അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.

 

ഇവർ ധരിച്ചിരുന്നു ആഭരണങ്ങൾ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികിൽ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവർ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാൽപ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കാർ ഡ്രൈവർ മലയാളവും ബാക്കിയുള്ളവർ തമിഴുമാണ് സംസാരിച്ചത്.

ശരീരത്തിൽനിന്ന് ആഭരണങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവർച്ച തടയാൻ ശ്രമിച്ച പദ്മകുമാരിയെ സംഘം മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതൽ സംഘം കാറിൽ പ്രദേശങ്ങളിൽ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

പദ്മകുമാരി എപ്പോഴും ആഭരണങ്ങൾ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നൽകുകയും വിൽക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടിൽ ബന്ധുക്കളോടൊപ്പമാണ് താമസം. മുൻപും ഇവരെ തട്ടിക്കൊണ്ടുപയോ സ്വർണം കവർന്നിരുന്നതായി വിവരമുണ്ട്. ഇതേതുടർന്ന് ഇത്രയേറെ ആഭരണങ്ങൾ അണിഞ്ഞ് നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.