മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. ആടുമാന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞായിരുന്നു മര്‍ദനം.
പിഞ്ചുകുട്ടികളുടെ മുന്നിലിട്ടായിരുന്നു രാമചന്ദ്രന്‍ മകന്‍ സ്റ്റീഫന്റെ ഭാര്യ എ.എല്‍.പ്രേമലതയെ മര്‍ദിച്ചത്. തടി കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. സംഭവസമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളിയായ സ്റ്റീഫന്‍ കൊല്ലത്ത് പണി സ്ഥലത്തായിരുന്നു.
യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം മകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പരിക്കേറ്റ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമാണ് താമസം.
മുന്‍പും പ്രേമലതയെ രാമചന്ദ്രന്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രേമലത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണ് പരിക്കേറ്റ ജിസ ഫാത്തിമയാണ് മരിച്ചത്.
തിരുവട്ടൂർ സ്വദേശിയായ അറാഫത്തിന്റെ വീടിന്റെ ചുമരിനടിയിൽ പെട്ടായിരുന്നു ബന്ധുവായ ജിസ ഫാത്തിമയ്ക്ക് പരിക്കേൽക്കുന്നത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. ജിസ ഫാത്തിമയുടെ നില ഗുരുതരമായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്.
ബോവിക്കാനം മുതലപ്പാറയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി,ഭാര്യയുടെ നില ഗുരുതരം.ബോവിക്കാനം മുതലപ്പാറ ചവിരിക്കുളം കോളനിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി(35)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്ന് പോലീസ് നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
സൗദിയില്‍ നിന്ന് ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (36) ആണ് മരിച്ചത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം.
ഏപ്രില്‍ ഏഴിനാണ് ഗൃഹപ്രവേശത്തിനായി ശ്യാം കുമാര്‍ നാട്ടിലെത്തിയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകള്‍ അവസാനിച്ച ശേഷം പുതിയ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുന്നതിന്റെ തിരക്കിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുതിയ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ടിപ്പറിടിച്ച് ശ്യാം കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.
റിയാദിലെ മലസിലാണ് ശ്യാം കുമാര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ കഴിഞ്ഞ 11 വര്‍ഷമായി സൗദിയിലായിരുന്നു. റിയാദില്‍ ഒരു കമ്പനിയില്‍ ക്വാളിറ്റി ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് പുതിയ വീട് പണികഴിപ്പിച്ചത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി മാറും മുമ്പെ അപ്രതീക്ഷിതമായെത്തിയ മരണത്തിന്റെ ഞെട്ടലിലാണ് നാട്.
ഏറ്റുമാനൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളുരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചു. കൈപ്പുഴ വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ് (18) ആണ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്നും വീണു മരിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണു ലഭ്യമായ വിവരം. ബാംഗ്ലൂര്‍ ജെയിൻ കോളേജിൽ ബി കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ. സൗദിലെ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.
രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്നെത്തിയ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശിനി മഹിമ മോഹൻ (25) ലണ്ടനിൽ നടന്ന തട്ടിപ്പിനെ,തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ സംശയം. കുടമാളൂർ സ്വദേശിയായ അനന്തു ശങ്കറും മഹിമ മോഹനും ഒരു വർഷം മുൻപാണ് വിവാഹിതരായത്.
വിവാഹശേഷം ലണ്ടനിലേക്ക് പോയ ഇരുവരും സണ്ടർലാൻഡിലെ ഒരു മലയാളി കെയർ ഏജൻസിയിൽ താൽക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കെയർ ഏജൻസി നടത്തിപ്പുകാർ ജോലി,
നൽകിയതിന് പണം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. അനന്തു ശങ്കറും മഹിമ മോഹനും യുകെയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിഷു ആഘോഷിക്കാനെന്ന പേരിലാണ് നാട്ടിലെത്തിയതെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയും ചെയ്ത ജോലിക്ക് ശമ്പളം മുടങ്ങിയതും കാരണം യുകെ വിട്ടതായി ചില സുഹൃത്തുക്കൾ പറയുന്നു.
അവധിക്ക് നാട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് മഹിമ മോഹൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഒന്നും വാങ്ങാൻ കഴിഞ്ഞില്ല.
ഇതെല്ലാം മഹിമയെ മാനസികമായി തളർത്തി. കഴിഞ്ഞ ദിവസമാണ് മഹിമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു.കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്‌നാട് കോവില്‍പ്പെട്ടിയില്‍ വച്ച് വാഹനാപകടത്തിലൂടെ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.
അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.
എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍. ഇന്ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകള്‍ രാവിലെ 9 മണിക്കാണ് പൂര്‍ത്തിയാക്കിയത്.
കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവഞ്ചൂര്‍ പറമ്പുകര ഞാറയ്ക്കല്‍ രാജന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെയായിരുന്നു അപകടം.’
അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് തിരുവഞ്ചൂര്‍ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. സിസിലി ജോലി കഴിഞ്ഞ് ഏറ്റുമാനൂര്‍ വഴി സ്വകാര്യ ബസില്‍ തൂത്തൂട്ടി ബസ്സ്‌റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു.
സിസിലിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവിടെ സ്‌കൂട്ടറുമായി ഭര്‍ത്താവ് രാജന്‍ കാത്തുനിന്നിരുന്നു. സിസിലി സ്‌കൂട്ടറില്‍ കയറുവാന്‍ തുടങ്ങവേ പിന്നില്‍ നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില ഗുരുതരമായി തുടരുന്നു. സിസിലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടേതായി പുറത്തെത്തിയിരിക്കുന്നത്.
സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വിഡിയോയിൽ വ്യക്തമാക്കുന്നില്ല.
‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല.’- എന്ന് ഷാഫി പറയുന്നു.
‘അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’എന്നാണ് ഷാഫി പറയുന്നത്. അതേസമയം, ഇത് ഷാഫിയെ തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്നു കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിടുകയായിരുന്നു.
സംഭവം നടന്ന ആറു ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു.
യുവതിയ്ക്ക് നേരെ നിരന്തരം ലൈംഗിക ചൂഷണം നടത്തുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭീഷണിയില്‍ മാനസികമായി തകര്‍ന്ന യുവതി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്.
കേസില്‍പ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായവാഗ്ദാനം നടത്തിയാണ് ഇയാള്‍ യുവതിയുമായി അടുപ്പം കൂടിയത്. യുവതിയുമായി അടുത്ത ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് ആദ്യം പീഡനം നടത്തിയത്. യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത സുബീര്‍ പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുത്ത സുബീര്‍ ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി പീഡിപ്പിച്ചു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും എതിർപ്പ് വകവയ്ക്കാതെ നിരവധി തവണയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
.ഇൻസ്‌പെക്ടർ നിസാർ, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്‌കുമാർ, സിപിഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.