Crime

വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന്റെ അഭിപ്രായം. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനിച്ചു.

സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആക്ഷേപങ്ങളുയര്‍ന്നു. എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാം (33) ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.

കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന് തോന്നിയിരുന്നു. പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ. നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.

വാഹനത്തില്‍ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിനാണ് വിവരം ലഭിക്കുന്നത്. ഡാന്‍സാഫില്‍നിന്ന് വണ്ടന്‍മേട് പോലീസിലും വിവരം എത്തി. തുടര്‍ന്ന് ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും പുറ്റടിയില്‍ എത്തി കാത്തിരുന്നു. രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സി.ഐ. നവാസിന് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി വരുന്ന റൂട്ടില്‍ തന്നെ സി.ഐ.യും ആ സമയത്തുണ്ടായിരുന്നു. ഇതോടെ സൈക്കിളില്‍ തന്നെ സി.ഐ.യും പുറ്റടിയിലെത്തി.

ഇരുചക്രവാഹനത്തില്‍ വന്ന സുനില്‍ വര്‍ഗീസിനെയും സുഹൃത്തിനെയും പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തില്‍നിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനില്‍ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഇയാള്‍, പോലീസിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് സി.ഐ.യ്ക്ക് തോന്നിയിരുന്നു.

‘എം.ഡി.എം.എ പോലെയുള്ള ലഹരിമരുന്ന് വണ്ടന്‍മേട് പോലുള്ള ഉള്‍പ്രദേശത്ത് എത്തിച്ച് വില്പന നടത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അയാളുടെ പെരുമാറ്റം കണ്ടാല്‍തന്നെ ഒരു പാവം മനുഷ്യനാണെന്നും ബോധ്യമാകും. കൃഷിപ്പണി ചെയ്യുന്ന സുനില്‍ ജോലിക്ക് പോവുകയാണെന്നും മനസിലായി. വാഹനത്തില്‍ ചോറും കുടിവെള്ളവും ഒക്കെ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് ഒരു 59-കാരനും. എന്തായാലും സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനായിരുന്നു ആദ്യതീരുമാനം’, സി.ഐ. നവാസ് പറഞ്ഞു.

പക്ഷേ, ആദ്യഘട്ട ചോദ്യംചെയ്യലിലും സുനിലില്‍നിന്ന് പോലീസിന് യാതൊരുവിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേറെ ഫോണുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരന്വേഷണത്തിലും മയക്കുമരുന്ന് വില്പനയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല.

കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാല്‍ പള്ളിയും ബൈബിള്‍ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ സി.ഐ.ക്കെതിരേ ആരോപണങ്ങളുയര്‍ന്നു. മേലുദ്യോഗസ്ഥരില്‍നിന്നടക്കം വലിയ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ സുനില്‍ അല്ല പ്രതിയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്ന സി.ഐ. നവാസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ അന്വേഷണത്തിന് മേലുദ്യോഗസ്ഥരും പിന്തുണച്ചു.

‘സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെയും സുഹൃത്തിനെയും മൂന്നുദിവസവും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ സമ്മര്‍ദ്ദമുണ്ടായി. പിടികൂടിയ മയക്കുമരുന്ന് ചെറിയ അളവാണെങ്കിലും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. അത്തരമൊരു കേസില്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടത് വലിയ ആക്ഷേപത്തിനിടയാക്കി. എന്തുകൊണ്ടാണ് പ്രതിയെ വിട്ടതെന്ന് ചോദ്യമുയര്‍ന്നു, സമ്മര്‍ദങ്ങളുണ്ടായി.

പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ അന്വേഷണത്തില്‍ അയാള്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും മറുപടി നല്‍കി. രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി.പക്ഷേ, എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്’, സി.ഐ. നവാസ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.

മയക്കുരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാറുള്ളത്. എന്നാല്‍ വണ്ടന്‍മേട്ടിലെ കേസില്‍ വിവരം നല്‍കിയത് ശരിയാണെങ്കിലും മയക്കുമരുന്ന് വില്പനയുടെ മറ്റുതെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നത്.

അന്വേഷണത്തില്‍ വെല്ലുവിളിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത ആളല്ല യഥാര്‍ഥ പ്രതിയെന്നും അന്വേഷണസംഘം ഡാന്‍സാഫില്‍ വിവരം നല്‍കിയ ആളെ അറിയിച്ചു. ഇയാള്‍ വഴി രഹസ്യവിവരം എത്തിയ രണ്ടാമത്തെ ആളിലേക്കും അവിടെനിന്ന് വിവരത്തിന്റെ ഉറവിടമായ ഷാനവാസ് എന്നയാളിലേക്കും അന്വേഷണം എത്തി.

