Crime

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോസ്റ്റേസിയിലെ ഒരു വീട്ടിൽ പുരുഷനും സ്ത്രീയും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. നോർ‌വിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. അയൽക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള ഒരു പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും നോർഫോക്ക് പോലീസ് പറഞ്ഞു.

മരിച്ചവരിൽ മൂന്ന് പേർ വീട്ടിൽ താമസിക്കുന്നവർ തന്നെയാണെന്നും 36 കാരിയായ സ്ത്രീ ഇവരെ സന്ദർശിക്കാൻ എത്തിയതാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രദേശവാസികളിൽ വളരെ ഞെട്ടൽ ഉണ്ടാക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് സേന അറിയിച്ചു. നിലവിൽ പോലീസിൻെറ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

അതേസമയം സമീപത്തെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്ത കത്തിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറയുന്നു. നിലവിൽ അന്വേഷണം സംഭവം നടന്ന പ്രദേശത്തെ കേന്ദ്രികരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മെറ്റാവേഴ്സിൽ പതിനാറുകാരിയുടെ ‘ഡിജിറ്റൽ അവതാർ ‘ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയുള്ള ആദ്യത്തെ ലൈംഗിക പീഡന കേസാണിത്. ഓൺലൈൻ ഗെയിമിൽ പെൺകുട്ടി വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിമിൽ ആയിരുന്ന സമയത്ത്, പെൺകുട്ടിയുടെ ഡിജിറ്റൽ രൂപത്തെ ഓൺലൈൻ അപരിചിതർ പീഡിപ്പിച്ചുവെന്നാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശാരീരികമായ ആക്രമണം ഉണ്ടായിട്ടില്ലാത്തതിനാൽ കൗമാരക്കാരിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ യഥാർത്ഥ ലോകത്ത് ബലാത്സംഗത്തിന് ഇരയായ ഒരാളുടെ അതേ മാനസികവും വൈകാരികവുമായ ആഘാതം അവൾക്ക് അനുഭവപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുകെയിൽ ഇത് ആദ്യമായാണ് ഒരു വെർച്വൽ ലൈംഗിക കുറ്റകൃത്യം പോലീസ് അന്വേഷിക്കുന്നത്.


ഇത്തരത്തിൽ അപരിചിതരായ ആളുകളുടെ വെർച്വൽ ലൈംഗിക അതിക്രമം നടക്കുമ്പോൾ, കുട്ടി നിരവധി സഹ ഉപയോക്താക്കൾ ഉള്ള ഒരു ഓൺലൈൻ മുറിയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതിന്, വെർച്വൽ സ്‌പെയ്‌സുകളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നിയമനിർമ്മാണം അടിയന്തരമായി ഉണ്ടാകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത്തരത്തിലുള്ള വെർച്വൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ആകെയൊരു അനിശ്ചിതത്വമാണ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ നിയമനിർമ്മാണം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോൾവർ ഹാംപ്ടണിൽ 19 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 12 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു. ഷോൺ സീസഹായ്ക്ക് എന്ന പേരുകാരനായ വ്യക്തിയാണ് ഈസ്റ്റ് പാർക്കിലെ ലാബർണം റോഡിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലേയ്ക്ക് ആംബുലൻസ് എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണമടഞ്ഞിരുന്നു.


നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത രണ്ട് ആൺകുട്ടികൾക്ക് എതിരെ ഷോൺ സീസാഹായുടെ കൊലപാതകത്തിനും കത്തികൾ കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന ഈസ്റ്റ് പാർക്കിൽ പോലീസ് പട്രോളിങ് തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


യുകെയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് ഗൃഹ സന്ദർശനത്തിന് എത്തിയ നേഴ്സിനെ തടഞ്ഞുവച്ച് ബലാൽസംഗം ചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ തന്റെ ഭവനത്തിൽ സന്ദർശനത്തിന് എത്തിയ നേഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്കെത്തിയതായിരുന്നു നേഴ്സ്.

