Crime

നാല് വർഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണസംഘം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ സിബിഐ ഏറ്റെടുത്ത് കേസന്വേഷണം മുന്നോട്ട് പോവുകയാണ്.

അതേസമയം, ജെസ്ന ജെയിംസ് രാജ്യം വിട്ടുവെന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കും. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെ 2018 മാർച്ച് മുതലുള്ള യാത്രാവിവരങ്ങള് ശേഖരിക്കാനാണ് നീക്കം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷം കഴിഞ്ഞയാഴ്ച സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിക്കുകയും ചെയ്തു.

അതേസമയം, ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുമുള്ള വിവരം ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ഈ യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടതാണ് പ്രദേശവാസികളിൽ കൂടുതൽ സംശയം ഉയർത്തിയിരിക്കുന്നത്.

ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിലും ഓട്ടോയിലും വന്നതിനു തെളിവുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം.

വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.

വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.

ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.

ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം െേകസടുത്തു.

 

കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.

ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ ( 3 മാസം).

സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.

1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.

ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.

ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.

കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.

1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് അന്വേഷണസംഘം കത്ത് കണ്ടെത്തിയത്. കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. ജീവന് പോലും ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു.

ഈ കത്താണ് ഇപ്പോൾ പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്തെന്നാണ് വിവരം. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.

സംഭവം നടക്കുന്നത് കൊല്ലത്താണ് .കഴിഞ്ഞ ദിവസമാണ് മുന്‍ കാമുകിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച വിപിൻ എന്ന യുവാവിനെ പിടികൂടിയത് .തുടർന്നാണ് സംഭവം പുറത്തറിയുന്നത് .36 കാരനായ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍ എന്ന യുവാവിനെ ആണ് പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാന എന്ന വീട്ടമ്മയെ ആണ് വിപിൻ വെട്ടിയത്. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.

ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്ന ജഹാന വിപിനുമായി പ്രണയത്തിലായി. എന്നാല്‍ വിപിനുമായി പ്രണയത്തിൽ ഇരിക്കെ മറ്റൊരു ബംഗാളിയുമായി അടുപ്പത്തിലായി.കൂടാതെ ആ ബംഗാളിയെ ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതെറിഞ്ഞ വിപിന്‍ ജഹാനയുടെ വീട്ടിൽ കയറി അക്രമിച്ചത്.ഈ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജഹാനയുടെ വീടിനു സമീപം 4 വര്‍ഷം മുമ്പ് റോഡു പണിക്കായി വിപിന്‍ ഓയൂരിലെത്തിയത് .

ജഹാനയുടെ വീടിന് സമീപതുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ ജഹാനയുമായി വിപിന്‍ പരിചയത്തിലായി ,അങ്ങനെ ആ പരിജയം പ്രണയത്തിലേക്ക് വഴി തെളിച്ചു . വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി . തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് ഒരു വീട്ടിൽ താമസം തുടങ്ങി.അതിനിടയിലാണ് ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാവുന്നത്.

വിപിന്‍ ജോലിയ്ക്ക് വേണ്ടിയും സ്വന്തം വീട്ടിലൊക്കെ പോയ സമയത്തു ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. വീട്ടിൽ തിരിച്ചെത്തിയ വിപിൻ സമീപവാസികള്‍ വഴി ഈ വിവരം അറിഞ്ഞു . ഇക്കാര്യം പറഞ്ഞ് വിപിനും ഷഹാനയും വഴക്കുണ്ടാവുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.തുടർന്ന് ബംഗാള്‍ സ്വദേശി ജഹാനയ്ക്ക് ഒപ്പം താമസമാരംഭിച്ചു.സ്വന്തം വീട്ടിൽ പോയ വിപിൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്കൊണ്ട് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തി.

ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. ജഹാനയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി വഴക്കും അടിയും ഉണ്ടായി . ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങിയപ്പോൾ തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

തുടർന്ന് ഈ സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു.പിന്നീടാണ് കാര്യങ്ങൾ പോലീസ് അറിയുന്നത് .

വള്ളക്കടവ് വയ്യാമൂല സ്വദേശിയായ സുമേഷിനെയാണ് ഇന്നലെ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. വാഹന അപകടമെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്കു ശേഷമാണ് ചാക്ക ബൈപ്പാസിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ സുമേഷ് തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൂരജിനെ ഗുരുതരമായി പരിക്കേറ്റു. വാഹനം അപകട കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടത്.

അന്വേഷണം അപകടമുണ്ടായതിന് തൊട്ടടുത്ത ബാറിലേക്ക് നീങ്ങി. ഇന്നലെ രാത്രി 12 മണിക്ക് സുമേഷും മറ്റ് മൂന്നുപേരും തമ്മിൽ ബാറിൽ വച്ച് തർക്കമുണ്ടായതായി പൊലീസ് മനസിലാക്കി. കാറും അതിൽ സഞ്ചരിച്ച മൂന്നുപേരെയും പൊലീസ് കസ്റ്റിലെടുത്തു. നിഹാസ്, ഷെമീം, റെജി എന്നിവരാണ് കറിലുണ്ടായിരുന്നത്. നിഹാസാണ് കാറോടിച്ചിരുന്നത്. നിഹാസ് ഏതാനും ദിവസം മുമ്പാണ് വിദേശത്തുനിന്നും വന്നത്.

മദ്യപിച്ചിറങ്ങുന്നതിനിടെ പ്രതികളും സുമേഷുമായി വാക്കു തർക്കമുണ്ടായി. സെക്യൂരിജീവനക്കാർ ഇടെപെട്ട് ഇവരെ പുറത്തേക്കയച്ചു. പക്ഷെ പ്രതികള്‍ കാറിൽ കാത്തിരുന്നു. സുമേഷും സുഹൃത്തും ബൈക്കിൽ പോയപ്പോള്‍ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മറ്റ് ചില ക്രിമിനൽ കേസിലും പ്രതിയാണ് സുമേഷ്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞിട്ടും മദ്യം നൽകിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പിറന്നാൾ ആഘോഷം കൊലയിൽ കലാശിച്ചു

കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനാണ് സുമേഷ് എത്തിയത്. പ്രതികളിൽ ഒരാളുടെ ഭാര്യയെ പ്രസവത്തിനായി നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാറിൽ ഭക്ഷണം കഴിക്കാനാണ് സംഘം എത്തിയത്. സുമേഷുമായുണ്ടായ വാക്കു തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്ന് സുമേഷും സുഹൃത്തും ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ കാറിൽ പിന്തുടർന്ന് ഇ‌ടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തതിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. തീ പടർന്നത് വീടിൻ്റെ കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർ ഫോഴ്സിൻ്റെ റിപ്പോർട്ട്. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നുവെന്നും ഫയർ ഫോഴ്സിൻ്റെ അന്വേഷണ റിപ്പോർട്ട്.

വീടിനകത്തുണ്ടായിരുന്നവർ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങളെല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടിൽ പറയുന്നത്.

വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വർക്കല ദളവാപുരം സ്വദേശി പ്രതാപനും ഭാര്യ ഷേർളിയും ഇളയമകൻ അഹിലും രണ്ടാമത്തെ മകൻ നിഹുലിൻറെ ഭാര്യ അഭിരാമിയും അഭിരാമിയുടെ കുഞ്ഞ് റയാനുമാണ് മരിച്ചത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിഹുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വീടിന് തീപിടിച്ചെന്ന് അയൽവാസി വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിഞ്ഞതെന്നാണ് നിഹുൽ നൽകിയിരിക്കുന്ന മൊഴി. മൊബൈലിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപടരുന്നത് കണ്ടു. തുടർന്ന് ഭാര്യയേയും കുട്ടിയേയും ബാത്ത് റൂമിലേക്ക് മാറ്റി. വാതിലിനടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും നിഹുലിൻ്റെ മൊഴിയിൽ പറയുന്നു.

തീപിടുത്തമുണ്ടായ വീടിനു ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വർക്കല ഡിവൈഎസ്പി നിയാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പുക ശ്വസിച്ചതും ചൂടുമാണ് അഞ്ചുപേർ മരിക്കാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം.

കോഴിക്കോട് മുക്കത്ത് യുവതി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവരെ കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ജഡ്ജി കെ അനിൽകുമാർ ആണ് വിധിപുറപ്പെടുവിച്ചത്.

അതേസമയം, പ്രതികൾ പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികൾക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2019 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന് നീനയെ ഭർത്താവ് പ്രജീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്ന് നീന ഭർതൃവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, കെ മുഹസിന എന്നിവർ ഹാജരായി.

Copyright © . All rights reserved