ഇന്റര്‍നെറ്റ് കോളിലൂടെ രഹസ്യവിവരം നല്‍കിയതും വാഹനത്തില്‍ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരില്‍നിന്നാണെന്നത് തുടക്കത്തിലേ സംശയമുണര്‍ത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നല്‍കിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

ഇതേസമയം, ഷാനവാസിന്റെ ഫോണ്‍വിവരങ്ങള്‍ സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് ശേഖരിച്ചിരുന്നു. ഷാനവാസിന്റെ ഫോണില്‍നിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് സംഘം സൗമ്യയുടെ മുന്നില്‍ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.

ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാന്‍ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിര്‍ബന്ധം പിടിച്ചു. അതിനായി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്നാണ് വിനോദും സൗമ്യയും ചേര്‍ന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുതുടങ്ങിയത്.

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങള്‍ സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലില്‍വെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിന്‍ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടര്‍ന്ന് സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനല്‍കി. ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞു. തുടര്‍ന്ന് ഈ റൂട്ടും മറ്റുവിവരങ്ങളും ഷാനവാസ് ഫോണില്‍ റെക്കോഡ് ചെയ്യുകയും അത് പോലീസിന് രഹസ്യവിവരമായി കൈമാറുകയുമായിരുന്നു.

വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും സൈബര്‍സെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ശേഷം കാമുകനായ വിനോദ് ജോലിസ്ഥലമായ സൗദ്യ അറേബ്യയിലേക്ക് തിരികെ മടങ്ങിയിരുന്നു. കേസില്‍ പ്രതിയായ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, പ്രതി നാട്ടിലെത്തി കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

സൗമ്യയെയും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്തശേഷം സുനില്‍ വര്‍ഗീസ് സി.ഐ.യെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലും സന്തോഷവുമെല്ലാം സുനിലിന്റെ മുഖത്ത് കാണാനായെന്നും സി.ഐ. പറഞ്ഞു.

കള്ളക്കേസുകളും അതിലുണ്ടാകുന്ന സമ്മര്‍ദങ്ങളും സി.ഐ. നവാസ് നേരത്തെയും അനുഭവിച്ചതാണ്. പലസാഹചര്യത്തിലും നിരവധി സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ഒരു സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. അതിന്‍റെ പ്രയാസങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

നേരത്തെ മധ്യകേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ ഒരു കൊലക്കേസിലും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു. കൊലക്കേസിലെ കൂട്ടുപ്രതിയാണെന്ന് കരുതുന്ന ഒരു യുവാവിനെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ നിരപരാധിയാണെന്നും കുറ്റംചെയ്തിട്ടില്ലെന്നും നവാസിന് ബോധ്യമായി. നാലുദിവസത്തോളമാണ് യുവാവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. അവസാനം യുവാവിനെ വിട്ടയക്കുകയും ചെയ്തു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.ഐ.യായിരിക്കെ ആ യുവാവ് നവാസിനെ നേരില്‍കാണാനെത്തി. ‘സി.ഐ.യെ കണ്ടിട്ടേ പോകൂ എന്നുപറഞ്ഞാണ് ഒരു യുവാവ് അന്ന് സ്റ്റേഷനില്‍വന്നത്. കണ്ടയുടന്‍ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അന്ന് കേസില്‍ പിടിച്ച് വിട്ടയച്ച ആളാണെന്ന് പറഞ്ഞു. എല്ലാവരും സംശയിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നത് സാറിന് മാത്രമാണെന്നും ഇപ്പോള്‍ കേരള പോലീസില്‍ എസ്.ഐ. ട്രെയിനിയായി ചേരാനിരിക്കുകയാണെന്നും ആ സന്തോഷം സാറുമായി പങ്കിടാനാണ് വന്നതെന്നും പറഞ്ഞു. സാര്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ഒരു കേസിലെ പ്രതിയായേനെ എന്നും പറഞ്ഞു. ഒരു പൊതിയില്‍ ഈന്തപ്പഴവുമായാണ് ആ യുവാവ് വന്നത്. റംസാനായതിനാല്‍ ഇതുകൊണ്ട് നോമ്പുതുറക്കണമെന്നും അവന്‍ പറഞ്ഞു’, സി.ഐ. നവാസ് അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.

അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് നവാസ് അറിയപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പാരലല്‍ കോളേജ് അധ്യാപകനായി ജോലിചെയ്തതിന് ശേഷമാണ് നവാസ് പോലീസ് സേനയിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ രണ്ടുവര്‍ഷമായി വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.

