്കുന്നത് കുറയുകയും ചെയ്യും. ഇത്തരത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നത് എങ്ങനെയും തടയിടുവാനുള്ള നീക്കമാണ് ഇത്രയും കാലം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഉയർന്ന പലിശ നിരക്ക് മോർട്ട്ഗേജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പ്രതീക്ഷിച്ചതിലുമധികം പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ നിരക്കുകളിൽ ഉടനെ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിൽ 2012 നു ശേഷം ആദ്യമായി വീടുകളുടെ വില 1% കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡർ ഗ്രൂപ്പായ ഹാലിഫാക്സ്. 2012 ന് ശേഷമുള്ള ആദ്യ ഇടിവാണിത്. മെയ് മാസം സാധാരണ വീടുകളുടെ തുക 3,000 പൗണ്ട് കുറഞ്ഞിരുന്നു. നിലവിൽ വായ്പ് നൽകുന്നവർ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നുണ്ട്. സമീപ ആഴ്ചകളിൽ ചില മോർട്ട്ഗേജ് നിരക്കുകളിൽ വൻ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

പണപ്പെരുപ്പം അനുസരിച്ചുള്ള പൊതുവിലക്കയറ്റം കണക്കിലാക്കിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിൽ വർദ്ധനയുണ്ടായിരിക്കുന്നതെന്നാണ് പ്രവചനങ്ങളിൽ ഒന്ന്. ഇത്തരത്തിലുള്ളൊരു നീക്കം ഭവന വിപണിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഹാലിഫാക്‌സ് മോർട്ട്‌ഗേജുകളുടെ ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു. വീടുകളുടെ വില ഇനിയും താഴേക്ക് പോകുവാനുള്ള സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാലിഫാക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ യുകെയിലെ ശരാശരി വീടിന് ഇപ്പോൾ 286,532 പൗണ്ട് വിലയുണ്ട്. ഒരു മാസം മുമ്പത്തെ കണക്കുകളെ അപേക്ഷിച്ച് വിലയിൽ നേരിയ കുറവുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗങ്ങളിലാണ് വില കുത്തനെ കുറഞ്ഞിരിക്കുന്നത്. കണക്കുകൾ പ്രകാരം മെയ് മാസം പ്രോപ്പർട്ടി മൂല്യത്തിൽ 3.4% ഇടിവുണ്ടായതായി കാണാം. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഉയർന്ന പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . കഴിഞ്ഞദിവസം മോർട്ട്ഗേജ് നിരക്കുകളിൽ വർദ്ധനവ് നടപ്പിൽ വന്നിരുന്നു. 0.45 ശതമാനം മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതോടെ ലോണെടുത്ത് വീടും വാഹനവും മേടിച്ചവർ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാവും. ഇതിൻറെ പിന്നാലെയാണ് അടുത്ത വർഷത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 5.5 ശതമാനം ഉയർന്ന നിരക്കിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.


പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ 12-ാം തവണയാണ് പലിശനിരക്ക് വർദ്ധനവ് ഉണ്ടായത് ഈ മാസത്തിലാണ്. 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായാണ് പലിശ നിരക്കുകൾ ഉയർന്നത്. 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധനവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയത്. പലിശ നിരക്കുകൾ 4.5 ശതമാനത്തിലേയ്ക്ക് വർദ്ധിപ്പിച്ചെങ്കിലും ബാങ്ക് പ്രതീക്ഷിച്ചതു പോലെ വിലക്കയറ്റം കുറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പണപെരുപ്പനിരക്ക് 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കും. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. ജീവിത ചിലവുകളും പണപ്പെരുപ്പവും വർദ്ധിക്കുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം. പണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിൽ ആയതിനാലാണ് അപ്രതീക്ഷിത നടപടി. ഇതോടെ കാൽ പോയിന്റ് വർധനവോടെ 4.5 ശതമാനമായി ഉയർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ദ്രുതഗതിയിലുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. മോണിട്ടറി പോളിസി കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെയും അനുവാദത്തോടെയാണ് മാറ്റം. തുടർച്ചയായി 12 മത്തെ വർദ്ധനവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്ന 2008 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഉള്ളത്. നാണയപ്പെരുപ്പം നേരത്തെ പ്രവചിച്ചതിലും കൂടുതൽ കാലം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. സമീപമാസങ്ങളിലായി നിലവിൽ ഏറ്റവും വലിയ നിരക്കിലാണ് പണപ്പെരുപ്പം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ചിൽ 10.1% ആയിരുന്നു. ജി 7 ഗ്രൂപ്പിലെ നിരക്കുകളിലെ ഏറ്റവും വലിയ വർദ്ധനവാണിത്.