ഫോണിലൂടെ തികച്ചും കഠിനമായ രീതിയിൽ തന്നെ ബ്രിഡ്ജർ സംസാരിച്ചിട്ടും , ജോലിയുടെ ഭാഗമായാണ് നേഴ്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം നേഴ്സിനെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതി വാദം കേട്ടു.

താൻ അവിടെവച്ച് മരിച്ചു പോകുമെന്ന് പോലും നേഴ്സ് ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നേഴ്സ് മാനസികാരോഗ്യവുമായി മല്ലിടുകയും സഹപ്രവർത്തകരുടെ മുന്നിൽ നിരന്തരം പൊട്ടിത്തെറിക്കുകയും ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളെ ബലാത്സംഗം ചെയ്ത കൊടും കുറ്റവാളിയായ സ്റ്റീഫൻ പെന്നിംഗ്ടണിനായി പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും അപകട സാധ്യതയുള്ള കൊടും ക്രിമിനൽ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ തന്നെ 999, 01253604019 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected]. എന്ന ഇ മെയിലിലോ ബന്ധപ്പെടണം. 35 വയസ്സുകാരനായ സ്റ്റീഫൻ പെന്നിംഗ്ടണിനായി അടിയന്തിര തിരച്ചിൽ തുടരുകയാണെന്ന് ലങ്കാ ഷെയർ പോലീസ് അറിയിച്ചു. 2009 -ൽ ഒരു കുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഇയാൾ ജയിലിലായിരുന്നു. ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുകൾ ലംഘിച്ചതിന് കഴിഞ്ഞവർഷം ഇയാളെ വീണ്ടും ജയിലിൽ അടച്ചിരുന്നു.

വെളുത്ത് മെലിഞ്ഞ് 6 അടി ഉയരവും കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കേട്ടുകേൾവിയില്ലാത്ത മോഷണശ്രമത്തിനാണ് കഴിഞ്ഞദിവസം വെസ്റ്റ് മിഡ്ലാൻഡിലെ ഒരു കുടുംബം സാക്ഷ്യം വഹിച്ചത്. ആയുധധാരികളായ 6 പേരുടെ സംഘമാണ് കവർച്ചയ്ക്കായി ഒരു കുടുംബത്തിലേയ്ക്ക് ഇരച്ചു കയറിയത്. 11 വയസ്സുള്ള ആൺകുട്ടിയുടെ തലയിൽ തോക്കും 71 വയസ്സുകാരിയായ മുത്തശ്ശിയുടെ കഴുത്തിൽ കത്തിയും വച്ചാണ് മോഷ്ടാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സെപ്റ്റംബർ 18 നാണ് സംഭവങ്ങൾ അരങ്ങേറിയത്. 11 മിനിറ്റോളം നീണ്ട കവർച്ചാ ശ്രമത്തിനുശേഷം ഒരു റോളക്സ് വാച്ചും , കാറിൻറെ താക്കോലും മറ്റ് വിലകൂടിയ ആഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ഈ സംഘം തന്നെ ഡ്രൈവ്വേയിൽ ഒരു മെഴ്‌സിഡസും റേഞ്ച് റോവറും മോഷണം നടത്തിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തെ ഗുരുതരമായ മോഷണം എന്നാണ് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് വിശേഷിപ്പിച്ചത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതിനിടെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വെസ്റ്റ് മിഡ്ലാൻഡിലെ കുടുംബം 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. കവർച്ചക്കാർ കഴുത്തിന് കത്തി വച്ച് ഭീഷണിപ്പെടുത്തിയതിന് ഇരയായ 71 വയസ്സുകാരിയായ മുത്തശ്ശി ഇതുവരെ അതിൻറെ ആഘാതത്തിൽ നിന്ന് വിമുക്‌തയായിട്ടില്ല.

ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ധനഗ്നയായി ചോരയൊലിക്കുന്നനിലയിലാണ് 12 വയസ്സുകാരി തെരുവിലൂടെ നടന്നത്. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തെരുവിലൂടെ അലഞ്ഞുനടന്ന പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തില്‍ എത്തി. പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയശേഷം ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തില്‍ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യു കെയിൽ സെക്സ്റ്റിംഗ് കെണിയിൽ പെടുന്ന മലയാളി യുവാക്കളുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി സോമര്‍സെറ്റിലെ ടോണ്ടനില്‍ ഉള്ള യുവാവാണ് വെട്ടിലായത്. കുട്ടിപീഡകരെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയര്‍ ഗ്രൂപ്പിന്റെ ഒളി ക്യാമറ ഓപ്പറേഷനിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുന്നത്. മെസേജുകളിലൂടെ മനഃപ്പൂര്‍വം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ ആവശ്യപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകള്‍ പീഡക മനസുള്ളവരെ തേടിയെത്തുന്നത്. ഒടുവിലത്തെ നീക്കമായി പെൺകുട്ടിയെ കാണാൻ എത്തുന്ന ഇത്തരക്കാരെ കാത്തിരുന്നു കുടുക്കുകയാണ് സംഘം. തുടർന്ന് പോലീസിനടുത്തേക്കും എത്തും.

ഇക്കഴിഞ്ഞ 13 ന് ഒളിക്യാമറ സംഘത്തിന്റെ കെണിയില്‍ വീണ യുവാവ് 22 മിനിറ്റോളം സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലാണ്. യുകെയില്‍ എത്തി അധികമായിട്ടില്ലാത്ത യുവാവ് എന്‍എച്ച്എസില്‍ നേഴ്‌സായ യുവതിയുടെ ഭര്‍ത്താവാണ്.

ഇയാൾ നേ ഴ്സിങ് ഹോമില്‍ ജോലി ചെയ്യവേ മറ്റൊരു പരാതിയില്‍ ജോലി നഷ്ടപെട്ട ആളാണെന്നു പറയപ്പെടുന്നു. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ ഇയാളുടെ നീക്കങ്ങളെ പറ്റി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.

ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോർക്ക്: അയർലണ്ടിലെ കോർക്കിന് സമീപം മലയാളി യുവതി കുത്തേറ്റുമരിച്ചു. വിൽട്ടൻ കാർഡിനൽ കോർട്ടിലെ വസതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട്  സ്വദേശിനി ദീപ ദിനമണിയാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭർത്താവും തമ്മിൽ തർക്കുണ്ടായെന്നും ഇതിനെ തുടർന്നാണ് കടുംകൈ എന്നുമാണ് വിവരം.

രാത്രി 10 മണിക്ക് ശേഷമാണ് എമർജൻസി സർവീസിന് വിവരം കിട്ടിയത്. അവരെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി കോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള  ഒരുമകനുണ്ട്.

സാങ്കേതിക പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തു. പാതോളജിസ്റ്റിന്റെ ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോർക്ക് സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. 40 കാരനായ ഭർത്താവിനെ ടോഗാർ ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. വിവരം അറിഞ്ഞു എത്തിയ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് തടയുകയും ചെയ്തതായി വിവരം ഉണ്ട്.  ഈ കുടുംബം മലയാളികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.

യുവതിയും കുടുംബവും അയർലണ്ടിൽ ഒരുവർഷം മുമ്പാണ് എത്തിയത്.

യുകെയില്‍ അടുത്തിടെ നടന്ന സമാന സംഭവത്തില്‍ മലയാളി യുവതിയും രണ്ട് കുട്ടികളും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സാജു ചിറമേല്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആണ് ഇപ്പോള്‍ മറ്റൊരു കൊലപാതകം അയര്‍ലണ്ടില്‍ നടന്നിരിക്കുന്നത്. മലയാളി സമൂഹത്തെക്കുറിച്ചുള്ള സ്വദേശികളുടെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഈ  സംഭവം  ഇടവരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

RECENT POSTS
Copyright © . All rights reserved