‘പ്രതിയെ പിടികൂടിയെങ്കിലും മകന്റെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ’ ഇത് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നീലൻ എന്ന അയ്യപ്പന്റെ പിതാവ് മാടസ്വാമിയുടെ വാക്കുകളാണ്. നീലന്റെ വിയോഗത്തോടെ മാടസ്വാമിയുടെ കുടുംബമാണ് തകർന്നടിഞ്ഞത്. കന്യാകുമാരി ജില്ലയിലെ കോട്ടാർ, ചെട്ടിത്തെരുവ് സ്വദേശി മാടസ്വാമി-വേലമാൾ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട നീലൻ.

ചേച്ചി ചിദംബരം (സിന്ധു), അനുജത്തി ശിവപ്രിയ എന്നിവരുടെ വിവാഹം കഴിഞ്ഞു. നീലന്റെ വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് നീലനെ അക്രമി വെട്ടിനുറുക്കിയത്. നീലന്റെ ശമ്പളം കൊണ്ടായിരുന്നു വീട്ടുചെലവുകൾ നടന്നിരുന്നത്.

ശമ്പളം കിട്ടുന്ന ദിവസം അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ വീട്ടുചെലവിനുള്ള തുക നീലൻ അയച്ചുകൊടുക്കും. നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകുന്ന നീലന് ദുശീലങ്ങൾ ഒന്നുംതന്നെയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ ഹോട്ടൽ അടച്ചതിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ നീലൻ ഒമ്പതുമാസങ്ങൾക്ക് മുമ്പാണ് വീണ്ടും ഹോട്ടലിൽ തിരികെയെത്തിയത്. രണ്ടുമാസം മുമ്പാണ് വീട്ടിലെത്തി മടങ്ങിയത്. ചേട്ടന്റെ വിയോഗം തനിക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് സഹോദരി ശിവപ്രിയ പറഞ്ഞു.

തലസ്ഥാനത്തിന്റെ നഗരമധ്യത്തിൽ തിമഴ്‌നാട് സ്വദേശിയായ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ ജനങ്ങളുടെ മുൻപിലിട്ട് ക്രൂരമായി വെട്ടിക്കൊന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷിനെ(36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അജീഷ് അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് സൈക്കോ അവസ്ഥയിലാണെന്ന് പോലീസ് പറയുന്നു.

റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം പോലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷ് പറഞ്ഞത്. ‘9 തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും’ അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി. വർക്ഷോപ്പ് നടത്തിയിരുന്ന അജീഷ് 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. പ്രദേശികമായി അറിയപ്പെട്ടെങ്കിലും എല്ലാവരും അറിയുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. തലസ്ഥാന നഗരത്തിലെത്തി പകൽ ഒരാളെ വെട്ടികൊലപ്പെടുത്തിയതോടെ എല്ലാവരും ഇനി പേടിക്കുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഇയാളുമായി നേരത്തെ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. അറസ്റ്റിനിടയിലും ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുമ്പോഴും പ്രതി അക്രമാസക്തനായി. അമിതമായി ലഹരി ഉപയോഗിക്കുന്നതിനാൽ ചോദ്യം ചെയ്യലിനിടെ പലപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുമായി യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കഴുത്തിലും, കയ്യിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്‌റ്റെഫിൽ ബാത്ത് റൂമിനുള്ളിൽ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്ത് എത്തി ബാത്ത്‌റൂമിനുള്ളിൽ കയറിയപ്പോഴാണ് കയ്യിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്. തുടർന്ന്, പൊലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു.

വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്​പ്രസിഡന്‍റ്​ ആരിഫിന്‍റെ മകളും ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിനിയുമായ ഐസ മെഹ്​രിഷ്​ (നാലു വയസ്സ്​) ആണ്​ ​വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്​. ​

മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ്​ വീട്​. മൂന്ന്​ ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച്​ കളിക്കിടയിൽ കുട്ടിക്ക്​ പരിക്കേറ്റത്​. ഉടൻ സിദ്​റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.

ഹമദ്​ മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരനാണ്​​ പിതാവ്​ ആരിഫ്​ അഹമ്മദ്​. മാതാവ്​ മാജിദ. ഇവരുടെ ഏക മകളാണ്​ ഐസ​ മെഹ്​രിഷ്​. ഹമദ്​ മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന്​ കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.

 

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനില്‍ പിടിയില്‍. വിദേശ മലയാളിയും കാമുകനുമായ വണ്ടന്‍മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചത്. സൗമ്യ സുനിലിന് മയക്കുമരുന്ന് എത്തിച്ച എറണാകുളം സ്വദേശികളായ ഷെഫിന്‍, ഷാനവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.