തൊഴിൽ ക്ഷാമവും, ഭക്ഷ്യവസ്തുക്കളുടെ അമിത വില വർദ്ധനവും കാരണം ജനജീവിതം അനുദിനം ദുഃസഹമായിരിക്കുകയാണ്. അതിന് പുറമെയാണ് ജനജീവിതത്തിനുമേൽ കനത്ത പ്രഹരമായാണ് പലിശ നിരക്ക് വർദ്ധനവ്. അതേസമയം, ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ റിഷി സുനക് സർക്കാരിന് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ജീവനക്കാരന് 1500 കോടി രൂപയുടെ വീട് സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി. തന്റെ വിശ്വസ്തനായ മനോജ് മോദിക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഈ വലിയ സമ്മാനം നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ ആണ് മുകേഷ് അംബാനി മനോജ് മോദിക്ക് സമ്മാനിച്ച വീട്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 22 നിലകളായാണ് കെട്ടിടം പണിതിരിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് ഈ വീടുള്ളത്.

മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. 1980കളുടെ തുടക്കത്തില്‍ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുമ്പോഴാണ് മനോജ് മോദി റിലയന്‍സില്‍ ചേര്‍ന്നത്. റിലയന്‍സ് കമ്പനിയുടെ വളര്‍ച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു.

അംബാനി കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞാല്‍ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. റിലയന്‍സ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ അദ്ദേഹമാണ്.

മനോജ് മോദി നിലവില്‍ റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനമായി നല്‍കിയ വീട് തലത്തി ആന്‍ഡ് പാര്‍ട്ണേഴ്സ് എല്‍എല്‍പി രൂപകല്‍പ്പന ചെയ്തതാണ്. കൂടാതെ വീട്ടുപകരണങ്ങള്‍ ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.

പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.

ബ്രിട്ടീഷുകാർക്ക് സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിൽ നഷ്ടത്തിന്റെയും കഥകൾക്കിടയിൽ തെല്ലും ആശ്വസത്തിന്റെ വാർത്തയാണ് അൾഡിയിൽനിന്നും കേൾക്കുന്നത്. ജർമൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ അൾഡി ഉടൻതന്നെ ആറായിരത്തോളെ പേരെ ജോലിയ്ക്കെടുക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡിസ്ട്രിബ്യൂഷൻ സെന്ററുകളിലേക്കും നോർവിച്ച്, ന്യൂകാസിൽ എന്നിവിടങ്ങളിൽ തുടങ്ങുന്ന പുതിയ സ്റ്റോറുകളിലേക്കുമാണ് ഉടൻ റിക്രൂട്ട്മെന്റ് നടത്തുന്നത്. രാജ്യത്താകെ 990 സ്റ്റോറുകളും നാൽപതിനായിരത്തിലേറെ ജീവനക്കാരുമാണ് ആൾഡിയ്ക്കുള്ളത്.

കഴിഞ്ഞവർഷം മോറിസൺസിനെ മറികടന്ന് ആൾഡി രാജ്യത്തെ നാലാമത്തെ വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായി മാറിയിരുന്നു. മൂന്നു മാസത്തിനിടെ 1.3 മില്യൺ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ആൾഡിക്കായി. മണിക്കൂറിന് 11 പൗണ്ടാണ് സ്റ്റോർ അസിസ്റ്റന്റുമാർക്ക് ആൾഡി നൽകുന്ന ശമ്പളം. ലണ്ടനിൽ ഇത് 12.75 പൗണ്ടാണ്. വെയർഹൗസ് സ്റ്റാഫിന് 13.18 പൗണ്ടാണ് മിനിമം ശമ്പളം.

യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്‌ച പോസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിഗത അപ്‌ഡേറ്റിലൂടെ അറിയിച്ചു. വോജിക്കിക്ക് പകരം നീൽ മോഹനാവും എത്തുക.

ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്റെ മത്സരം കടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു.

മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. അതേസമയം, സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്.

നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്‌തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.

RECENT POSTS
Copyright © . All rights reserved