അമ്മ സ്വന്തം കുട്ടിയെ നാലമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. ബാല്‍ക്കണിയില്‍ നിന്നും അമ്മ നാല് വയസ്സുാരിയായ കുട്ടിയെ താഴെക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കുട്ടിയെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുവാന്‍ യുവതി ശ്രമിച്ചു. എന്നാല്‍ ബന്ധുക്കള്‍ എത്തി യുവതിയെ വലിച്ച് കയറ്റുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിക്ക് സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാതിരുന്നതിനാല്‍ യുവതിക്ക് ദുഖമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാനസിക നില ഉള്‍പ്പെടെ പോലീസ് പരിശോധിച്ച് വരുകയാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും വന്‍ സാലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ വെച്ച് 50കോടിയുടെ മണിചെയ്ന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അന്തർസംസ്ഥാന സംഘത്തലവന്‍ പിടിയില്‍. കോഴിക്കോട് ഫ്‌ളാറ്റില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് പട്ടാമ്പിക്കാരന്‍ രതീഷ് ചന്ദ്ര പിടിയിലായത്. മണിചെയിന്‍ മോഡലില്‍ കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍റെ തലവനാണ് പിടിയിലായ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43)യെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്‌ടോബര്‍ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി.
കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. 11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും.
കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉള്‍പ്പെടെ 35000 ഓളം പേരാണ്. പലര്‍ക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ ഡോമിന്‍റെ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ളാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുന്‍പും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണില്‍ വന്‍ തുകക്ക് 5 ല്‍ അധികം ഫ്ളാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂട്ടാളി തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഇയാള്‍ റിമാൻഡിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി ഷറഫിന്‍റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന്‍ , പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.
ദുബായിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗറുടെ ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.
വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ഇവരെ കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുൻപ് വരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവാവ് പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി.
ഇതോടെ സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ, പെൺകുട്ടിയുടേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണവും കാരണക്കാരേയും കണ്ടെത്തണമെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.
വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.
ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിൽ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്. തമിഴ്ശെല്‍വിയും ഭര്‍ത്താവ് മദനും റെഡ് ഹില്‍സിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്നു തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണു കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദര്‍ശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം.
തുടര്‍ന്നു ചെന്നൈ പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറകളില്‍നിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെടുത്തു.
മദനനെ സെങ്കുണ്ട്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കുത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.
കഞ്ഞി തിളച്ചുകാെണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ഇരിക്കെയാണ് മരിച്ചത്. കഞ്ഞി തിളച്ചുകാെണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. ‘ആടി വേലി’ ആഘോഷത്തിനിടയാണ് അപകടമുണ്ടായത്.
ആഘോഷങ്ങളുടെ ഭാഗമായി െപാതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. മുത്തുകുമാർ എന്നയാളാണ് െപാള്ളലേറ്റ് മരിച്ചത്. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകാെണ്ടിരുന്ന കഞ്ഞി പാത്രത്തിലേക്ക് വീഴുകയായിരുന്നു.
ബോധം പോയ ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. രക്ഷിക്കാൻ ശ്രമിച്ചവർക്കും െപാള്ളലേറ്റു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിൽ ഇരിക്കെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ ജ്യേഷ്ഠനെ അടിച്ചുകൊലപ്പെടുത്തി. കൊപ്പം മുളയൻകാവിലാണ് സംഭവം. കുലുക്കല്ലൂർ നടക്കിൽവീട്ടിൽ സൻവർ ബാബു(40)വാണ് കൊല്ലപ്പെട്ടത്.
സൻവർ ബാബുവിനെ അനുജൻ സക്കീർ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈലിൽ പാട്ട് ഉറക്കെവെച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതെന്നാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം.
കന്നൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.
രണ്ട് മാസം മുമ്പാണ് അല്‍ക്ക വിവാഹിതയായത്. കന്നൂര്‍ എടച്ചേരി പുനത്തില്‍ പ്രജീഷാണ് അല്‍ക്കയെ വിവാഹം ചെയ്തത്.
അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.
ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.
ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.
പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ ഭർത്താവുമൊത്ത് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ വിവാഹവാർഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും കടലിൽ തിരച്ചിൽ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയയെ ആണ് കാണാതായത്. താൻ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.
72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിൽ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ടോടെ കടലിൽ തിരച്ചിൽ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താൻ കാമുകനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്‍ച രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനായി ആർകെ ബീച്ചിൽ എത്തിയപ്പോഴായിരുന്നു സായ് പ്രിയയെ കാണാതായത്.
ഭാര്യയ്‌ക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് ഒരു ഫോൺ കോൾ വന്നിരുന്നു. ഭാര്യയിൽ നിന്ന് അൽപദൂരം മാറിനിന്ന് റാവു ഫോണിൽ സംസാരിച്ചു. ഈ സമയമത്രയും ബീച്ചിൽ നിൽക്കുകയായിരുന്നു സായ് പ്രിയ. ശ്രീനിവാസ റാവു തിരികെയെത്തിയപ്പോൾ ഭാര്യയെ കണ്ടില്ല. ഭാര്യയെ കടലിൽ കാണാതായെന്ന സംശയത്തിൽ ഉറക്കെ നിലവിളിക്കാനും ബഹളം വയ്ക്കാനും ആരംഭിച്ചു. നാട്ടുകാരും പൊലീസും അധികൃതരും ഇതോടെ സ്ഥലത്തേക്ക് കുതിച്ചു. യുവതിക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തു.
യുവതി ബെംഗളൂരുവിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പഠനകാലം മുതൽ സായ് പ്രിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ നിർബന്ധിച്ചാണ് ശ്രീനിവാസ റാവുവുമായുള്ള വിവാഹം നടത്തിയത്. വിവാഹ ബന്ധത്തിൽ സായ് പ്രിയ സന്തുഷ്ടയായിരുന്നില്ല. സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു ത്രി ടൗൺ സിഐ കെ. രാമറാവു അറിയിച്ചു.