സംഭവം ഇങ്ങനെ: ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്‍ വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ഭാര്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്.

ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.

മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്. നേരത്തെ ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തു കൊല്ലാനും ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ആലോചന നടത്തി. ഫെബ്രുവരി 22നായിരുന്നു സംഭവം.

വണ്ടൻമേട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്‍റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു. പിന്നീട് തെളിവുകളുടെ സഹായത്തോടെ അന്വേഷണം അദ്ദഹത്തിന്‍റെ ഭാര്യയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത സൌമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

രണ്ടുമാസത്തെ വാടക കുശ്ശികിക നൽകിയില്ലെന്ന് ആരോപിച്ച് പൂർണ്ണ ഗർഭിണിയെയും നാലവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ടു. കല്ലുമല ഉമ്പർനാടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഷെർലാക് (വിനോദ്-35), ഭാര്യ സൗമിനി (31), നാലരവയസ്സുള്ള മകൻ എന്നിവരെയാണ് ഞായറാഴ്ച സന്ധ്യക്ക് ഏഴോടെ വാടകവീട്ടിൽനിന്ന് വീട്ടുമടസ്ഥൻ ഇറക്കിവിട്ടത്.

ശേഷം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുടുംബത്തിന് മാവേലിക്കര ശരണാലയത്തിൽ താത്കാലിക അഭയമൊരുക്കിയത്. എന്നാൽ, ഫെബ്രുവരി 20-ന് ഒഴിയാമെന്ന മുൻധാരണപ്രകാരം ഷെർലാകും കുടുംബവും സ്വയം ഒഴിഞ്ഞുപോയതാണ്. ബലം പ്രയോഗിച്ച് ഇറക്കിവിട്ടതല്ലെന്നും വസ്തു വിൽക്കാൻ തീരുമാനിച്ചതിനാൽ ഒഴിയണമെന്ന് രണ്ടുമാസം മുൻപേ അവരെ അറിയിച്ചിരുന്നെന്നും വീട്ടുടമ സംഭവത്തിൽ വിശദീകരണം നൽകി.

സംഭവം ഇങ്ങനെ;

ഷെർലാകിനെയും കുടുംബത്തെയും പുറത്തിറക്കി വീടുപൂട്ടി ഉടമ പോയി. കല്ലുമല ജങ്ഷനു തെക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ എങ്ങോട്ടുപോകണമെന്നറിയാതെ നിന്ന കുടുംബത്തെക്കണ്ട് സമീപവാസി പോലീസിൽ അറിയിച്ചു. അന്നു രാത്രി കുറത്തികാട് സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അടുത്ത ദിവസം കൊച്ചിക്കലിൽ പ്രവർത്തിക്കുന്ന ശരണാലയത്തിന്റെ ഭാരവാഹികൾ കുടുംബത്തിനു താത്കാലിക അഭയം നൽകാൻ തയ്യാറായി.

അന്തേവാസികളായ രണ്ടു വയോധികരെ മറ്റൊരു വീട്ടിലേക്കു മാറ്റിയാണ് കുടുംബത്തിന് ഒരുമുറി ഒരുക്കി കൊടുത്തത്. ഗർഭിണിയായ സൗമിനിക്ക് ബുദ്ധിമുട്ടും ക്ഷീണവുമുണ്ട്. മാർച്ച് എട്ടാണ് പ്രസവത്തീയതി. ശരണാലയം ട്രഷറർ ജെ. ശോഭാകുമാരിയുടെ പരിചരണത്തിലാണ് സൗമിനിയിപ്പോൾ. ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയായ ഷെർലാകും എറണാകുളം ചേരാനെല്ലൂർ സ്വദേശിനിയായ സൗമിനിയും പത്തുവർഷംമുൻപ് പ്രണയിച്ചു വിവാഹിതരായവരാണ്.

വീട്ടുകാരുമായി സഹകരണമില്ലാത്തതിനാൽ വാടകവീടുകളിലായിരുന്നു താമസം. മേസ്തിരിപ്പണിക്കാരനായിരുന്ന ഷെർലാകിന് വെരിക്കോസ് വെയിൻ അസുഖത്തെത്തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമായി. ഇടയ്ക്കു ഭാര്യയുടെ മാല പണയംവെച്ച് ലോട്ടറിക്കച്ചവടം തുടങ്ങിയെങ്കിലും കോവിഡ് മൂലം പരാജയമായി. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് വാടക കുടിശ്ശികയായതെന്നു ഷെർലാക് പറയുന്നു.

തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്. ജനങ്ങൾ നോക്കി നിൽക്കെയായിരുന്നു അരുംകൊല. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.

ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ പ്രതി ഹോട്ടലിലേയ്ക്ക് കടന്ന് അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മാലിന്യം കളയുന്നതിനായി റൂം ബോയ് പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് ദാരുണമായി മരിച്ചു കിടക്കുന്ന അയ്യപ്പനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറയുന്നു.

യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വിധി അറിയാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.

2017 ജൂലൈ 25നാണ് നിമിഷ പ്രിയയുടെ ജീവിതത്തെ മലക്കംമറിച്ച കൊലപാതകം നടക്കുന്നത്. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അപ്പീൽ കോടതി കേസ് പരി​ഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

സനയിൽ ഒരു ക്ലിനിക്കിൽ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദേശിക്കുന്നു.

പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്‌നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഓറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.

‘2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു

തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്‌പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തിൽ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്‌നങ്ങൾ അറിഞ്ഞ ജയിൽ വാർഡൻ തലാലിൽ നിന്നും രക്ഷപ്പെടാൻ പാസ്‌പോർട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാൻ ശ്രമിക്കണമെന്നും പറയുന്നു.

അതിനാൽ അവസരം ലഭിച്ചപ്പോൾ നിമിഷ തലാലിന്റെ മേൽ കെറ്റാമൈൻ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൻ തറയിൽ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവൻ നിശ്ചലനായി. അവന്റെ പൾസ് പരിശോധിച്ചപ്പോൾ നിശ്ചലമായിരുന്നെന്നും നിമിഷ ഓർക്കുന്നു.

ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവൾ നിർദേശിക്കുകയും തുടർന്ന് ഹനാൻ മൃതദേഹം വെട്ടിമാറ്റി വാട്ടർ ടാങ്കിൽ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാൽ പരിഭ്രാന്തിയായപ്പോൾ താൻ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അത് തനിക്ക് ഓർമയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിൽ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു. അതിൽ എന്റെ പേര് പോലുമില്ല. തലാൽ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലീം പേരിലാണ്. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താൽ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയർ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേൽ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ഭീതിയിലാണ് യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ കുടുങ്ങിയിരിക്കുകയാണ്. ഭയത്തോടെയാണ് കഴിയുന്നതെന്നും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ വിവരങ്ങളും ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇന്നലെ വരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നെന്നും രാവിലെ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് യുദ്ധം തുടങ്ങിയതായി അറിയുന്നതെന്നുമാണ് വിദ്യാര്‍ഥികളില്‍ പലരും അറിയിച്ചിരിക്കുന്നത്. ഇവരില്‍ പലരും താമസിക്കുന്ന ഹോസ്റ്റലിന് സമീപം വരെ സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. കര്‍കിവ് നഗരത്തിലുള്ള വിദ്യാര്‍ഥികളോട് രേഖകളും വെള്ളവുമായി പുറത്തേക്ക് ഇറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് മാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രെയ്‌നിലെ ഏറ്റവും സുരക്ഷിതമായ സിറ്റി എന്നറിയപ്പെടുന്ന ഒഡേസയിലും സ്ഥിതി ആശങ്കാജനകമാണ്. എംബസി എന്തെങ്കിലും തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ ഇവിടെ വലിയ പ്രശ്‌നങ്ങളില്ല.ഇന്നലെ രാത്രി വൈകിയും സിറ്റിയില്‍ ആളുകളുണ്ടായിരുന്നുവെന്നും ഇന്ന് രാവിലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

“രാത്രി വരെ സിറ്റിയൊക്കെ വളരെ സജീവമായിരുന്നു. ചിലരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. ക്ലാസ്സ് എന്താവുമെന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം കാത്ത് നില്‍ക്കുകയായിരുന്നു ഇതുവരെ. ഇന്ന് ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇപ്പോള്‍ വിമാന സര്‍വീസെല്ലാം നിര്‍ത്തലാക്കി എന്നാണ് കേള്‍ക്കുന്നത്. ബാഗും രേഖകളുമെല്ലാമെടുത്ത് റെഡിയായി ഇരിക്കാന്‍ ഏജന്‍സികള്‍ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി എന്താവും എന്നറിയില്ല”. ഒഡേസയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും കീവിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും എംബസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം തുടങ്ങിയതോടെ കീവ് വിമാനത്താവളം അടച്ചിട്ടതിനാല്‍ ഇവിടെ ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം മടങ്ങിയിരുന്നു.

RECENT POSTS
Copyright © . All rights reserved