Crime

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകട പരമ്പര സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.

മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവിനൊപ്പം ഒരു സീരിയല്‍ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടന്‍ നടി സ്ഥലംവിട്ടു. യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈമാറി. കാറിന്റെ മരണപ്പാച്ചിലില്‍ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതല്‍ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങള്‍ പാഞ്ഞതോടെ സിനിമ സ്‌റ്റൈല്‍ ചെയ്‌സായി. ഒടുവില്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോള്‍ കാറിന്റെ ഒരു ടയര്‍ പൊട്ടി. എന്നിട്ടും വാഹനവുമായി പായാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്.

തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. നവദമ്പതികളെ അവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.

ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പ്രണയിച്ച് വിവാഹിതരായി മാറി താമസിച്ചിരുന്ന ദമ്പതികളെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല.

കൂലിപ്പണിക്കാരനാണ് മണിക് രാജു എന്നതിനാൽ തന്നെ ഇയാളെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ മുത്തുക്കുട്ടി തയ്യാറായില്ല. തുടർന്ന് ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പോലീസ് പറയുന്നു.

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്

 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ അബ്ദുൾ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു യുവതിയുടെ മരണം. അഞ്ച് മണിയോടെയാണ് ആമിനയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആമിന മരണപ്പെടുകയായിരുന്നു.

അതേസമയം, മരിച്ച യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന ആമിന നേരത്തെ മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി ഭർത്താവ് അബ്ദുൾ ബാരി പോലീസിനോട് പറഞ്ഞു. അസ്വസ്ഥതയുണ്ടാകുമ്പോൽ ആമിന സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നു. ശ്വാസ തടസമുണ്ടാകുമ്പോൾ കൃത്രിമശ്വാസോച്ഛാസം നൽകിയാണ് സാധാരണ നിലയിലേക്ക് കൊണ്ടുവരാറെന്നും യുവാവ് പറഞ്ഞു.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്.

എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. 2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോള്‍ മുത്തൂറ്റ് കൊല്ലപ്പെടുന്നത്.

ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോള്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ആറ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.

കുഞ്ഞിനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. പക്ഷെ കുഞ്ഞ് ചെറുതായതിനാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തിൽ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയിൽ ശ്വാസം മുട്ടി മരിച്ചതായി കണ്ടെത്തി.

അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.

കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു.

പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി

ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. വളർത്തുപിതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവർ.

18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ചിരുന്ന 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പരസ്പര സമ്മതത്തോടെ സെല്ലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും ഇരുവരും ഗർഭിണിയായെന്നുമാണ് പരാതി. തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഡെമിയെ മാറ്റിയത്. പുരുഷ തടുവകാർ മാത്രമാണ് ഇവിടെയുള്ളത്.

ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ കുറ്റം സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായിരുന്നെന്നും ഇതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗർഭിണികളായതെന്നുമാണ് കുറ്റസമ്മതം. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.

എന്നാൽ പുരുഷന്മാരുടെ തടവറയിൽ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved