Crime

യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പേ തുര്‍ക്കിയില്‍ സമാന രീതിയില്‍ ദുരന്തം. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്.മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത് തുര്‍ക്കി-ഗ്രീസ് വഴിയാണ്. തുര്‍ക്കിയില്‍ നിന്ന് ബോട്ടുകള്‍ വഴി കുടിയേറ്റക്കാരെ ഈജിയന്‍ കടലിലൂടെ ഇറ്റലിയിലേക്ക് കടത്തുന്ന ഒട്ടേറെ കള്ളക്കടത്ത് സംഘങ്ങളുണ്ട്.

ഭൂരിഭാഗം പേരും ഒന്നുകില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തി കടന്നോ കിഴക്കന്‍ ഈജിയന്‍ കടല്‍ ദ്വീപുകളിലേക്കുള്ള കള്ളക്കടത്ത് ബോട്ടുകളില്‍ കയറിയോ ഗ്രീസിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ട് ഒട്ടേറെപ്പേര്‍ കഴിഞ്ഞ മാസങ്ങളില്‍ മരിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.

കുടിയേറ്റക്കാരെ തടയാന്‍ ഗ്രീസ് അതിര്‍ത്തിയില്‍ വലിയ വേലികള്‍ കെട്ടുകയും ഇവിടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ നദി കടത്തി തിരികെ അയയ്ക്കുകയും കടല്‍ മാര്‍ഗം എത്തിയവരെ അതേ വഴി തിരിച്ചയയ്ക്കുകയുമൊക്കെ ഗ്രീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള നടപടികളാണ്.

എന്നാല്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ പന്ത്രണ്ട് പേരെ അതിര്‍ത്തി സേന നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന വാദം ഗ്രീസ് തള്ളിയിട്ടുണ്ട്. കുടിയേറ്റ സംഘം അതിര്‍ത്തിയിലെത്തിയിരുന്നില്ലെന്നും സേന ക്രൂരമായി പെരുമാറി എന്ന വാദം തികച്ചും വ്യാജമാണെന്നും ഗ്രീക്ക് മന്ത്രി നോട്ടിസ് മിറ്ററാച്ചി അറിയിച്ചു.

തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.

ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.

പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിൻ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തിന് മരണവാർത്ത എത്തിയത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഷാഹിൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

ഷാഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. എം5 എന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

മരണം സംബന്ധിച്ച് ഷാഹിൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടുത്തദിവസം അത് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷാഹിന്റെ സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു.

ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.’നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിൻ ലാദൻ മരിക്കുന്നതിന്റെ തലേദിവസം അയാൾ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ട്രേഡ് സെന്റർ ആക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടലിൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.

‘ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരലൽ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’,- സജി ചർച്ചയ്ക്കിടെ പരിഹസിക്കുന്നു.

സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.

കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി.മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ മുറുകി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശനയാണ് ദാരുണമായി മരിച്ചത്. പത്ത് വയസായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അമ്മയ്ക്കും അയല്‍ക്കാരനും ഒപ്പം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍വാസിയായ വി വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ ചക്രത്തില്‍ കുടുങ്ങി. അസുഖം ഉള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്നും വേര്‍പെട്ട് മരണം സംഭവിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങിയ ചിത്രമാണ് നന്ദിനി. പരമ്പരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായി നടന്‍ റിയാസ് ഖാന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതേ സെറ്റില്‍ വെച്ച് ഒരു ട്രാന്‍സ് നായികയ്ക്ക് ഉണ്ടായ ക്രൂര അനുഭവം കേട്ടതോടെ എല്ലാവര്‍ക്കും വേണ്ടി ക്ഷമ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.

ഒരു മാധ്യമത്തിന് റിയാസ് ഖാനെ അഭിമുഖം ചെയ്യാനായി എത്തിയപ്പോഴാണ് കത്രീന എന്ന നടിയോട് നന്ദിനി എന്ന പരമ്പരയില്‍ അഭിനയിച്ചതിനെ കുറിച്ച് റിയാസ് ഖാന്‍ പറഞ്ഞത്. സുന്ദര്‍ സി ആണ് തന്നെ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞത്. കേട്ടപ്പോള്‍ വളരെ ഇന്‍ട്രസ്റ്റിങ് ആയി തോന്നി. ഒട്ടും ആലോചിക്കാതെയാണ് യെസ് പറഞ്ഞത്.- റിയാസ് ഖാന്‍ പറഞ്ഞു.

അതിരിക്കട്ടെ കത്രീന എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പെട്ടന്ന് പിന്മാറിയത്. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് പിന്മാറിതാണ് എന്നാണ് പറഞ്ഞത്. സത്യത്തില്‍ അത് തന്നെയാണോ കാരണം എന്ന് റിയാസ് ഖാന്‍ കത്രീനയോട് ചോദിച്ചു. അപ്പോഴാണ് നടി കണ്ണീരോടെ തന്റെ അനുഭവം പറഞ്ഞത്. നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അയാള്‍ മൈക്കിലൂടെ വിളിച്ച് ചോദിച്ചു ‘മുകളില്‍’ എന്താണ് ഉള്ളത് എന്ന്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.

അടുത്ത ദിവസം വന്നപ്പോഴും അതേ ചോദ്യം. ‘താഴെ’ എന്താണ് ഉള്ളത്, ‘മുകളില്‍’ എന്താണ് ഉള്ളത് എന്നൊക്കെയുള്ള ചോദ്യം സഹിച്ചും ഞാന്‍ നിന്നു. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കിലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ. ആരോടും പരാതി പറയാന്‍ പറ്റില്ല. പക്ഷെ ഒരു ദിവസം ഞങ്ങള്‍ ഡ്രസ്സ് മാറിക്കൊണ്ടിരിയ്ക്കുമ്പോള്‍ നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി ‘മുകളില്‍’ കടിച്ചു- കണ്ണുനീര്‍ അടക്കി പിടിച്ച് കത്രീന പറഞ്ഞു.

ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു എന്ന് റിയാസ് ഖാന്‍ കത്രീനയോട് പറഞ്ഞു. കത്രീനയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞതായി റിപ്പോർട്ട്.

മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

വയനാട് എടവക പഞ്ചായത്തിലെ മൂളിത്തോടിൽ ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെ മകൾ റിനിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം റിമാൻഡിൽ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി.

ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2021 നവംബർ 18നാണ് ശക്തമായ പനിയും ഛർദിയുമായി റിനിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗർഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസിൽ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗർഭിണിയുമായിരുന്നു.

വിവാഹമോചന കേസിന്റെയും മറ്റും കാര്യങ്ങൾക്കായി റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ഓട്ടോ ഡ്രൈവർ റഹീമിന്റെ പേര് അന്നുതന്നെ ഉയർന്നിരുന്നു. ഗർഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തി റിനിക്ക് നൽകുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.

പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി. മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കള്‍ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നല്‍കാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി.

കച്ചവടക്കാരന്‍ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടില്‍നിന്നും കടയില്‍നിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകള്‍ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.

യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ റഹീം തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി. ഒളിവില്‍ പോയശേഷം തമിഴ്‌നാട്ടില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്തു വരുകയായിരുന്നു റഹീം. കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലില്‍ റഹീം യുവതിക്ക് ജ്യൂസ് നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളില്‍ റഹീം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനല്‍കിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു.

ശാസ്ത്രീയതെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റഹീമിലേക്ക് എത്തിയത്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ. പരിശോധനാഫലവും വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സർവകലാശാല സെക്ഷൻ അസിസ്റ്റൻറ് വിജിലൻസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശിനി എൽസി സിജെ ആണ് പിടിയിലായത്. സർവകലാശാല ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്.മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി സർവ്വകലാശാല സെഷൻസ് അസി. എൽസി സിജെയെ സമീപിച്ചത്. ഇവ ലഭിക്കുന്നതിനായുള്ള കാലതാമസം ഒഴിവാക്കാമെന്ന് പറഞ്ഞ എല്സി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റ് വാങ്ങാനായി ഇന്ന് സർവ്വകലാശാലയിൽ എത്തിയപ്പോഴാണ് ബാക്കി തുക ഇന്ന് തന്നെ വേണമെന്ന് ഇവർ വാശിപിടിച്ചത്. തുടർന്ന് വിദ്യാർത്ഥി വിജിലൻസിൽ പരാതി പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി വിജിലൻസ് വിദ്യാർത്ഥിയെ സർവ്വകലാശാലയിലേക്ക് അയച്ചു. ഇത് കൈപറ്റുന്നതിനിടെയണ് എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്. കോട്ടയം ആർപ്പൂക്കര സ്വദേശിയാണ് എൽസി. വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോ​ഗസ്ഥയെ കുടുക്കിയത്.സർട്ടിഫിക്കറ്റുകൾക്കും മാർക്ക്ലിസ്റ്റിനുമൊക്കയായി സർവ്വകലാശാലയിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്ന സംഭവങ്ങൾ എംജി സർ‍വ്വകലാശാലയിൽ നിരന്തരം ഉണ്ടാ കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സർട്ടിഫിക്കറ്റുകൾ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കിൽ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാർത്ഥികളുടെ ആശങ്കയാണ് സർവ്വകലാശാലയിലെ ഉദ്യോ​ഗസ്ഥർ ചൂഷണം ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved