പൂച്ചകളും പട്ടികളുമുള്‍പ്പടെ 183 മൃഗങ്ങളെ ജീവനോടെ ഫ്രീസറിനുള്ളില്‍ അടുക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. യുഎസിലെ അരിസോണ സ്വദേശിയായ മൈക്കല്‍ പാട്രിക് ടര്‍ലന്‍ഡ് (43) ആണ് അറസ്റ്റിലായത്. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
പ്രദേശവാസിയായ സ്ത്രീയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പോലീസ് മൈക്കിളിനെതിരെ അന്വേഷണമാരംഭിച്ചത്. യുവതി വളര്‍ത്തിയിരുന്ന രണ്ട് പാമ്പുകളെ ബ്രീഡിങ്ങിനായി ഇയാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പാമ്പുകളെ തിരികെ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇയാള്‍ വീടുപേക്ഷിച്ച് പോവുകയും ചെയ്തതോടെ യുവതി വീടിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇയാള്‍ മറ്റൊരിടത്തേക്ക് ഭാര്യയുമായി മടങ്ങിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് വീട് വൃത്തിയാക്കാനെത്തിയ ഉടമയാണ് ഫ്രീസറില്‍ മൃഗങ്ങളെ കണ്ടെത്തിയത്.
പട്ടികള്‍, പൂച്ചകള്‍, പക്ഷികള്‍, എലി, മുയല്‍ തുടങ്ങി 183ഓളം മൃഗങ്ങളാണ് ഫ്രീസറിനുള്ളില്‍ ഉണ്ടായിരുന്നത്. കൂട്ടത്തില്‍ യുവതിയുടെ പാമ്പുകളെയും കണ്ടെത്തി. ഇതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മൈക്കിള്‍ മടങ്ങിയെത്തുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ മൃഗങ്ങളെ ഫ്രീസറില്‍ ജീവനോടെ അടുക്കിയതിന്റെ കാരണം വ്യക്തമല്ല. ഇയാളുടെ ഭാര്യ ബ്രൂക്ക്‌ലിനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ദുരൂഹ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫ്രീസറിനുള്ളിലെ കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്നാണ് മൈക്കിളിനെ അറസ്റ്റ് ചെയ്ത ഷെരീഫ് കൗണ്ടി ഓഫീസ് വക്താവ് അനീറ്റ മോര്‍ട്ടെസന്‍ അറിയിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ഫോട്ടോ റിലീസ് ചെയ്യാന്‍ കഴിയാത്തത്ര വിധം ദാരുണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി.
ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.
ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി.
സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.
മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങളെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കണക്കുകളാണിത്.. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന തന്നെയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാര്‍ച്ച് 8-ാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022ല്‍ 70 (മാര്‍ച്ച് 8വരെ) കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107.
ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ 8, 2020ല്‍ 11, 2021ല്‍ 14, 2022ല്‍ 5 (മാര്‍ച്ച് 8വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് – 12 പേര്‍.
എ ഡി ജി പി ശ്രീജിത്തിനെതിരെ പരാതിയുമായി ദിലീപ്. എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.
മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.
‘കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതൽ അന്വേഷണം വേണമെന്നും’ പിതൃസഹോദരൻ ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവൻ രക്ഷിക്കാനായില്ല.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്നാണ് പോലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെയാണ് പാലക്കാട് കസബ പോലീസിന് സംശയം തോന്നി ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ആസിയ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.
‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?
ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചു നോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.
കുറെക്കാലമായി ആസിയയും ഭർത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തർക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആൺസുഹൃത്തിനോടു പറഞ്ഞിരുന്നില്ല.
പിന്നീട് ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാൻ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
എലപ്പുള്ളിയിൽ ആസിയയുടെ വീട്ടിൽ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കസബ പോലീസ് ചോദ്യം ചെയ്തത്.
ജാര്‍ഖണ്ഡ് റോപ്പ് വേ ദുരന്തത്തില്‍ കേബിള്‍ കാറുകളിലകപ്പെട്ട അറുപത് പേരെയും ഇന്നലെ ഉച്ചയോടെ രക്ഷപെടുത്തി. അപകമുണ്ടായി 46 മണിക്കൂര്‍ കഴിഞ്ഞാണ് എല്ലാ വിനോദസഞ്ചാരികളെയും രക്ഷപെടുത്താനായത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
അപകടം നടന്ന തിങ്കളാഴ്ച തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും കോപ്റ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ വീണ് മരിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചു. പിന്നീട് ഇന്നലെയാണ് വീണ്ടും രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്. ഇതുവരെ കേബിള്‍ കാറുകളില്‍ കുടുങ്ങിയവര്‍ക്ക് ഡ്രോണ്‍ വഴി ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു. മൂന്ന് പേരാണ് ബാബാ വൈദ്യനാഥ ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് റോപ്പ് വേയിലെ കേബിള്‍ അപകടത്തില്‍ മരിച്ചത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
#IAF has recommenced rescue operations at Deoghar ropeway early morning today.
Efforts are on to rescue each and every stranded person at the earliest.#HarKaamDeshKeNaam pic.twitter.com/06PTraKHBC
— Indian Air Force (@IAF_MCC) April 12, 2022
കൊല്ലം കൊട്ടാരക്കരയില്‍ നടുറോഡില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്കേറ്റു. ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ശാസ്താംകോട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണന്‍ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹെല്‍മറ്റ് കൊണ്ട് അമലിന്റെ തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു.
അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ഇവർ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൺമുൻപിൽ മരണം കണ്ട് പകച്ചു നിന്ന കുട്ടികളാണ് സംഭവം അയൽവാസികളെ അറിയിച്ചത്. രജിതയുടെ മക്കളാണ് ഇവർ. 12 ഉം അഞ്ചു വയസുമാണ് പ്രായം.
രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനാവില്ലെന്ന് കാവ്യാ മാധവന്‍. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.
അക്രമത്തിനിരയായ നടിയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.
അതേസമയം, കേസിലേക്ക് കാവ്യാ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.
ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.
പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അതിക്രൂരമായിട്ടാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടന് ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ചന്ദ്രികയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. വീടിന് സമീപമുള്ള റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ‘ ഇവിടെ സ്ഥിരം വഴക്കാണ്. പൊലീസ് സ്റ്റേഷനിൽ കേസുള്ളതാണ്. മകൻ അവിവാഹിതനാണ്, ജോലിയൊന്നുമില്ല. അച്ഛൻ കൃഷിക്കാരനാണ്, ടാപ്പിംഗും ഉണ്ട്. അമ്മ വീട്ടമ്മയാണ്. മകൾ വിവാഹ മോചിതയാണ്, ഒരു കുട്ടിയുണ്ട്.
ആളുകൾ കുർബാന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അച്ഛനും അമ്മയും മകനും തമ്മിലുള്ള വഴക്കുണ്ടാകുന്നത്. നാട്ടുകാരുടെ കൺമുന്നിൽ വച്ചാണ് വെട്ടുന്നത്. ഭ്രാന്ത് പിടിച്ചപോലെ ചറപറാ വെട്ടിയെന്നാണ് ആളുകൾ പറയുന്നത്. ‘- ഒരു നാട്ടുകാരൻ പറഞ്ഞു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.