മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി.

ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.

ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി.

സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.

മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങളെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കണക്കുകളാണിത്.. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന തന്നെയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാര്‍ച്ച് 8-ാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022ല്‍ 70 (മാര്‍ച്ച് 8വരെ) കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107.

ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ 8, 2020ല്‍ 11, 2021ല്‍ 14, 2022ല്‍ 5 (മാര്‍ച്ച് 8വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് – 12 പേര്‍.